ഇടുക്കി-കട്ടപ്പന ചപ്പാത്തില്‍ നിന്നും കാണാതായ രണ്ടു പെണ്‍കുട്ടികളെ മൂന്നാം നാള്‍ കട്ടപ്പനയില്‍ നിന്നും കണ്ടെത്തി. ബുധനാഴ്ച രാവിലെ 10 മണിയോടെ പുതിയ സ്റ്റാന്‍ഡില്‍ ബസിറങ്ങിയ കുട്ടികള്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ണില്‍ പെടുകയായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് ചപ്പാത്ത് സ്വദേശിനികളായ കുട്ടികള്‍ വീടുവിട്ടിറങ്ങിയത്.
ഏലപ്പാറയില്‍ എത്തിയ ഇവര്‍ കുരിശു പള്ളിക്കു സമീപം ബാഗ് ഉപേക്ഷിച്ച് കട്ടപ്പനക്ക് വണ്ടി കയറി. അവിടെ നിന്നും തിരുവനന്തപുരം ബസില്‍ കയറി. ഒരു കുട്ടിയുടെ മുത്തച്ഛന്‍ താമസിക്കുന്നത് ശിവകാശിയിലാണ്. അവിടേക്ക് പോകാനായിരുന്നു തീരുമാനം.തിരുവനന്തപുരത്ത് എത്തിയപ്പോള്‍ കൈയിലുണ്ടായിരുന്ന പണം തീര്‍ന്നു. മൊബൈല്‍ ഫോണ്‍ വിറ്റ പണവുമായി തമിഴ്നാട്ടിലേക്ക് വണ്ടി കയറി. എന്നാല്‍ 7000 മുന്ന എന്ന സ്ഥലമായപ്പോള്‍ ശിവകാശിക്കുള്ള വഴി മാറിയതായി സംശയം തോന്നി. ഇതോടെ തിരികെ പോരുകയായിരുന്നു. തിരികെ കട്ടപ്പനയില്‍ വന്നിറങ്ങിയപ്പോഴാണ് പോലീസിന്റെ പിടിയിലായത്.
കുട്ടികള്‍ തിങ്കളാഴ്ച കട്ടപ്പനയില്‍ നിന്നും തിരുവനന്തപുരം കെ.എസ്.ആര്‍ ടി സിയില്‍ കയറുന്നത് സി.സി.ടി.വി.യില്‍ നിന്നും പോലീസ് മനസിലാക്കായിരുന്നു. തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘം സ്റ്റാന്‍ഡില്‍ നിരീക്ഷണം നടത്തുന്നുണ്ടായിരുന്നു. രണ്ടു കുട്ടികളുമായും ബന്ധപ്പെട്ട വിഷയങ്ങള്‍ സംസാരിക്കാന്‍ രക്ഷകര്‍ത്താക്കള്‍ സ്‌കൂളില്‍ ചെല്ലാനിരിക്കെയാണ് തിങ്കളാഴ്ച സ്‌കൂളില്‍ കയറാതെ കുട്ടികള്‍ നാടുവിട്ടതെന്ന് പോലീസ് പറഞ്ഞു.
വീട്ടിലെ പ്രശ്നങ്ങള്‍ കുട്ടികള്‍ക്ക് മാനസിക സമ്മര്‍ദ്ദം ഉണ്ടാക്കിയിരുന്നു. ഹാജര്‍ എടുത്ത ശേഷം ക്ലാസില്‍ എത്താത്ത കുട്ടികളുടെ വീട്ടില്‍ വിവരം അറിയിക്കുന്ന പതിവുണ്ടായിരുന്നു. തിങ്കളാഴ്ച ഈ കുട്ടികളുടെ വിവരം അധികൃതര്‍ വീട്ടില്‍ അറിയിച്ചു. അപ്പോഴാണ് കുട്ടികള്‍ സ്‌കൂളില്‍ എത്തിയില്ലെന്നത് വീട്ടുകാരും അറിഞ്ഞത്. ഉടന്‍ അധികൃതര്‍ പീരുമേട് പോലീസിനെ അറിയിച്ചു. പോലീസിന്റെ പരിശോധനയില്‍ ഏലപ്പാറ കുരിശുപള്ളിക്കു സമീപം കുട്ടികളുടെ ബാഗുകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ജില്ല പോലീസ് മേധാവി കെ. യു കുര്യാക്കോസിന്റെ നിര്‍ദേശപ്രകാരം ഉപ്പുതറ സി. ഐ ഇ. ബാബുവിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപവത്ക്കരിച്ച് അന്വേഷണം നടത്തി വരുന്നതിനിടെയാണ് കുട്ടികളെ കണ്ടെത്തിയത്. കോടതിയില്‍ ഹാജരാക്കിയ ശേഷം കുട്ടികളെ കൗണ്‍സിലിംഗിന് വിധേയമാക്കും.






