Sorry, you need to enable JavaScript to visit this website.

അന്വേഷണം സത്യം കുഴിച്ചുമൂടാനോ?

ഇതിനു മുമ്പ് ഏതെങ്കിലുമൊരു കേസിൽ കൃത്യമായ അന്വേഷണം നടന്നിരുന്നെങ്കിൽ മേയർ മുമ്പേ രാജിവെക്കേണ്ടി വരുമായിരുന്നു. ഇപ്പോൾ അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും മേയറുടെ രാജിയിലേക്ക് കാര്യങ്ങൾ ചെന്നെത്താനുള്ള സാധ്യത കുറവാണ്. മേയറും തുടരും അഴിമതിയും തുടരും എന്ന നിലയിലാണ് കാര്യങ്ങളുടെ പോക്ക്.

ദുരൂഹതകൾ നീക്കാനും വസ്തുത പുറത്തു കൊണ്ടുവരാനും സത്യം തെളിയിക്കാനുമൊക്കെയാണ് സാധാരണ ഗതിയിയിൽ ഏതൊരു അന്വേഷണം കൊണ്ടും ഉദ്ദേശിക്കുന്നത്. എന്നാൽ തിരുവനന്തപുരം കോർപറേഷനിൽ അതങ്ങനെയല്ല. സത്യം ഒരിക്കലും പുറത്തു വരാത്ത വിധം കുഴിച്ചുമൂടാനും അഴിമതിക്കാരെ സംരക്ഷിക്കാനുമൊക്കെയാണ്. നഗരസഭയെയും സംസ്ഥാന സർക്കാരിനെയും കടുത്ത പ്രതിരോധത്തിലാക്കിയ കത്ത് വിവാദത്തിൽ അന്വേഷണത്തിന്റെ തുടക്കത്തിലെ പോക്ക് കണ്ടിട്ട് കാര്യം വ്യക്തമാണ്. ഇലക്കും മുള്ളിനും കേടുവരാതെ പാർട്ടിക്കോ മേയർക്കോ ഒരു കുഴപ്പവും വരുത്താതെയാവും അന്വേഷണ റിപ്പോർട്ട്. 2020 ലെ തദ്ദേശ തെരഞ്ഞെടുപ്പിനു ശേഷം തിരുവനന്തപുരം നഗരസഭ രാജ്യത്ത് ശ്രദ്ധിക്കപ്പെട്ടത് മേയറെ തെരഞ്ഞെടുത്തപ്പോഴാണ്. കഷ്ടിച്ച് 21 വയസ്സ് മാത്രം പ്രായമുള്ള ആര്യ രാജേന്ദ്രൻ മേയർ ആവുന്നു. രാജ്യത്തു തന്നെ ഏറ്റവും പ്രായം കുറഞ്ഞ മേയർ, അതും ഒരു വനിത എന്ന നിലയിൽ ഖ്യാതി പരക്കുന്നു.
എന്നാൽ തിരുവനന്തപുരം നഗരസഭ കണ്ട ഏറ്റവും അഴിമതി നിറഞ്ഞ കാലഘട്ടമായിരുന്നു ഈ കുഞ്ഞുമേയറുടെ ഭരണകാലം എന്നതാണ് വസ്തുത. കഷ്ടിച്ച് രണ്ടര വർഷത്തിനുള്ളിൽ ഒരു ഡസനിലേറെ അഴിമതികളാണ് മേയർക്കും ഭരണ സംവിധാനത്തിനും എതിരെ ഉയർന്നത്. കോവിഡ് കാലത്ത് ആറ്റുകാൽ പൊങ്കാല നടക്കാതിരുന്നിട്ടും പൊങ്കാലക്കു ശേഷം മാലിന്യം നീക്കാൻ ടിപ്പർ വാടകക്ക് വിളിച്ചതിലെ ലക്ഷങ്ങളുടെ അഴിമതിയിൽ തുടങ്ങി പട്ടികജാതിക്കാർക്ക് കിട്ടേണ്ട സർക്കാർ ഗ്രാന്റ് അടിച്ചുമാറ്റിയതു വരെ അഴിമതികളുടെ പരമ്പര. അതിൽ ഏറ്റവും ഒടുവിലത്തേതും ഏറ്റവും ഗുരുതരവുമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്ന കത്ത് വിവാദം.


