Sorry, you need to enable JavaScript to visit this website.

'മഅ്ദനിയുടെ ജീവിതം ജയിലിൽ തന്നെ തീരണമെന്ന്' തീരുമാനിച്ചവരുടെ കാപട്യം തുറന്നുകാട്ടുമെന്ന് യൂത്ത് ലീഗ് നേതാവ്

- ഭരണകൂട വേട്ടയുടെ ഒറ്റപ്പദമാണ് മഅ്ദനിയെന്ന് യൂത്ത് ലീഗ് ദേശീയ ജനറൽസെക്രട്ടറി അഡ്വ. വി.കെ ഫൈസൽ ബാബു
കോഴിക്കോട് - പി.ഡി.പി ചെയർമാൻ അബ്ദുന്നാസർ മഅ്ദനിയെക്കുറിച്ചുളള തന്റെ പ്രസംഗത്തിലെ പരാമർശം ചിലർ വളച്ചൊടിച്ചതായി മുസ്‌ലിം യൂത്ത് ലീഗ് ദേശീയ ജനറൽസെക്രട്ടറി അഡ്വ. വി.കെ ഫൈസൽ ബാബു. മഅ്ദനിയുടെ 'ജീവിതം ജയിലിൽ തന്നെ തീരണം' എന്ന് തീരുമാനിച്ചവരാണ് പൊന്നാനിയിലെ വേദിയിലേക്ക് അദ്ദേഹത്തിന്റെ വീൽചെയർ ഉന്തിക്കയറ്റിയതെന്നും കിട്ടുന്ന വേദികളിലെല്ലാം ആ കാപട്യം ഇനിയും തുറന്നു കാട്ടുമെന്നും ഫൈസൽ ബാബു വ്യക്തമാക്കി.
 തന്നെ വഴിയിൽ തടയുമെന്നു പറഞ്ഞ പി.ഡി.പി സംസ്ഥാന സെക്രട്ടറിക്കും ഫൈസൽ ബാബു എഫ്.ബി കുറിപ്പിൽ അക്കമിട്ട് മറുപടി നിരത്തുന്നുണ്ട്. നല്ല തമാശയാണിത്. ഊക്കുള്ള കാലത്ത് നിങ്ങൾക്ക് പറ്റാത്ത കാര്യമാണത്.! തടയാൻ പറഞ്ഞ നേതാവിനറിയുമോ, നായനാർ ഭരണത്തിന്റെ നേട്ടത്തിന്റെ പി.ആർ.ഡി പട്ടികയിൽ ഒന്നാമിനം മഅ്ദനിയെ ജയിലിൽ അടച്ചതായിരുന്നുവെന്ന്? തന്റേടമുണ്ടായിരുന്നെങ്കിൽ മഅ്ദനിയെ കോയമ്പത്തൂർ സ്‌ഫോടനക്കേസിൽ തമിഴ്‌നാട് പോലീസിന് തന്ത്രപൂർവ്വം പിടിച്ചുകൊടുത്ത നായനാരെയാണ് നിങ്ങൾ തടയേണ്ടിയിരുന്നത്. 
സൂഫിയാ മഅ്ദനിയെ അറസ്റ്റ് ചെയ്യുക വഴി സി.പി.എം ഭരണത്തിന്റെ പ്രതിഛായ കൂടിയെന്ന് പറഞ്ഞ അന്നത്തെ മന്ത്രി ശ്രീമതി ടീച്ചറേയായിരുന്നു നിങ്ങൾ തടയേണ്ടിയിരുന്നത്. പിന്നെ തടയേണ്ടിയിരുന്നത്, ബംഗളൂരു സ്‌ഫോടനത്തിൽ പ്രതിചേർത്ത് മഅ്ദനിയെ രണ്ടാമതും പരപ്പന അഗ്രഹാര ജയിലിലേക്ക് പറഞ്ഞുവിട്ട അന്നത്തെ പോലീസ് മന്ത്രി കോടിയേരിയെയായിരുന്നു. ലീഗിനെ തകർക്കൽ ലക്ഷ്യമാകുമ്പോൾ, 'വേട്ടക്കാർക്കൊപ്പവും വേദി പങ്കിടുന്ന' ശരികേട് പോലും പി.ഡി.പിക്ക് ശരിയായിത്തോന്നുമെന്നും കുറിപ്പിൽ ഓർമിപ്പിക്കുന്നു.
  ഞാൻ പറഞ്ഞതിന് ഞാനറിയാത്ത നിറങ്ങൾ കൊടുത്ത്, അപവാദങ്ങളുടെ അഴുക്കുചാൽ തീർക്കുമ്പോൾ, സകല വാക്കുകളുടെയും അകംപൊരുളറിയുന്ന ദൈവമുണ്ടെന്ന ധൈര്യം തന്നെ ബലപ്പെടുത്തുന്നുണ്ട്. പ്രസംഗത്തിലെ ചില പ്രതീകാത്മക പരാമർശങ്ങളെ വിവാദമാക്കുന്നവരോട് ഉറച്ച സ്വരത്തിൽ ഒന്നുപറയുന്നു: മഅ്ദനി സ്വീകരിച്ച ശൈലിയോട് അന്നുമിന്നും വിയോജിപ്പുണ്ട്. മഅ്ദനിക്ക് ന്യായമായ വിചാരണയും, നീതിയും ലഭിച്ചില്ല എന്നാണ് എന്റെയും ബോധ്യം. അടിസ്ഥാന മനുഷ്യാവകാശങ്ങൾ പോലും നിഷേധിക്കപ്പെട്ടു. ഭരണകൂട വേട്ടയുടെ ഒറ്റപ്പദമാണ് മഅ്ദനിയെന്ന് ഉറച്ച ബോധ്യമുള്ളതിനാലാണ് യൂത്ത് ലീഗ് ദേശീയ സാരഥിയായപ്പോൾ മഅ്ദനിയെ കാണാനാഗ്രഹിച്ചതെന്നും കുറിപ്പിൽ വിശദീകരിച്ചു. 
 മലപ്പുറം ചെമ്മാട് നടന്ന മുസ്‌ലിം ലീഗ് പൊതുസമ്മേളനത്തിലെ ഫൈസൽബാബുവിന്റെ ചില പരാമർശങ്ങൾ വിവാദമായിരുന്നു. 'ബെംഗളൂരുവിൽ നിങ്ങൾക്കാ മനുഷ്യനെ കാണാം. കരിമ്പൂച്ചയില്ല, ഒരകമ്പടിയുമില്ല. വലത്തും ഇടത്തും തന്റെ പ്രിയപ്പെട്ട മക്കൾ മാത്രം. ഭാര്യ പോലും ഒരു ഘട്ടത്തിൽ ഇറങ്ങിപ്പോയി. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ക്ഷയരോഗത്തെ കുറിച്ച് ഒട്ടിച്ച പോസ്റ്ററിൽ കാണുന്ന ചിത്രത്തിലേത് പോലെയാണ് മഅ്ദനിയുടെ അവസ്ഥ. ഞങ്ങളിത് സെലിബ്രേറ്റ് ചെയ്യുകയില്ലെന്നും അതിന് സമാനമായി ബെംഗളൂരുവിലെ സൗഖ്യ ആശുപത്രിയിൽ കഴിയുകയാണ് ആ മനുഷ്യൻ,' എന്നായിരുന്നു പ്രസംഗം. സൂഫിയ മഅ്ദനി ലീഗിനെ തോൽപ്പിക്കാനായി കൈരളി ചാനലിലെ ടോക്ക് ഷോയ്ക്ക് നിന്ന് കൊടുത്തു. തന്റെ ഭര്ത്താവിന്റെ ദുര്യോഗത്തെ ലീഗിനെ ഇല്ലാതാക്കാൻ ഉപയോഗിക്കാമോ എന്നാണ് സഹധർമ്മിണി പോലും ചിന്തിച്ചതെന്നും പ്രസംഗത്തിൽ കുറ്റപ്പെടുത്തിയിരുന്നു. ഇതിനെതിരെ പി.ഡിപി അടക്കം ചിലർ രംഗത്തുവന്നിരുന്നു.

കുറിപ്പിന്റെ പൂർണരൂപം താഴെ: 
അബ്ദുന്നാസർ മഅദനി...
സംഘപരിവാർ ഫാഷിസത്തിനെതിരെ തുടങ്ങിയതാണ് മഅ്ദനിയുടെ രാഷ്ട്രീയം. പിന്നീടത്, മുസ്ലിംലീഗിനെ ആക്രമിച്ചു കീഴ്‌പ്പെടുത്തുക എന്ന ഏക ലക്ഷ്യത്തിൽ മാത്രമായി ഒതുങ്ങി. ലീഗിനെ തകർക്കാനുള്ള ആയുധമായി ചിലർ മഅദനിയെ ഉപയോഗിക്കുകയും ചെയ്തു. ഒന്നര മാസം മുമ്പ് പാർട്ടി സമ്മേളന വേദിയിലെ  പ്രസംഗമാണ് ഈയിടെ ചില തൽപര കക്ഷികൾ വിവാദമാക്കിയത്.
 ആരാണ് മഅദനിയെ മിസ്‌ലീഡ് ചെയ്തത്? മുഖ്യധാരാ മുസ്ലിം സംഘടനകൾ 'ഫാഷിസത്തിനെതിരെ..' എന്ന് പറയുന്ന അതേ ഊക്കിൽ 'തീവ്രവാദത്തിനെതിരെ..' എന്നും ചേർത്ത് പറയേണ്ടി വന്ന പ്രതിസന്ധിയുടെ കാലമായിരുന്നു അക്കാലം. തന്റെ ആശയം ശരിയായിരുന്നില്ല എന്ന് സ്വയം തോന്നിയത് കൊണ്ടല്ലേ ബാബരി മസ്ജിദ് തകർക്കപ്പെട്ട നാളിൽ മഅദനി തന്നെ ഐ.എസ്.എസ് പിരിച്ചുവിട്ടത്. 
പക്ഷേ, അപ്പോഴേക്കും രണ്ട് കാര്യങ്ങൾ സംഭവിച്ചിരുന്നു. ഒന്ന്; ഭീകരതാ മുദ്രകുത്തി മുസ്ലിം ചെറുപ്പത്തെ പോലീസിന് വേട്ടയാടാനുള്ള അവസരം കൊടുത്തു. രണ്ട്; ഹിന്ദു പൊതുമനസ്സിൽ ആർഎസ്എസ് പാട്‌പെട്ട് സൃഷ്ടിക്കാൻ ശ്രമിച്ച മുസ്ലിം പേടിയെ എളുപ്പമാക്കാൻ സഹായിച്ചു. 
ബുള്ളറ്റ് മോട്ടോർ സൈക്കിളിൽ മസില് പെരുപ്പിച്ച കരിമ്പൂച്ചകളുടെ അകമ്പടിയോടെ ആരവം മുഴക്കിയ മഅദനിയുടെ ദയനീയ പരിണാമത്തെ തീർത്തും രാഷ്ട്രീയമായിട്ടാണ് വിശകലനം ചെയ്തത്. ആ പ്രസംഗത്തിലെ ചില പ്രതീകാത്മക പരാമർശങ്ങളെ വിവാദമാക്കുന്നവരോട് ഉറച്ച സ്വരത്തിൽ ഒന്നേ പറയാനുള്ളൂ; മഅ്ദനി സ്വീകരിച്ചിരുന്ന ശൈലിയോട് കടുത്ത വിയോജിപ്പുണ്ട്, അന്നുമിന്നും. അത് സാമൂഹികാന്തരീക്ഷത്തിൽ അനാരോഗ്യപരമായ പ്രവണതകൾക്ക് കാരണമായിട്ടുണ്ട് എന്നുറച്ച് വിശ്വസിക്കുന്ന ആളാണ് ഞാൻ. എന്നാൽ ഞാൻ നടത്തിയ പരാമർശം ഒട്ടുമേ വ്യക്തിപരമല്ല. മഅ്ദനിക്ക് ന്യായമായ വിചാരണയും, നീതിയും ലഭിച്ചില്ല എന്നാണെന്റെയും ബോധ്യം. അടിസ്ഥാന മനുഷ്യാവകാശങ്ങൾ പോലും അദ്ദേഹത്തിന് നിഷേധിക്കപ്പെട്ടു. ഭരണകൂട വേട്ടയുടെ ഒറ്റപ്പദമാണ് മഅദനി. ആ ഉറച്ച ബോധ്യമുള്ളത് കൊണ്ടാണ് മുസ്ലിം യൂത്ത് ലീഗ് ദേശീയ ഉപാദ്ധ്യക്ഷനായപ്പോൾ അദ്ദേഹത്തെ കാണാനാഗ്രഹിച്ചത്. 
