തിരുവനന്തപുരം- തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് വേതനം വൈകിയാല്‍ നഷ്ടപരിഹാരം നല്‍കാന്‍ ചട്ടം ഏര്‍പ്പെടുത്തുമെന്ന് തദ്ദേശഭരണ മന്ത്രി എം.ബി. രാജേഷ്. ജോലി പൂര്‍ത്തിയായി 15 ദിവസത്തിനുള്ളില്‍ വേതനം നല്‍കണം. അല്ലാത്ത പക്ഷം പതിനാറാം ദിവസം മുതല്‍ ലഭിക്കാനുള്ള വേതനത്തിന്റെ 0.05% വീതം ദിനംപ്രതി തൊഴിലാളിക്ക് നല്‍കാനാണ് വ്യവസ്ഥ ചെയ്തിരിക്കുന്നതെന്ന് മന്ത്രി അറിയിച്ചു.
പതിനഞ്ച് ദിവസംകൂടി കഴിഞ്ഞാല്‍ സമാനമായ രീതിയില്‍ നഷ്ടപരിഹാരത്തിന്റെ 0.05%വും ദിനംപ്രതി തൊഴിലാളിക്ക് ലഭിക്കും. സംസ്ഥാന തൊഴിലുറപ്പ് ഫണ്ടില്‍ നിന്നാണ് നഷ്ടപരിഹാര തുക അനുവദിക്കുന്നത്. വേതനം വൈകുന്നതിന് കാരണക്കാരായ ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍നിന്ന് ഈ തുക ഈടാക്കും. തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് സമയബന്ധിതമായും കൃത്യതയോടെയും വേതനം ഉറപ്പാക്കാനുള്ള സര്‍ക്കാര്‍ ഇടപെടലുകളുടെ ഭാഗമാണ് തീരുമാനമെന്ന് മന്ത്രി വ്യക്തമാക്കി.