തിരുവനന്തപുരം - സംസ്ഥാനത്തെ സർവകലാശാലകളിലെ ചാൻസലർ പദവിയിൽനിന്ന് ഗവർണറെ നീക്കിയുള്ള ഓർഡിനൻസ് രാജ്ഭവനിൽ എത്തി. ബുധനാഴ്ച മന്ത്രിസഭ അംഗീകരിച്ച ഓർഡിനൻസ് രണ്ടുദിവസത്തിന് ശേഷമാണ്, അംഗീകാരത്തിനായി ഇന്ന് ഗവർണർക്കു സമർപ്പിച്ചത്.
14 സർവ്വകലാശാലകളിലെയും ചാൻസലർ പദവിയിൽനിന്ന് ഗവർണറെ നീക്കിയുള്ളതാണ് ഓർഡിനൻസ്. പകരം അക്കാദമിക് രംഗത്ത് മികവു തെളിയിച്ചവരെ ചാൻസലർ ആയി നിയമിക്കുമെന്നാണ് വ്യവസ്ഥ.
അതേസമയം, ചാൻസലർ പദവിയിൽനിന്ന് തന്നെ നീക്കുന്ന ഓർഡിനൻസിൽ ഒപ്പിടില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നേരത്തെ പ്രതികരിച്ചിരുന്നു. ഓർഡിനൻസ് രാഷ്ട്രപതിക്കു റഫർ ചെയ്യുമെന്നാണ് ഗവർണർ അറിയിച്ചത്. അങ്ങനെയെങ്കിൽ രാഷ്ട്രപതിയുടെ അംഗീകാരത്തിന് കാലതാമസമെടുത്തേക്കും. ഈ സാഹചര്യത്തിൽ സർക്കാറിന് സഭയിൽ ബില്ല് അവതരിപ്പിക്കാനാവുമെന്നും ഇല്ലെന്നും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. എന്നാൽ, ഓർഡിനൻസ് ഗവർണർ പിടിച്ചുവെച്ചാലും ബിൽ കൊണ്ടുവരാൻ നിയമസഭക്ക് തടസ്സമില്ലെന്നാണ് നിയമന്ത്രി പി രാജീവ് വ്യക്തമാക്കിയത്.
ഓർഡിനൻസ് ഗവർണറുടെയോ രാഷ്ട്രപതിയുടെയോ പരിഗണനയിലിരിക്കുമ്പോഴും അതേ വിഷയത്തിൽ നിയമസഭയിൽ ബില്ല് കൊണ്ടുവരാവും. ബില്ല് കൊണ്ടുവരുന്നത് നിയമസഭയുടെ അവകാശമാണ്. ബില്ല് പരിഗണിച്ചുകൊണ്ടിരിക്കെ അതേ വിഷയത്തിൽ ഓർഡിനൻസ് ഇറക്കാൻ മാത്രമാണ് ഭരണഘടന പ്രകാരം തടസ്സമുള്ളത്, മറിച്ചല്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. എന്നാൽ ചാൻസർ പദവിയിൽനിന്ന് ഗവർണറെ നീക്കുന്ന നടപടിയോട് അനുകൂല നിലപാടല്ല പ്രതിപക്ഷത്തിനുള്ളത്.
ഇത് സർവ്വകലാശാലകളെ രാഷ്ട്രീയവത്കരിക്കാനാണ് സഹായിക്കുകയെന്നാണ് പ്രതിപക്ഷ വിമർശം. ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണർ മാറിനിൽക്കാമെന്ന് നാലുതവണ കത്ത് നൽകി. അയ്യോ സാറേ പോകല്ലേ എന്ന് പറഞ്ഞ് കാലുപിടിച്ചു. പിന്നെ ധാരണ ഒപ്പിട്ടു. ഗവർണർ പറഞ്ഞ പോലെ മുഖ്യമന്ത്രി കത്ത് എഴുതി കൊടുത്തു. എന്നിട്ട് ഇപ്പോൾ എന്തിനാണ് ഗവർണറെ ചാൻസലർ പദവിയിൽ നിന്നും മാറ്റുന്നതെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ചോദിച്ചത്. സർക്കാറിന്റെ പുതിയ നീക്കം സർവകലാശാലകളെ കമ്മ്യൂണിസ്റ്റ് വത്കരിക്കും. ഗവർണറും സർക്കാരും ചേർന്നാണ് യു.ജി.സി ചട്ടങ്ങൾ അട്ടിമറിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.