പോകരുതെന്ന് പലരും ഉപദേശിച്ചപ്പോഴും പോലീസിന്റെ നോട്ടപ്പുള്ളിയാകുമെന്ന് പലരും പറഞ്ഞപ്പോഴും പോകാൻ തന്നെയാണ് തീരുമാനിച്ചത്. അന്ന്, ഒരു വെള്ളിയാഴ്ച പകൽ നേരം, ബംഗ്ലൂരു നഗരത്തിരക്കിലെ സൗഖ്യാ ആശുപത്രിയിലെത്തി. കാഴ്ച മങ്ങി, കറുത്ത കണ്ണട ധരിച്ച് മഅദനി മുറിയിലുണ്ട്. ഹ്രസ്വ സമയത്തെ കൂടിക്കാഴ്ച. കെഎംസിസിയുടെ നൗഷാദ്ക്ക ഒപ്പമുണ്ടായിരുന്നു. ജുമുഅയോടടുക്കുന്ന നേരം, അദ്ദേഹം ഖുർആൻ പാരായണത്തിലാണ്. അടുത്ത് ചെന്ന് കൈകൾ ചേർത്തുപിടിച്ചു. ഇടതൂർന്ന കറുത്ത താടിയിൽ മുഴുക്കെ നര പടർന്നിട്ടുണ്ട്. അരക്കു താഴെ ചലിക്കാൻ പറ്റാതെ കിടക്കയിൽ ഇരിക്കുകയാണ്. 
പ്രാർത്ഥനയോടെ തിരിച്ചിറങ്ങിയപ്പോൾ, ഞാൻ കണ്ട മഅ്ദനിയുടെ നേർചിത്രം മനസ്സിൽ വല്ലാത്ത വേദനയുടെ തീ കോരിയിട്ടു. 
ആരാണീ മനുഷ്യൻ? 
ഷാബാനു, ബാബരി, മുംബൈ കലാപ നാളുകളിൽ മുസ്ലിം മനസ്സിന്റെ സങ്കടങ്ങളെ കൊടുങ്കാറ്റാക്കി പരിവർത്തിപ്പിച്ച പ്രോജ്ജ്വല പ്രഭാഷകൻ. വേദികളിൽനിന്ന് വേദികളിലേക്ക് ഇടിമുഴക്കമായി പടർന്ന നേതാവ്. ആ മനുഷ്യൻ, ഒരു ക്ഷയരോഗിക്ക് സമാനം വിഷമിച്ച് ഈ നഗരത്തെരുവിലുള്ള ആശുപത്രിയിലെ ഒറ്റമുറിയിലേക്ക് ഒതുക്കപ്പെട്ടിരിക്കുന്നു. ശരിക്കും ആരാണിതിലെ പ്രതികൾ? ആരൊക്കെയാണ് ലാഭം കൊയ്തത്.? കൂടെ നിഴലായി നിന്നവർ പോലും അദ്ദേഹത്തെ പല രീതിയിൽ ഒറ്റുകയായിരുന്നില്ലേ? ആലോചനയിൽ അനേകം ചോദ്യങ്ങളുയർന്നു വന്നു. ഒരിക്കൽ, കർണ്ണാടക സംസ്ഥാനത്തെ ഉന്നത വൃത്തങ്ങളിൽ നിന്നുള്ള സൂചന പ്രകാരം മഅദനിക്ക് എന്നെന്നേക്കുമായി രക്ഷപ്പെടാനുള്ള കളമൊരുങ്ങിയിരുന്നു. അന്നദ്ദേഹം പുറത്ത് വന്നാൽ തങ്ങളുടെ കൂട്ടുകച്ചവടം നടക്കില്ലെന്ന് കരുതി കൂടെയുള്ളവർ മുടക്കിയതിന്റെ വിശദാംശങ്ങൾ എന്റെ കൈയ്യിലുണ്ട്. 
