പീഡന പരാതി: മലയാളി ദന്ത ഡോക്ടര്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

കാസര്‍കോട്-ചികിത്സക്കെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയ കേസില്‍ പ്രതിയായ ബദിയടുക്കയിലെ ദന്തഡോക്ടറെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബദിയടുക്കയിലെ സ്വകാര്യ ക്ലിനിക്കില്‍ ദന്തഡോക്ടറായ കൃഷ്ണമൂര്‍ത്തിയെ(52) ആണ്  കര്‍ണാടകയിലെ കുന്താപുരത്ത്  ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്.  കഴിഞ്ഞ ദിവസം  ബദിയടുക്കയിലെ ക്ലിനിക്കില്‍ ചികിത്സക്കെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ കൃഷ്ണമൂര്‍ത്തിക്കെതിരെ പോലീസ് കേസെടുത്തിരുന്നു.
മൃതദേഹം കുന്തപുരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോര്‍ട്ടത്തിനായി കെ. എം സി ആശുപത്രിയിലേക്ക് മാറ്റി.
ബദിയടുക്ക പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന 32കാരിയാണ് കൃഷ്ണമൂര്‍ത്തിക്കെതിരെ പരാതി നല്‍കിയിരുന്നത്. മുമ്പ് ഇതേ ക്ലിനിക്കില്‍ വന്നിരുന്ന യുവതി രണ്ടാംദിവസവും വന്നപ്പോഴാണ് ഡോക്ടര്‍ അപമര്യാദയായി പെരുമാറിയതെന്ന് പരാതിയില്‍ പറയുന്നു. യുവതിയുടെ ബന്ധുക്കളായ ഒരു സംഘം ക്ലിനിക്കിലെത്തി ഡോക്ടറെ ഭീഷണിപ്പെടുത്തുകയും ക്ഷമാപണം നടത്താന്‍ ആവശ്യപ്പെടുകയും ചെയ്തു. തിരിച്ചുപോയ സംഘം അരമണിക്കൂര്‍ കഴിഞ്ഞ് വീണ്ടും ക്ലിനിക്കില്‍ വരികയും പോലീസില്‍ പരാതി നല്‍കുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ഇതിനിടെ ഡോക്ടര്‍ ക്ലിനിക്കിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കില്‍ കയറി ഓടിച്ചുപോയി. ഈ ബൈക്ക് പിന്നീട്  വൈകിട്ട് കുമ്പള ടൗണില്‍ നിര്‍ത്തിയിട്ടതായി കണ്ടെത്തി. യുവതിയുടെ പരാതിയില്‍ അപമര്യാദയായി പെരുമാറിയതിനും മാനഹാനിക്കും പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെ  ഡോക്ടറെ കാണാനില്ലെന്ന പരാതിയുമായി ഭാര്യ ബദിയടുക്ക പോലീസ് സ്‌റ്റേഷനിലെത്തി. ഇതേ തുടര്‍ന്ന് പോലീസ് ആ പരാതിയിലും കേസെടുത്തു. ഡോക്ടറെ കണ്ടെത്താന്‍ പോലീസ് അന്വേഷണം നടത്തി വരവയാണ് മരണവാര്‍ത്ത പുറത്തുവരുന്നത്.
അതിനിടെ ബദിയടുക്കയിലെ ക്ലിനിക്കിന് മുന്നില്‍ ഇന്നലെ രാവിലെ ഡെന്റല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ സമരം സംഘടിപ്പിച്ചിരുന്നു. ഡോക്ടര്‍മാര്‍ക്കെതിരെയുള്ള അക്രമം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു
സമരം.

ഡോ. കൃഷ്ണ മൂര്‍ത്തിയുടെ മരണം:
ഭീഷണിപ്പെടുത്തിയ അഞ്ചുപേര്‍ കസ്റ്റഡിയില്‍

കാസര്‍കോട് : ബദിയടുക്കയിലെ  ദന്തഡോക്ടര്‍ കൃഷ്ണമൂര്‍ത്തി കുന്താപുരത്ത്  ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ക്ലിനിക്കല്‍ കയറി  ഡോക്ടറെ ഭീഷണിപ്പെടുത്തിയ  അഞ്ചു പേരെ ബദിയടുക്ക പോലീസ് കസ്റ്റഡിയില്‍ എടുത്തു.
പീഡന പരാതി നല്‍കിയ യുവതിയുടെ സഹോദരന്‍, നാസര്‍, ഫാറൂഖ്, അലി തുപ്പക്കല്‍, ഹാഷിം എന്നിവരെയാണ്  പോലീസ് കസ്റ്റഡിയില്‍ എടുത്തത്. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് എസ്. ഐ കെ. പി വിനോദ് കുമാര്‍ പറഞ്ഞു. റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഡോക്ടറെ മകള്‍ എത്തിയാണ്  തിരിച്ചറിഞ്ഞത്. മൃതദേഹം ചിന്നഭിന്നമായ നിലയിലായിരുന്നു. അതിനിടെ  വ്യാജ പരാതി നല്‍കി ഡോക്ടറെ കള്ളക്കേസില്‍ കുടുക്കിയതാണെന്ന് ആരോപിച്ച്  ഡോക്ടറുടെ നാട്ടുകാരും ബിജെപി പ്രവര്‍ത്തകരും ഇന്നലെ ബദിയടുക്ക പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.

 

 

Latest News