തൃക്കരിപ്പൂര്‍- ഒന്നരവര്‍ഷം മുമ്പ് കാണാതായ മാതാവിനെയും മകനെയും പോലീസ് ശാസ്ത്രീയ അന്വേഷണത്തിലൂടെ കണ്ടെത്തി. തൃക്കരിപ്പൂര്‍ സ്വദേശിനിയെയും മകനെയുമാണ് കണ്ടെത്തിയത്. കര്‍ണാടകയിലെ കുശാല്‍നഗര്‍ ഗോണിക്കുപ്പയില്‍ സുഹൃത്തിന്റെ വീട്ടില്‍ താമസിച്ചു ജോലി ചെയ്തു വരികയായിരുന്നു യുവതി.
ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്‌സേന, കാഞ്ഞങ്ങാട് ഡിവൈ.എസ്.പി പി. ബാലകൃഷ്ണന്‍ നായര്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ ചന്തേര പോലീസ് എസ്.ഐ എം.വി. ശ്രീദാസിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലും പരിശോധനയിലുമാണ് ഗോണിക്കുപ്പയില്‍ ഇവരെ കണ്ടെത്തിയത്.
കഴിഞ്ഞ വര്‍ഷം ജൂണിലാണു മാതാവിനെയും മകനെയും കാണാതായത്. പരാതി ലഭിച്ചതിനെ തുടര്‍ന്നു സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ ആദ്യഘട്ട അന്വേഷണത്തില്‍ കണ്ടെത്താനായില്ല. തുടര്‍ന്നാണ് ശാസ്ത്രീയവും വിപുലവുമായ അന്വേഷണ രീതിയിലേക്കു പോലീസ് തിരിഞ്ഞത്. യുവതിയെയും മകനെയും ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കി. സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍ കെ.വി. സുരേഷ് ബാബു, സി.പി.ഒമാരായ പി. രതീഷ്, പി.കെ. ഗിരീഷ് എന്നിവര്‍ പോലീസ് സംഘത്തിലുണ്ടായിരുന്നു.