Sorry, you need to enable JavaScript to visit this website.

ഹിമാചലില്‍ നാളെ വോട്ടെടുപ്പ്, കോണ്‍ഗ്രസ് ആവേശത്തില്‍

ഷിംല- ഹിമാചല്‍ പ്രദേശ് നാളെ പോളിംഗ് ബൂത്തില്‍. അടുത്ത കാലത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന മറ്റൊരു സംസ്ഥാനത്തും കാണാത്ത ആവേശമാണ് ഹിമാചലിലെ കോണ്‍ഗ്രസില്‍ കാണുന്നത്. ദേശീയ നേതാക്കളെ ഇറക്കി പ്രചാരണം നയിച്ച ബി.ജെ.പിയും സംസ്ഥാനത്തെ വിഷയങ്ങള്‍ സജീവ ചര്‍ച്ചയാക്കിയ കോണ്‍ഗ്രസും തിരഞ്ഞെടുപ്പ് രംഗം ചൂടുപിടിപ്പിച്ചു. ഭരണ വിരുദ്ധ വികാരമാണോ വൈകാരിക വിഷയങ്ങളാണോ നാളെ വോട്ടര്‍മാര്‍ പരിഗണിക്കുക എന്നതാണ് പ്രധാന വിഷയം. 55,92,828 വോട്ടര്‍മാര്‍ 7,881 പോളിംഗ് ബൂത്തുകളിലെത്തി നാളെ രാവിലെ മുതല്‍ വിധിയെഴുതും.
തൊഴിലില്ലായ്മ, പുതിയ പെന്‍ഷന്‍ പദ്ധതിയിലെ കുഴപ്പം, അഗ്‌നിപഥ് പദ്ധതി, ആപ്പിള്‍ കര്‍ഷകരുടെ പ്രതിസന്ധി തുടങ്ങിയ അടിസ്ഥാന ജനകീയ വിഷയങ്ങളെക്കുറിച്ച് വോട്ടര്‍മാരില്‍ ബോധമുണ്ടാക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസിന്റെ പൊതുയോഗങ്ങളില്‍ വലിയ ആള്‍ക്കൂട്ടമാണ് എത്തിയത്.
പ്രചാരണത്തിന് നേതൃത്വം നല്‍കിയ പ്രിയങ്ക ഗാന്ധിക്ക് കൂടുതല്‍ സ്ഥലങ്ങളില്‍ പ്രസംഗിക്കാമായിരുന്നുവെന്ന് സംസ്ഥാനത്തെ നേതാക്കള്‍ക്കിടയില്‍ തന്നെ അഭിപ്രായമുണ്ട്. രാഹുല്‍ ഗാന്ധി എത്തും എന്ന് പ്രതീക്ഷിച്ചുവെങ്കിലും അതുണ്ടാവാത്തത് പ്രവര്‍ത്തകരില്‍ നിരാശ സമ്മാനിക്കുകയും ചെയ്തു. രണ്ട് സംസ്ഥാനത്ത് മാത്രം അധികാരത്തലുള്ള കോണ്‍ഗ്രസിന് ഹിമാചലിലെ വിജയം സുപ്രധാനമാണ്.

 

Latest News