നഗരസഭക്കു കീഴിൽ ആരോഗ്യ മേഖലയിൽ ഒഴിവു വരുന്ന 295 താൽക്കാലിക തസ്തികകളിൽ നിയമനം നടത്തുന്നതിന് പാർട്ടിക്കാരുടെ മുൻഗണന ലിസ്റ്റ് നൽകണമെന്നഭ്യർഥിച്ചുകൊണ്ട് സി.പി.എം തിരുവനന്തപുരം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പന് മേയറുടെ ലെറ്റർ പാഡിൽ അയച്ചുവെന്ന് പറയുന്ന കത്താണ് വിവാദത്തിനാധാരം. സി.പി.എം നേതാക്കൾ ഉൾപ്പെടുന്ന വാട്‌സാപ് ഗ്രൂപ്പിൽ ആദ്യമെത്തിയ കത്ത് മാധ്യമങ്ങൾ വാർത്തയാക്കിയതോടെയാണ് വിവാദമായത്. ഒറ്റനോട്ടത്തിൽ തന്നെ അഴിമതിയും സ്വജനപക്ഷപാതവും സത്യപ്രതിജ്ഞ ലംഘനവും വ്യക്തമാവുന്നതാണ് കത്ത്. സംഭവം പുറത്തായതോടെ അങ്ങനെയൊരു കത്ത് തനിക്ക് കിട്ടിയിട്ടില്ലെന്നും താൻ കണ്ടിട്ടില്ലെന്നുമായി ആനാവൂർ നാഗപ്പൻ. ദൽഹിയിലായിരുന്ന മേയർ പിറ്റേ ദിവസമാണ് സ്ഥലത്തെത്തിയത്. നേരെ മുഖ്യമന്ത്രിയെ കണ്ട് പരാതി നൽകിയ മേയർ ആ കത്തിൽ താൻ ഒപ്പിട്ടിട്ടില്ലെന്നും തന്റെ അറിവോടെയുള്ളതല്ലെന്നും മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ കത്ത് വ്യാജമാണെന്ന് പറയാനൊട്ട് തയാറായിട്ടുമില്ല. ഏതായാലും എന്തൊക്കെയോ ഒളിച്ചുവെക്കുന്ന രീതിയിലായിരുന്നു മേയറുടെയും പാർട്ടി ജില്ല സെക്രട്ടറിയുടെയും പ്രതികരണങ്ങൾ. 


മേയറുടെ പരാതി മുഖ്യമന്ത്രി ഡി.ജി.പിക്കാണ് കൈമാറിയത്. ഡി.ജി.പി അന്വേഷണത്തിന് ക്രൈം ബ്രാഞ്ചിനെ ചുമതലപ്പെടുത്തി. കഴിഞ്ഞ ദിവസം ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി മേയറുടെ മൊഴി രേഖപ്പെടുത്തി. പ്രാഥമിക അന്വേഷണമാണിപ്പോൾ നടക്കുന്നത്. കൃത്യമായ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടന്നാലേ വസ്തുകൾ പുറത്തു വരൂ. എന്നാൽ അത് നടക്കുമോ എന്ന് കണ്ടറിയണം.
ഇതുവരെയുള്ള ബഹളങ്ങളും കോലാഹലങ്ങളും കാണുമ്പോൾ ഒരു കാര്യം വ്യക്തമാണ്. ഒന്നുകിൽ മേയർ ഇത്തരത്തിലൊരു കത്ത് സി.പി.എം ജില്ല സെക്രട്ടറിക്ക് അയച്ചിട്ടുണ്ടാവാം. പിടിക്കപ്പെട്ടപ്പോൾ ഞാനൊന്നുമറിഞ്ഞില്ലെന്ന് ഇരുകൂട്ടരും കൈമലർത്തുന്നതാവാം. അല്ലെങ്കിൽ മേയറുടെ അറിവില്ലാതെ അവരുടെ ഓഫീസിൽ നല്ല സ്വാധീനമുള്ള ആരെങ്കിലും അവരുടെ ലെറ്റർപാഡും ഒപ്പും സീലും ദുരുപയോഗം ചെയ്തതാവാം. അതേതായാലും സി.പി.എമ്മിലോ ഇടതുപക്ഷത്തോ ഉള്ളവരായിരിക്കും. അതുകൊണ്ടാണല്ലോ കത്ത് സി.പി.എം വാട്‌സാപ് ഗ്രൂപ്പിൽ വന്നത്.


