ന്യൂദൽഹി - ഭീമ-കോറെഗാവ് കേസിൽ അറസ്റ്റിലായ ആക്ടിവിസ്റ്റ് ഗൗതം നവ്‌ലഖയെ വീട്ടുതടങ്കലിലേക്കേു മാറ്റാൻ സുപ്രീം കോടതി ഉത്തരവ്. ആരോഗ്യ പ്രശ്‌നങ്ങൾ കാണിച്ച് നവ്‌ലഖ നല്കിയ ഹർജിയിലാണ് നടപടി. വീട്ടുതടങ്കലിനെ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) ശക്തമായി എതിർത്തെങ്കിലും കോടതി ചെവികൊണ്ടില്ല. 70-കാരനായ നവ്‌ലഖയുടെ ആരോഗ്യ പ്രശ്‌നങ്ങൾ അവഗണിക്കുന്നതിനു കാരണമൊന്നുമില്ലെന്ന് ജസ്റ്റിസുമാരായ കെ.എം ജോസഫും ഋഷികേശ് റോയിയും ചൂണ്ടിക്കാട്ടി. നവ്‌ലഖ 2.4 ലക്ഷം രൂപ കെട്ടിവെയ്ക്കണമെന്നും കോടതി നിർദേശിച്ചു.
ഭീമ-കോറെഗാവ് കലാപത്തിന് ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ചാണ് നവ്‌ലഖയെ എൻ.ഐ.എ അറസ്റ്റ് ചെയ്തത്. 2017 ഡിസംബർ 31ന് അദ്ദേഹം പൂനെയിൽ നടത്തിയ പ്രസംഗം കലാപം ആളിക്കത്തിച്ചുവെന്നാണ് കുറ്റപത്രം. വീട്ടു തടങ്കലിൽ നവ്‌ലഖ കമ്പ്യൂട്ടറോ ഇന്റർനെറ്റോ ഉപയോഗിക്കുന്നതിനെയും ദേശീയ അന്വേഷണ ഏജൻസി എതിർത്തു.
ഗൗതം നവ്‌ലഖ ജയിലിൽ നരകിക്കുകയാണെന്ന് അദ്ദേഹത്തിന്റെ ജീവിതപങ്കാളി സഹ്ബ ഹുസൈൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അന്തരിച്ച മനുഷ്യാവകാശപ്രവർത്തകൻ ഫാദർ സ്റ്റാൻ സ്വാമിയുടെ അവസ്ഥയാകുമോ എന്ന ഭയവും അവർ പ്രകടിപ്പിച്ചിരുന്നു.