ന്യൂദല്‍ഹി-അധികാരമൊഴിഞ്ഞ ശേഷവും സര്‍ക്കാര്‍ ബംഗ്ലാവുകള്‍ ഉപയോഗിച്ചു വരുന്നത് നിര്‍ത്തണമെന്ന് ഉത്തര്‍ പ്രദേശിലെ ആറ് മുന്‍ മുഖ്യമന്ത്രിമാരോട് സുപ്രീം കോടതി ഉത്തരവിട്ടു. സര്‍ക്കാര്‍ നല്കുന്ന വീടുകളില്‍ മുന്‍ മുഖ്യമന്ത്രിമാര്‍ക്ക് ആജീവനാന്ത കാലം തങ്ങാന്‍ അനുമതി നല്കുന്ന നിയമഭേദഗതി സംസ്ഥാന സര്‍ക്കാര്‍ കൊണ്ടു വന്നതിനെതിരെ സന്നദ്ധ സംഘടന സമര്‍പ്പിച്ച പൊതുതാല്പര്യ ഹരജിയിലാണ് സുപ്രീം കോടതി ഉത്തരവ്.
ഉത്തര്‍ പ്രദേശ് നിയമസഭ പാസാക്കിയ ഭേദഗതി നിയമ വിരുദ്ധവും അനധികൃതവുമാണെന്ന് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കി. ഇത്തരം നിയമം ഒരു പ്രത്യേക വര്‍ഗത്തെ സൃഷ്ടിക്കുമെന്നും അധികാരമൊഴിഞ്ഞാല് പ്രത്യേക വിശേഷാധികാരങ്ങള്ക്കൊന്നും അര്‍ഹരല്ലെന്നും കോടതി വ്യക്തമാക്കി.
മുന്‍ മുഖ്യമന്ത്രിമാര്‍ക്ക് സര്‍ക്കാരിന്റെ താമസൗകര്യത്തില് കഴിയുന്നതിന് അവകാശമില്ലെന്ന് 2016 ല്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് മുന്‍ എസ്.പി സര്‍ക്കാരാണ് നിയമഭേദഗതി വരുത്തി മുന്‍ മുഖ്യമന്ത്രിമാര്‍ക്ക് സര്‍ക്കാര്‍ ബംഗ്ലാവുകളില്‍ തന്നെ ജീവിതകാലം മുഴുക്കെ തങ്ങാന്‍ അവസരമൊരുക്കിയത്.
എസ്.പി നേതാക്കളായ മുലായം സിങ്, അഖിലേഷ് യാദവ്, ബി.എസ്.പി നേതാവ് മായാവതി, ബിജെപി നേതാക്കളായ രാജ്നാഥ് സിങ്, കല്യാണ്‍ സിങ്, കോണ്‍ഗ്രസ് നേതാവ് എന്‍.ഡി തിവാരി എന്നീ മുന്‍ മുഖ്യമന്ത്രിമാരാണ് തലസ്ഥാനമായ ലഖ്നൗവില്‍ കണ്ണായ സ്ഥലത്ത് സര്‍ക്കാര്‍ ബംഗ്ലാവുകളില്‍ കഴിയുന്നത്. സുപ്രീം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ഇവര്‍ ഇവിടെ നിന്ന് ഇറങ്ങേണ്ടി വരും.