പിഡിപി എന്ന പാർട്ടി, മഅ്ദനിയുടെ മുഖ്യശത്രുവായി അദ്ദേഹത്തെ പിന്തുടരുകയാണ്. എന്നെ വഴിയിൽ തടയുമെന്നാണ് പിഡിപിയുടെ സംസ്ഥാന സെക്രട്ടറി പറയുന്നത്. നല്ല തമാശ. ഊക്കുള്ള കാലത്ത് നിങ്ങൾക്ക് പറ്റാത്ത കാര്യമാണത്.! തടയാൻ പറഞ്ഞ നേതാവിനറിയുമോ, നായനാർ ഭരണത്തിന്റെ നേട്ടത്തിന്റെ പിആർഡി പട്ടികയിൽ ഒന്നാമിനം മഅ്ദനിയെ ജയിലിൽ അടച്ചതായിരുന്നു എന്ന്? തന്റേടമുണ്ടായിരുന്നെങ്കിൽ മഅദനിയെ കോയമ്പത്തൂർ സ്‌ഫോടനക്കേസിൽ തമിഴ്‌നാട് പോലീസിന് തന്ത്രപൂർവ്വം പിടിച്ച് കൊടുത്ത നായനാരെയാണ് തടയേണ്ടിയിരുന്നത്. സൂഫിയാ മഅ്ദനിയെ അറസ്റ്റ് ചെയ്യുക വഴി സിപിഎം ഭരണത്തിന്റെ പ്രതിഛായ കൂടിയെന്ന് പറഞ്ഞ മന്ത്രി ശ്രീമതി ടീച്ചറേയായിരുന്നു നിങ്ങൾ തടയേണ്ടിയിരുന്നത്. പിന്നെ തടയേണ്ടിയിരുന്നത്, ബംഗളൂരു സ്‌ഫോടനത്തിൽ പ്രതിചേർത്ത് മഅ്ദനിയെ രണ്ടാമതും പരപ്പന അഗ്രഹാര ജയിലിലേക്ക് പറഞ്ഞുവിട്ട അന്നത്തെ പോലീസ് മന്ത്രി കൊടിയേരിയെയായിരുന്നു. 
 മഅദനിയുടെ 'ജീവിതം ജയിലിൽ തീരണം' എന്ന് തീരുമാനിച്ചവർ തന്നെയാണ് പൊന്നാനിയിലെ വേദിയിലേക്ക് അദ്ദേഹത്തിന്റെ വീൽചെയർ ഉന്തിക്കയറ്റിയതും. കിട്ടുന്ന വേദികളിൽ ആ കാപട്യം ഇനിയും തുറന്ന് കാട്ടും. ലീഗിനെ തകർക്കൽ ലക്ഷ്യമാകുമ്പോൾ, 'വേട്ടക്കാർക്കൊപ്പവും വേദി പങ്കിടുന്ന' ശരികേട് പോലും പിഡിപിക്ക് ശരിയായിത്തോന്നും. ഞാൻ പറഞ്ഞതിന് ഞാനറിയാത്ത നിറങ്ങൾ കൊടുത്ത്, അപവാദങ്ങളുടെ അഴുക്ക്ചാൽ തീർക്കുമ്പോൾ; സകല വാക്കുകളുടെയും അകംപൊരുളറിയുന്ന ദൈവമുണ്ടെന്ന ധൈര്യം എന്നെ ബലപ്പെടുത്തുന്നുണ്ട്.
 ക്ഷയരോഗം എന്ന ഉപമയാണ് തെറ്റിദ്ധരിപ്പിക്കാനായവർ ഉപയോഗിച്ചത്. ആരോഗ്യവാനായ ഒരു ചെറുപ്പക്കാരൻ വേച്ച് വേച്ച് നടന്നു വരുമ്പോൾ, നീയെന്താ വാർദ്ധക്യം ബാധിച്ചവരെ പോലെ എന്ന് ചോദിക്കില്ലേ. അതൊരിക്കലും വാർദ്ധക്യത്തെ അധിക്ഷേപിക്കലല്ലല്ലോ. പനി പിടിച്ചപോലെ, കണ്ണു കാണാത്തവരെപ്പോലെ എന്നൊക്കെ പറയുമ്പോഴും അന്ധതയെ, പനിയെ പരിഹസിച്ചു എന്നാരും പറയാറില്ലല്ലോ. 
