ബിരിയാണി തര്‍ക്കം; ഭര്‍ത്താവ് ഭാര്യയെ തീകൊളുത്തി, ഭാര്യ കെട്ടിപ്പിടിച്ചു, ഇരുവരും മരിച്ചു

ചെന്നൈ- ബിരിയാണി പൊതി പങ്കുവെക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് 74 കാരനായ റിട്ട.റെയില്‍വേ ജീവനക്കാരന്‍
ഭാര്യയെ തീകൊളുത്തി. ഭാര്യ ഭര്‍ത്താവിനെ കെട്ടിപ്പിടിച്ചതിനെ തുടര്‍ന്ന് ഇരുവരും മരിച്ചു. ആദ്യം ഭാര്യ 70 കാരിയായ പത്മാവതിയും പിന്നാലെ ഭര്‍ത്താവ് കരുണാകരനും ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. ശരീരമാസകലം തീ പടര്‍ന്ന മരണവെപ്രാളത്തില്‍ ഭാര്യ ഭര്‍ത്താവിനെ വിടാതെ കെട്ടിപ്പിടിക്കുകയായിരുന്നു.
ചെന്നൈയിലെ അയിനാവാരത്താണ് താമസം. റെയില്‍വേയില്‍നിന്നും വിരമിച്ച കരുണാകരന്‍ റിട്ടയര്‍മെന്റിനുശേഷം ഭാര്യയ്‌ക്കൊപ്പം ഇവിടെയുള്ള വീട്ടിലാണ് താമസം. മക്കള്‍ നാലുപേരും ചെന്നൈ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലാണ് താമസം. മക്കള്‍ ഇടക്കിടെ സന്ദര്‍ശിക്കുമെങ്കിലും ദമ്പതിമാര്‍ തമ്മില്‍ വഴക്കും പ്രശ്‌നങ്ങളും പതിവാണെന്ന് അയല്‍ക്കാര്‍ പറയുന്നു.  
സമീപത്തെ ഒരു കടയില്‍നിന്ന് കരുണാകരന്‍ ബിരിയാണി പാക്കറ്റ് വാങ്ങിക്കൊണ്ടു വന്നതിനെ തുടര്‍ന്നാണ് പ്രശ്‌നങ്ങളുടെ തുടക്കമെന്ന് പോലീസ് പറയുന്നു. ബിരിയാണി ഒറ്റയ്ക്ക് കഴിക്കാനായിരുന്നു കരുണാകരന്റെ പരിപാടി. എന്നാല്‍, പത്മാവതി ഇത് ചോദ്യം ചെയ്തു. തനിക്കും ബിരിയാണി വേണമെന്ന് അവര്‍ ആവശ്യപ്പെട്ടതോടെ ഇരുവരും തമ്മില്‍ തര്‍ക്കമായി. അതിനിടെയാണ് കരുണാകരന്‍ അടുക്കളയില്‍നിന്ന് മണ്ണെണ്ണ എടുത്തുകൊണ്ടു വന്ന് ഭാര്യയുടെ മേല്‍ ഒഴിച്ച് തീ കൊളുത്തിയത്. ശരീരമാസകലം തീ പടര്‍ന്നു പിടിച്ചതിനെ തുടര്‍ന്ന് പത്മാവതി ഭര്‍ത്താവിന്റെ അടുത്തേക്കു ഓടിച്ചെന്ന് അയാളെ വിടാതെ കെട്ടിപ്പിടിച്ചു. രക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും കരുണാകരന്റെ ശരീരത്തിലും തീ പടര്‍ന്നു.
അലര്‍ച്ചയും കേട്ടെത്തിയ അയല്‍വാസികള്‍ അബോധാവസ്ഥയിലായ ഇരുവരെയും അടുത്തുള്ള മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. 65 ശതമാനം പൊള്ളലേറ്റ പത്മാവതിയുടെയും 50 ശതമാനം പൊള്ളലേറ്റ കരുണാകരന്റെയും അവസ്ഥ ഗുരുതരമായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. പിറ്റേ ദിവസം ആയപ്പോള്‍ പത്മാവതിയ്ക്ക് ബോധം തെളിഞ്ഞു. അവര്‍ പോലീസിനോട് നടന്നതെല്ലാം പറഞ്ഞു. എന്നാല്‍, പറഞ്ഞു തീര്‍ന്നപ്പോഴേക്കും അവര്‍ മരിച്ചിരുന്നു. മണിക്കൂറുകള്‍ക്കു ശേഷം കരുണാകരനും മരണത്തിന് കീഴടങ്ങിയതായി ഡോക്ടര്‍മാര്‍ പറഞ്ഞു.

 

Latest News