ശ്രീനഗര്‍- കുടുംബ സമേതം വിനോദയാത്രയ്ക്കായി കശ്മീരിലെത്തിയ തമിഴ് യുവാവ് ശ്രീനഗറില്‍ പ്രക്ഷോഭകരുടെ കല്ലേറില്‍ മരിച്ചു. മാതാപിതാക്കള്‍ക്കൊപ്പം ഗുല്‍മര്‍ഗിലേക്കു പോകവെയാണ് ഇവര്‍ സഞ്ചരിച്ച കാറിനു നേരെ ശ്രീനഗറിനടുത്ത നാര്‍ബലില്‍ പ്രക്ഷോഭകരുടെ കല്ലേറുണ്ടായത്. ചെന്നൈ സ്വദേശി ആര്‍ തിരുമണി (22) ആണ് മരിച്ചത്. സംഘര്‍ഷം രൂക്ഷമായ പ്രദേശങ്ങളില്‍ കല്ലേറു നടത്തുന്നവര്‍ ഇതു വഴി കടന്നു പോയ നിരവധി വാഹനങ്ങള്‍ക്കു നേരെ ആക്രമണം നടത്തിയതായി പോലീസ് പറഞ്ഞു.
തലയ്ക്കു ഗുരുതരമായി പരിക്കേറ്റ തിരുമണി ശ്രീനഗറിലെ ആശുപത്രിയില്‍ രാത്രി 8.30ഓടെയാണ് മരിച്ചത്. സംഘര്‍ഷ കണക്കിലെടുത്ത് ഇവര്‍ അതിരാവിലെ തന്നെ ഗുല്‍മര്‍ഗിലേക്ക് തിരിച്ചതായിരുന്നു. റോഡുകളില്‍ സുരക്ഷാ സൈന്യവും നിലയുറപ്പിച്ചുണ്ടായിരുന്നു. ഈ മാസം ഇതു രണ്ടാം തവണയാണ് ടൂറിസ്റ്റുകള്‍ക്കു നേരെ കല്ലേറുണ്ടാകുന്നത്. മേയ് ഒന്നിന് അനന്ത്നാഗിലെ ഐശ്മഖാമിലുണ്ടായ കല്ലേറില്‍ അഞ്ച് ടൂറിസ്റ്റുകള്‍ക്ക് പരിക്കേറ്റിരുന്നു.
സംഭവത്തെ തുടര്‍ന്ന് മുഖ്യമന്ത്രി മെഹബൂബ മുഫ്തി തിരുമണിയുടെ കുടുംബത്തെ സന്ദര്‍ശിച്ചു മാപ്പപേക്ഷിച്ചു. ഇതു കശമീരിനു നാണക്കേടാണെന്നും കുറ്റവാളികളെ രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലയും സംഭവത്തെ അപലപിച്ചിട്ടുണ്ട്.