ഒരവസ്ഥയെ പറയാൻ മനുഷ്യമനസ്സിലേക്ക് പെട്ടെന്ന് കയറുന്ന ഉദാഹരണങ്ങൾ പറയുന്നത് പതിവല്ലേ. അത്തരത്തിൽ കയറി വന്നൊരു പ്രയോഗം മാത്രമായിരുന്നു അത്. രാഷ്ട്രീയമായ 'ശോഷണം' പിഡിപിക്ക് സംഭവിച്ചതും അടിവരയിടുകയായിരുന്നു ഞാൻ.  എന്റെ 'കടുത്തശൈലി'യെ പ്രശ്‌നമാക്കുന്നവരേ, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ 'സൗമ്യശൈലി'യെയും നിങ്ങൾ വെറുതെ വിട്ടിരുന്നോ?  
'ആത്മസംയമനത്തിന്റെ താരാട്ടു പാട്ടുകാരൻ' എന്നായിരുന്നു തങ്ങളെ നിങ്ങൾ പരിഹസിച്ചത്. വാക്കിന്റെ വാൾത്തലപ്പിൽ ലീഗ് നേതാക്കളുടെ അഭിമാനത്തെ അരിഞ്ഞ് വീഴ്ത്തലായിരുന്നു പിഡിപി നേതാക്കളുടെ വിനോദം. തന്റെ ഭർത്താവിന്റെ ദുര്യോഗം പറഞ്ഞപ്പോഴെല്ലാം മുസ്ലിം ലീഗിനെ ഒന്ന് കൊട്ടാൻ മറക്കാത്ത സൂഫിയാ മഅ്ദനിയെ ഞാൻ വിമർശിക്കാറുണ്ട്. അവരാ നിലപാട് തുടർന്നാൽ ഇനിയും രൂക്ഷമായിത്തന്നെ എതിരിടും. തെരഞ്ഞെടുപ്പിന്റെ തലേന്നാളുകളിൽ സൂഫിയ ലീഗിനെതിരെ പറഞ്ഞതിന്റെ 'ബ്രേക്കിംഗ്' അടിക്കലായിരുന്നു 'കൈരളി' ചാനലിന്റെ പണി. 
 പ്രിയപ്പെട്ട മഅ്ദനി, അങ്ങ് ഈ കുറിപ്പ് വായിക്കുന്നെങ്കിൽ ഹൃദയം തൊട്ട് പറയട്ടെ; വേദനിപ്പിക്കാനും പരിഹസിക്കാനും ബോധപൂർവ്വം ഉദ്ദേശിച്ച് ഒരു വാക്കും ഞാൻ പറഞ്ഞിട്ടില്ല. അങ്ങയുടെ പ്രയാസങ്ങളെ പ്രസംഗത്തിൽ ചിത്രീകരിച്ചപ്പോൾ ഞാനറിയാത്ത മാനങ്ങൾ ഉണ്ടായതാണ്, പലരും അങ്ങനെ ഉണ്ടാക്കിയതാണ്. അങ്ങ്, പൂർണ്ണ ആരോഗ്യവാനായി തിരിച്ച് വരട്ടെയെന്ന പ്രതീക്ഷ പ്രാർത്ഥനയോടെ പങ്കുവെക്കുകയാണ്.ലീഗുകാർക്ക് ഭാഷയും വ്യാകരണവും പഠിപ്പിക്കുന്നവർ, അവരവരുടെ പണി തുടരട്ടെ. ഞങ്ങൾക്കെതിരെ ഏച്ചു കെട്ടിപ്പറഞ്ഞും എതിരിട്ടും നിങ്ങളെല്ലൊം തീർത്ത പ്രതിസന്ധിയുടെ ഏഴ് കടലുകളും കടന്ന് ഏഴരപതിറ്റാണ്ടായി ഈ മണ്ണിൽ ഞങ്ങളുണ്ട്. നിലപാടുകളിൽ ഉറച്ച് ഇനിയും മുന്നോട്ട് തന്നെ.
- വികെ ഫൈസൽ ബാബു
 

Latest News