തിരുവനന്തപുരം - തിരുവനന്തപുരം നഗരസഭയിലെ കത്തു വിവാദത്തിൽ പോലീസിന് മൊഴി നല്കിയെങ്കിലും പുറത്തു പറയില്ലെന്ന് സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ. ഫോണിലൂടെയല്ല, ക്രൈംബ്രാഞ്ചിനു നേരിട്ടാണ് മൊഴി നല്കിയതെന്നു പറഞ്ഞ അദ്ദേഹം മൊഴിയുടെ വിശദാംശങ്ങൾ വെളിപ്പെടുത്താനാവില്ലെന്നും മാധ്യമങ്ങളോട് പ്രതികരിച്ചു.
കത്ത് വ്യാജമാണെന്നാണോ അറിയിച്ചതെന്ന ചോദ്യത്തിന് ആനാവൂർ മറുപടി നല്കിയില്ല. കത്ത് വിവാദത്തിൽ മേയർ ആര്യ രാജി വയ്‌ക്കേണ്ടതില്ലെന്ന നിലപാട് ആനാവൂർ ആവർത്തിച്ചു. വിവാദത്തിൽ പാർട്ടിതല അന്വേഷണം ഉടനുണ്ടാവും. പാർട്ടി ചർച്ച ചെയ്ത് ഇതിന്റെ വിശദാംശങ്ങൾ തീരുമാനിക്കും. നടപടി വേണോ എന്നതിൽ അന്വേഷണത്തിനു ശേഷമേ പറയാനാവൂ.
കത്ത് വ്യാജമെന്ന് മേയർ പറഞ്ഞിട്ടുണ്ട്. ഇതു സംബന്ധിച്ചു തനിക്കു പറയാനുള്ളത് ക്രൈംബ്രാഞ്ചിനെ അറിയിച്ചിട്ടുമുണ്ട്. അത് മാധ്യമങ്ങളോട് പറയാനാവില്ല. കത്തിന്റെ പേരിൽ പ്രതിപക്ഷം ജീവനക്കാരെ പോലും പ്രവേശിപ്പിക്കാതെ കോർപ്പറേഷനിൽ സമരം ചെയ്യുകയാണ്. ഇടതുപക്ഷം ഇതുപോലെ ഒരുകാലത്തും സമരം ചെയ്തിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വിവാദ കത്ത് കണ്ടില്ലെന്നാണ് ആനാവൂർ മൊഴി നൽകിയതെന്നാണ് വിവരം. മൊഴിയുടെ അടിസ്ഥാനത്തിൽ സംസ്ഥാന പോലീസ് മേധാവിക്ക് ക്രൈംബ്രാഞ്ച് ഉടൻ റിപ്പോർട്ട് സമർപ്പിക്കും. വ്യാജ കത്ത് നിർമിച്ചതിന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനാണ് സംഘത്തിന്റെ നീക്കം. ഇനി നഗരസഭ സ്റ്റാന്റിങ് കൗൺസിൽ ചെയർമാൻ ഡി.ആർ അനിലിന്റെ മൊഴി എടുക്കാനുണ്ട്. മേയറുടെ പേരിൽ പുറത്തുവന്ന ലെറ്റർ പാഡ് വ്യാജമെന്നാണ് ജീവനക്കാരുടെ മൊഴി.
തിരുവനന്തപുരം നഗരസഭയിലെ താൽകാലിക തസ്തികകളിൽ ഒഴിവുണ്ടെന്ന് ചൂണ്ടിക്കാട്ടി മേയർ ആര്യ രാജേന്ദ്രൻ സി.പി.എം ജില്ല സെക്രട്ടറിക്ക് അയച്ച കത്ത് പുറത്തായതാണ് വിവാദത്തിനിടയാക്കിയത്. പാർട്ടിക്കാരെ തിരുകിക്കയറ്റാനുള്ള ലിസ്റ്റാണ് മേയർ ചോദിച്ചതെന്നാണ് വിമർശം. 295 ഒഴിവുകൾ ഉണ്ടെന്ന് കാണിച്ച് മേയറുടെ ഔദ്യോഗിക ലെറ്റർ പാഡിലായിരുന്നു കത്ത്. ഇത് പാർട്ടിയെയും സർക്കാറിനെയും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. പാർട്ടിയിലെ വിഭാഗീയതയാണോ അതോ മറ്റു വല്ല താൽപര്യങ്ങളുമാണോ കത്തിന് പിന്നിലെന്ന് അന്വേഷണത്തിലൂടെ വ്യക്തമാകേണ്ടതാണ്.






