കണ്ണൂർ - എം.വി രാഘവൻ സി.പി.എം വിട്ട് സി.എം.പി രൂപീകരിച്ചപ്പോൾ ആദ്യം അദ്ദേഹത്തോടൊപ്പം വരുമെന്ന് കരുതിയ ഒരാൾ ഞാനായിരുന്നുവെന്ന് എം.വി.ആറിന്റെ പഴയ ശിഷ്യനും സി.പി.എം സംസ്ഥാന സെക്രട്ടറിയുമായ എം.വി ഗോവിന്ദൻ മാസ്റ്റർ. എന്നാൽ സി.പി.എമ്മിൽ തന്നെ തുടരാനായിരുന്നു എന്റെ തീരുമാനം.
പുതുതായി രൂപീകരിച്ച പാർട്ടിയിലേക്ക് വിളിക്കാൻ എം.വി.ആർ മറഡോണ ലോകകപ്പ് നേടിയ സമയം വീട്ടിലേക്ക് വന്നുവെങ്കിലും ഞാൻ പുലർച്ചെ കളി കാണാൻ പോയിരുന്നു. പിന്നീട് എം.വി.ആറിനെ കാണാൻ അദ്ദേഹത്തിന്റെ ആവശ്യാനുസരണം ഞാൻ എ.കെ.ജി ആശുപത്രിയിലെ അദ്ദേഹത്തിന്റെ മുറിയിൽ ചെന്നു. പാർട്ടിയിലേക്ക് വരണമെന്ന് അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു. അപ്പോൾ ഞാൻ ഇല്ലെന്നു പറഞ്ഞു. എങ്കിൽ നീ സി.പി.എമ്മിൽ തന്നെ നിന്ന് രാഷ്ട്രീയത്തിൽ തുടരണമെന്നായിരുന്നു അദ്ദേഹം നിർദേശിച്ചത്. അത് എം.വി.ആറിന് മാത്രം സാധിക്കുന്ന ഒന്നായിരുന്നുവെന്നും സി.പി.എമ്മിന്റെ പഴയ അമരക്കാരനെക്കുറിച്ച് പുതിയ അമരക്കാരൻ ഓർത്തു.
തന്റെ ജീവിതത്തിൽ നിർണായക റോൾ വഹിച്ച നേതാക്കളിലൊരാളാണ് എം.വി.ആറെന്നും അദ്ദേഹത്തിന്റെ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യവെ ഗോവിന്ദൻ മാസ്റ്റർ ചൂണ്ടിക്കാട്ടി. രാഷ്ട്രീയത്തിന് ഉപരിയായി സഖാക്കളുമായി വ്യക്തി ബന്ധം പുലർത്തിയ നേതാവായിരുന്നു എം.വി.ആർ. അദ്ദേഹത്തിന്റെ ജീവിതത്തിൽ മൂന്നു ഘട്ടങ്ങളുണ്ടായിരുന്നു. ആദ്യം കമ്യൂണിസ്റ്റ് പാർട്ടിയിലും പിന്നീട് കമ്യൂണിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തിലും മൂന്നാം ഘട്ടത്തിൽ കമ്യൂണിസ്റ്റു പാർട്ടിയോട് അനുഭാവം പുലർത്തിയിരുന്നയാളുമായിരുന്നു അദ്ദേഹം.
കമ്യൂണിസ്റ്റ് പാർട്ടിക്ക് ഒട്ടേറെ സംഭാവനകൾ നൽകാനും എം.വി.ആറിന് കഴിഞ്ഞു. സി.പി.എമ്മിന്റെ സമുന്നത നേതാവായിരിക്കെയാണ് എം.വി.ആർ പാർട്ടി വിട്ടത്. പാർട്ടിയിൽ രണ്ടു ചേരിയിൽ നിൽക്കുമ്പോഴും വ്യക്തിപരമായ ബന്ധം നിലനിർത്താൻ അദ്ദേഹത്തിന് കഴിഞ്ഞു. ഓരോ സഖാക്കളുടെയും വ്യക്തിഗതമായ കാര്യങ്ങൾ വരെ അന്വേഷിച്ചറിയാനും ഇടപെടാനും സാധിച്ചു. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായിരിക്കെ തന്റെ വിവാഹം നിശ്ചയിച്ചതും നടത്തിയതും എം.വി.ആറാണ്. ശ്യാമളയുടെ വീട്ടിൽ പോകുന്നതും വിവാഹത്തിന് പാർട്ടി പരിപാടികളില്ലാത്ത ഒരു വെള്ളിയാഴ്ച ദിവസം തിയ്യതി കുറിച്ചതുമെല്ലാം എം.വി.ആറായിരുന്നു. ചടയൻ ഗോവിന്ദനാണ് വിവാഹക്ഷണക്കത്ത് എഴുതിയതും അച്ചടിക്കാൻ കൊടുത്തതും-ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി.