മലപ്പുറം - പള്ളിയിൽ കയറി മദ്രസാധ്യാപകനെ മർദ്ദിച്ചതിനു കാരണം പ്രണയസംബന്ധമായ ക്ലാസെന്ന് പ്രതികളുടെ മൊഴി. തിരൂർ തൃപ്രങ്ങോട് പാലോത്തുപറമ്പ് ജുമാ മസ്ജിദിലെ ബാങ്ക് വിളിക്കുന്നയാളും മദ്‌റസാധ്യാപകനുമായ ഫൈസൽ റഹ്മാനെ ബുധനാഴ്ചയാണ് മൂന്നംഗ സംഘം ക്രൂരമായി മർദ്ദിച്ചത്.
മംഗലം മുട്ടനൂർ കുന്നത്ത് മുഹമ്മദ് ഷാമിൽ, മംഗലം കാവഞ്ചേരി മാത്തൂർ വീട്ടിൽ മുഹമ്മദ് ഷാമിൽ, കാവഞ്ചേരി പട്ടേങ്ങര ഖമറുദ്ധീൻ എന്നിവരെയാണ് തിരൂർ സി.ഐ ജിജോയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ബുധനാഴ്ച ഉച്ചയോടെ മൂവരും പള്ളിയിലെ താമസ മുറിയിലെത്തി, വല്യുമ്മാക്ക് സുഖമില്ലെന്നും പ്രാർത്ഥിക്കാൻ വരണമെന്നും പറഞ്ഞ് അധ്യാപകനെ ക്ഷണിക്കുകയായിരുന്നു. സംഘത്തിന്റെ പെരുമാറ്റത്തിൽ പന്തികേട് തോന്നി നടന്നുവരാമെന്ന് അറിയിച്ചതോടെ സംഘം ആക്രമിക്കുകയും കാറിൽ രക്ഷപ്പെടുകയുമായിരുന്ന. തുടർന്ന് പോലീസ് അന്വേഷണം ഊർജിതമാക്കുകയായിരുന്നു.
ആക്രമണത്തിന് കാരണമായത് അധ്യാപകന്റെ പ്രണയ ചതിക്കുഴികളെക്കുറിച്ചുള്ള ക്ലാസാണെന്നാണ് പ്രതികളുടെ മൊഴി. 20-കാരനായ കുന്നത്ത് മുട്ടനൂർ സ്വദേശി മുഹമ്മദ് ഷാമിലാണ് ആക്രമണം ആസൂത്രണം ചെയ്തതെന്ന് സി.ഐ ജിജോ പറഞ്ഞു. ബന്ധുവിന്റെ കാർ തരപ്പെടുത്തി സുഹൃത്തുക്കളേയും കൂട്ടി പള്ളിയിലെത്തി ആക്രമിക്കുകയായിരുന്നു. പ്രണയവുമായി ബന്ധപ്പെട്ട് അധ്യാപനായ ഫൈസൽ റഹ്മാൻ പത്താംതരത്തിൽ ക്ലാസെടുത്തിരുന്നുവത്രെ. ഈ ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥിനി മുഖേന വിവരം അറിഞ്ഞതോടെയാണ് സംഘം ആക്രമണം ആസൂത്രണം ചെയ്തതെന്നും പോലീസ് വ്യക്തമാക്കി. സംഘം യാത്രചെയ്ത കാർ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.






