ഒറ്റപ്പാലം- പാലപ്പുറത്ത് കവര്‍ച്ച തടയാന്‍ ശ്രമിച്ച വൃദ്ധദമ്പതികള്‍ക്ക് വെട്ടേറ്റു. മോഷ്ടാവ് അറസ്റ്റില്‍. പാലപ്പുറം മുണ്ടന്‍ഞാറ റോഡ് ആട്ടീരി വീട്ടില്‍ സുന്ദരേശന്‍(74), ഭാര്യ അംബികാദേവി(67) എന്നിവരാണ് ആക്രമിക്കപ്പെട്ടത്. ഇവരെ വെട്ടിയതിനു ശേഷം രക്ഷപ്പെട്ട പൊള്ളാച്ചി സ്വദേശി പൂച്ചാണ്ടി ഗോവിന്ദരാജി(50)നെ ഒറ്റപ്പാലം പോലീസ് മണിക്കൂറുകള്‍ക്കകം പിടികൂടി. ദമ്പതികളുടെ പക്കല്‍ നിന്ന് മോഷ്ടിച്ച ഒരു സ്വര്‍ണ്ണവളയും രണ്ട് മൊബൈല്‍ ഫോണുകളും ഇയാളില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
പുലര്‍ച്ചെയായിരുന്നു സംഭവം. ദമ്പതികള്‍ മാത്രം താമസിക്കുന്ന ഓടിട്ട വീടിന്റെ ഒന്നാം നിലയിലെ ഓടു പൊളിച്ചാണ് ഗോവിന്ദരാജ് അകത്തു കയറിയത്. അതിനു മുമ്പ് വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നു. താഴത്തെ നിലയിലാണ് ദമ്പതികള്‍ കിടന്നുറങ്ങിയിരുന്നത്. അവിടെയെത്തിയ മോഷ്ടാവ് അലമാര തുറക്കാന്‍ ശ്രമിക്കുമ്പോള്‍ ഉണര്‍ന്ന സുന്ദരേശന്‍ തടയാന്‍ ശ്രമിച്ചു. വീട്ടില്‍ നിന്നു തന്നെ എടുത്ത കൊടുവാള്‍ ഉപയോഗിച്ചാണ് ഇരുവരേയും വെട്ടിയത്. മൊബൈല്‍ ഫോണുകളും വളയും എടുത്ത് ആള്‍ രക്ഷപ്പെട്ടു. ബഹളം കേട്ടെത്തിയ നാട്ടുകാര്‍ രണ്ടു പേരേയും ആശുപത്രിയിലെത്തിച്ചു. സ്ഥലത്തെത്തിയ പോലീസ് പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ച് അക്രമിയെ തിരിച്ചറിഞ്ഞു. പ്രദേശത്ത് മുഴുവന്‍ തെരച്ചില്‍ നടത്തി. പഴയ ലക്കിടിയില്‍ വെച്ചാണ് ഗോവിന്ദരാജിനെ പിടികിട്ടിയത്. നേരത്തേ മോഷണക്കേസില്‍ അറസ്റ്റിലായി കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞിരുന്ന ഇയാള്‍ ഈ മാസം അഞ്ചിനാണ് ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്. കയ്യിലും നെറ്റിയിലും മുതുകത്തുമാണ് സുന്ദരേശന് വെട്ടേറ്റത്. മുഖത്തും വയറിലും പരിക്കേറ്റ അംബികാദേവിയെ ശസ്ത്രക്രിയക്ക് വിധേയയാക്കി. ഇരുവരും അപകടനില തരണം ചെയ്തിട്ടുണ്ട്.