സി.പി.എം തിരുവനന്തപുരം ജില്ല ഘടകത്തിൽ നിലനിൽക്കുന്ന രൂക്ഷമായ വിഭാഗീയയതും ചേരിപ്പോരുമാണ് ഇപ്പോഴത്തെ സംഭവങ്ങൾക്കെല്ലാം പിന്നിലെന്ന വിവരവും കത്ത് പുറത്തു വന്നതിന് പിന്നാലെ പുറത്തുവന്നു. ആനാവൂർ നാഗപ്പനെ അനുകൂലിക്കുന്നവരും കടകംപള്ളി സുരേന്ദ്രനെ അനുകൂലിക്കുന്നവരും വി. ശിവൻ കുട്ടിയെ അനുകൂലിക്കുന്നവരും തമ്മിൽ വലിയ ചേരിപ്പോരാണ് തിരുവനന്തപുരം ജില്ലയിൽ നിലനിൽക്കുന്നത്. ആനാവൂർ നാഗപ്പനെ ജില്ല സെക്രട്ടറി സ്ഥാനത്തുനിന്ന് പുറത്താക്കാൻ മറുവിഭാഗക്കാർ പുറത്തു വിട്ടതാണ് കത്തെന്ന് ഏതാണ്ട് വ്യക്തമായിക്കഴിഞ്ഞു. മേയറുടെ കത്ത് പുറത്തു വന്നതിന് പിന്നാലെ അതേ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സി.പി.എം കൗൺസിലറും സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷനുമായ ഡി.ആർ. അനിൽ ആനാവൂർ നാഗപ്പന് അയച്ച കത്തും പുറത്തു വന്നു. ആ കത്ത് താനെഴുതിയതാണെന്നും അങ്ങനെയുള്ള പതിവ് നഗരസഭയിലുണ്ടെന്നുമാണ് അനിൽ പറയുന്നത്. അതായത് തിരുവനന്തപുരം നഗരസഭയിലെ നിയമനങ്ങളെല്ലാം സി.പി.എം പറയുന്നവർക്ക് മാത്രമെന്നതായിരുന്നു കഴിഞ്ഞ കുറെ കാലമായി നടന്നുവന്നിരുന്നതെന്ന് ചുരുക്കം. ഇത്തരത്തിൽ കത്ത് കൊടുക്കുന്നത് പതിവാണെന്നാണ് മുൻ മേയർ കൂടിയായ എം.എൽ.എ പ്രശാന്ത് പറയുന്നത്. അതായത് ഗുരുതര അഴിമതിയും അധികാര ദുർവിനിയോഗവും സത്യപ്രതിജ്ഞ ലംഘനവും. വിജിലൻസ് ആണ് ഈ കേസ് അന്വേഷിക്കേണ്ടത്. ശരിയായ രീതിയിൽ അന്വേഷണം നടന്നാൽ ജില്ലയിലെ പല സി.പി.എം നേതാക്കളും കുടുങ്ങുമെന്നതാണ് വസ്തുത.

അതൊഴിവാക്കുന്നതിനാണ് കേസ് ക്രൈം ബ്രാഞ്ചിനെ ഏൽപിച്ചതും വഴിപാടു പോലെ അന്വേഷണം നടക്കുന്നതും. ഇങ്ങനെ പോയാൽ കുറ്റവുമില്ല, കുറ്റക്കാരുമില്ല എന്ന രീതിയിലാവും അന്വേഷണ റിപ്പോർട്ട്.
സി.പി.എമ്മിൽ ഇങ്ങനെയൊക്കെയാണ് കാര്യങ്ങൾ. പാർട്ടി അറിഞ്ഞുകൊണ്ട് നടക്കുന്ന അഴിമതികൾ പുറത്തു വരുന്നത് പാർട്ടിക്കാർ തന്നെ അവ പുറത്തു വിടുമ്പോഴാണ്. ഇവിടെ പാർട്ടി ജില്ല ഘടകത്തിൽ കടുത്ത ചേരിപ്പോര് ഉണ്ടായിരുന്നില്ലെങ്കിൽ ഈ കത്ത് പുറത്തു വരുമായിരുന്നില്ല. വലിയൊരു അഴിമതി ആരുമറിയാതെ പോകുമായിരുന്നു. എന്നാൽ ആ അഴിമതിയിൽ ശ്രദ്ധയൂന്നാതെ കത്തിന്റെ ആധികാരികതയിൽ മാത്രം കേന്ദ്രീകരിച്ചുകൊണ്ട് നടത്തുന്ന അന്വേഷണം വാസ്തവത്തിൽ ജനങ്ങളെ പറ്റിക്കലാണ്.
ഇനി മേയറുടെ കാര്യമെടുക്കാം. ഇത്ര ചുരുങ്ങിയ കാലയളവിൽ ഇത്രയധികം അഴിമതി ആരോപണങ്ങൾ നേരിട്ടിട്ടുള്ള ഒരു മേയർ തിരുവനന്തപുരം നഗരസഭയുടെ ചരിത്രത്തിലില്ല. പക്ഷേ ഒന്നിലും കൃത്യമായ അന്വേഷണം നടക്കാത്തതുകൊണ്ട് അവർക്ക് രാജിവെക്കേണ്ടിവന്നിട്ടില്ല. ഇതിനു മുമ്പ് ഏതെങ്കിലുമൊരു കേസിൽ കൃത്യമായ അന്വേഷണം നടന്നിരുന്നെങ്കിൽ മേയർ മുമ്പേ രാജിവെക്കേണ്ടിവരുമായിരുന്നു. ഇപ്പോൾ അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും മേയറുടെ രാജിയിലേക്ക് കാര്യങ്ങൾ ചെന്നെത്താനുള്ള സാധ്യത കുറവാണ്. മേയറും തുടരും അഴിമതിയും തുടരും എന്ന നിലയിലാണ് കാര്യങ്ങളുടെ പോക്ക്.

Latest News