ഇന്ത്യൻ ഓഹരി വിപണി തുടർച്ചയായ ആറാം വാരത്തിൽ നേട്ടം നിലനിർത്താനുള്ള ശ്രമം പരാജയപ്പെട്ടു. ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ നിക്ഷേപത്തിന് ഉത്സാഹിച്ചെങ്കിലും വിദേശ ധനകാര്യസ്ഥാപനങ്ങൾ മുൻ നിര ഓഹരികളിൽ വിൽപനക്കാരായി തുടർന്നു. ബോംബെ സെൻസെക്‌സ് 54 പോയന്റും നിഫ്റ്റി 74 പോയന്റും പോയവാരം താഴ്ന്നു.
കോർപറേറ്റ് മേഖലയിൽ നിന്നുള്ള ത്രൈമാസ റിപ്പോർട്ടുകൾക്ക് തിളക്കം കുറഞ്ഞതും അമേരിക്കൻ ഫെഡ് റിസർവ് പലിശ നിരക്ക് സ്‌റ്റെഡിയായി നിലനിർത്തിയതും വിദേശ ഓപറേറ്റർമാരെ പുതിയ ബാധ്യതകളിൽ നിന്ന് പിൻതിരിപ്പിച്ചു. ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഈ വാരം വായ്പാ അവലോകനത്തിനായി ഒത്തുചേരും. പണപ്പെരുപ്പത്തെ കുറിച്ച് വിലയിരുത്താൻ ചൈനീസ് കേന്ദ്ര ബാങ്കും അടുത്ത ദിവസം യോഗം ചേരും. ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയരുന്നതും യു എസ് ഡോളർ സൂചികയിലെ ചാഞ്ചാട്ടങ്ങളും നിക്ഷേപകരിൽ ആശങ്ക പരത്തി. സാമ്പത്തിക മേഖലയിൽ നിന്നുള്ള പുതിയ വിവരങ്ങൾക്കായി കാതോർക്കുകയാണ് നിക്ഷേപകർ.
ബോംബെ സെൻസെക്‌സ് 34,847-35,091 റേഞ്ചിലാണ് പിന്നിട്ടവാരം സഞ്ചരിച്ചത്. വാരാന്ത്യം സൂചിക 34,915 പോയന്റിൽ ക്ലോസിങ് നടന്നു. ഈവാരം 34,811 ലെ സപ്പോർട്ട് നിലനിർത്താനായാൽ 35,195-35,299 വരെ മുന്നേറാൻ സൂചിക ശ്രമം നടത്താം. അതേ സമയം പ്രതികൂല വാർത്തകൾ മുൻനിർത്തി ഫണ്ടുകൾ വിൽപനയിൽ പിടിമുറുക്കിയാൽ 34,707-34,567 ലേയ്ക്ക് പരീക്ഷണങ്ങൾക്ക് മുതിരാം.
നിഫ്റ്റി സൂചിക 10,764 വരെ വാരത്തിന്റെ ആദ്യ പകുതിയിൽ ഉയർന്നെങ്കിലും പിന്നീട് 10,601 ലേയ്ക്ക് താഴ്ന്ന ശേഷം വാരാന്ത്യം 10,618 പോയന്റിലാണ്. ഈ വാരം 10,721 ലേക്ക് ഉയരാനുള്ള ശ്രമം വിജയിച്ചില്ലെങ്കിൽ 10,558-10,498 ലേക്ക് തിരുത്തലിന് നീക്കം നടത്താം. ഈ സപ്പോർട്ട് നഷ്ടമായാൽ വിപണി 10,395 വരെ തളരാം. എന്നാൽ ആദ്യ താങ്ങ് നിലനിർത്തി മുന്നേറാൻ നീക്കം നടത്തിയാൽ 10,721-10,824 പോയന്റിനെ സൂചിക ഉറ്റുനോക്കാം.
വിദേശ ഫണ്ടുകൾ പോയവാരം ഇന്ത്യൻ മാർക്കറ്റിൽ 2688.05 കോടി രൂപയുടെ ഓഹരികൾ വിറ്റു. അതേ സമയം ആഭ്യന്തര ഫണ്ടുകൾ 932.99 കോടി രൂപയുടെ ഓഹരികൾ ശേഖരിച്ചു. വിദേശ ഓപറേറ്റർമാർ ഏപ്രിലിൽ മൊത്തം 15,500 കോടിയുടെ നിക്ഷേപം തിരിച്ചു പിടിച്ചു. പിന്നിട്ട പതിനാറ് മാസത്തിനിടയിൽ ഇത്ര കനത്ത തോതിൽ നിക്ഷേപം അവർ തിരിച്ചു പിടിക്കുന്നത് ആദ്യമാണ്. മാർച്ചിൽ അവർ 11,654 കോടി രൂപ ഓഹരി വിപണിയിൽ നിക്ഷേപിച്ചതിനൊപ്പം 9000 കോടി രൂപ കടപത്രത്തിൽ നിന്ന് പിൻവലിക്കുകയും ചെയ്തു. ഫെബ്രുവരിയിൽ ഫണ്ടുകൾ 11,674 കോടി രുപ തിരിച്ചു പിടിച്ചിരുന്നു.
ഇതിനിടയിൽ ഫോറെക്‌സ് മാർക്കറ്റിൽ ഡോളറിന് മുന്നിൽ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. വാരത്തിന്റെ തുടക്കത്തിൽ 66.67 ൽ നിലകൊണ്ട വിനിമയ മൂല്യം 66.87 ലേയ്ക്ക് താഴ്ന്നു.
ആക്‌സിസ് ബാങ്ക് ഓഹരി വില അഞ്ച് ശതമാനത്തിൽ അധികം ഉയർന്ന് 520 രൂപയായി. കോട്ടക്ക് മഹീന്ദ്ര ബാങ്ക് നാല് ശതമാനം നേട്ടവുമായി 1231 ലും എസ് ബി ഐ 241 രൂപയിലും എച്ച് ഡി എഫ് സി 1912 രൂപയിലും എച്ച് ഡി എഫ് സി ബാങ്ക് 1987 രൂപയിലുമാണ് വാരാന്ത്യം. അതേ സമയം കോൾ ഇന്ത്യ ഓഹരി വില ആറ് ശതമാനത്തിൽ അധികം കുറഞ്ഞ് 271 രൂപയായി. വിപ്രോ നാല് ശതമാനം നഷ്ടത്തിൽ 270 രൂപയായി. മാരുതി സുസുക്കി 8670 രൂപയിലും ആർ ഐ എൽ 953 രൂപയിലും എയർ ടെൽ 396 രൂപയിലും ക്ലോസിങ് നടന്നു.