Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ആഭ്യന്തര ഡിമാന്റ് റബർ വില കൂട്ടി

കൊച്ചി - രാജ്യാന്തര റബർ വില ഉയർന്നത് ഇന്ത്യൻ വ്യവസായികളെ വിപണികളിലേക്ക് അടുപ്പിച്ചു. വിദേശത്തെ ഉണർവ് കണ്ട് ഇന്ത്യൻ വ്യവസായികൾ ആഭ്യന്തര മാർക്കറ്റിലേയ്ക്ക് ശ്രദ്ധ തിരിച്ചത് വിവിധയിനം ഷീറ്റ് വില ഉയരാനിടയാക്കി. നിക്ഷേപ താൽപര്യം ഉയർന്നതോടെ ടോക്കോം എക്‌സ്‌ചേഞ്ചിൽ റബർ 200 യെന്നിലേക്ക് അടുക്കുകയാണ്. പ്രതികൂല കാലാവസ്ഥ തുടരുന്നതിനാൽ കേരളത്തിൽ റബർ ടാപ്പിങ് പുനരാരംഭിച്ചിട്ടില്ല. മുഖ്യ വിപണികളിൽ ഷീറ്റ് ക്ഷാമം നിലനിന്നു. നാലാം ഗ്രേഡ് ഷീറ്റ് 11,800 ൽ നിന്ന് 12,000 രൂപയായി. അഞ്ചാം ഗ്രേഡ് 11,900 ൽ വ്യാപാരം നടന്നു. 
നാളികേര വിളവെടുപ്പ് പുരോഗമിച്ചിട്ടും തേങ്ങയുടെയും കൊപ്രയുടെയും ലഭ്യത ഉയർന്നില്ല. ഇതിനിടയിൽ വെളിച്ചെണ്ണക്ക് മാസാരംഭ ഡിമാന്റ് വിപണിയുടെ പ്രതീക്ഷയ്ക്ക് ഒത്ത് ഉയരാഞ്ഞത് മില്ലുകാരെ സ്റ്റോക്ക് തിരക്കിട്ട് വിറ്റഴിക്കാൻ പ്രേരിപ്പിച്ചു. കൊച്ചിയിൽ എണ്ണ വില 18,400 രൂപയിലും കൊപ്ര 12,305 രൂപയിലുമാണ്.
മുംബൈയിൽ സൂര്യകാന്തി, സോയാ, കപ്പലണ്ടിയെണ്ണ, പാം ഓയിൽ തുടങ്ങിയവക്ക് നേരിട്ട തളർച്ച നാളികേരോൽപന്നങ്ങളിൽ പ്രതിഫലിച്ചു. തമിഴ്‌നാട്ടിൽ കൊപ്രയുടെ ലഭ്യത ഉയർന്നാൽ നിരക്ക് താഴാം. അതേ സമയം കാലവർഷം മുന്നിൽ കണ്ട് കേരളത്തിലെ കർഷകർ കൊപ്ര നീക്കം നിയന്ത്രിച്ചാൽ ഉൽപന്നം മികവ് നിലനിർത്തും. 
ആഭ്യന്തര വാങ്ങലുകാർ ചരക്ക് സംഭരണം കുറച്ചത്     കുരുമുളക് വിപണിയെ അൽപം തളർത്തി. ഇടുക്കി, വയനാട് ഭാഗങ്ങളിൽ നിന്നുള്ള മുളക് നീക്കം ശക്തമല്ല. എന്നാൽ കർണാടക പുതിയ മുളക് കുടുതലായി വിൽപനക്ക് ഇറക്കി. അന്തർ സംസ്ഥാന വ്യാപാരികൾ വാരത്തിന്റെ ആദ്യ പകുതിയിൽ ചരക്ക് ശേഖരിക്കാൻ ഉത്സാഹിച്ചത് നിരക്ക് മെച്ചപ്പെടുത്തി. ആഗോള വിപണിയിൽ നിന്ന് മലബാർ മുളകിന് അന്വേഷണങ്ങളില്ല. ഇന്തോനേഷ്യ വിയറ്റ്‌നാം എന്നീ രാജ്യങ്ങൾ അന്താരാഷ്ട്ര വിപണിയിൽ വിൽപനക്കാരാണ്. കൊച്ചിയിൽ അൺ ഗാർബിൾഡ് കുരുമുളക് 36,600 രൂപയാണ്. 
ഏലം ഓഫ് സീസണിലാണെങ്കിലും വില ഉയർത്തി ചരക്ക് സംഭരിക്കാൻ ഇടപാടുകാർ തയ്യാറായില്ല. പല അവസരത്തിലും ചരക്ക് വരവ് ചുരുങ്ങിയിട്ടും ഉൽപന്നത്തിന് ലഭിച്ച പരമാവധി ഉയർന്ന വില കിലോ 1249 രൂപയാണ്. ശരാശരി ഇനങ്ങൾ കിലോ 753-821 രൂപയായി താഴ്ന്നു. ഹൈറേഞ്ചിലെ സ്‌റ്റോക്കിസ്റ്റുകൾ ഉയർന്ന വിലയെ ഉറ്റുനോക്കുകയാണ്.
വിദേശത്ത് നിന്നും ഉത്തരേന്ത്യയിൽ നിന്നും ചുക്കിന് അന്വേഷണങ്ങളെത്തിയെങ്കിലും തുടർച്ചയായ ഏഴാം മാസത്തിലും നിരക്കിൽ മാറ്റമില്ല. വിദേശ കച്ചവടങ്ങൾ ഉറപ്പിച്ചവർ നാടൻ ചുക്ക് സംഭരിക്കാൻ  രംഗത്തുണ്ട്. കാർഷിക മേഖലകളിൽ നിന്നുള്ള ചുക്ക് വരവ് ചുരുങ്ങിയതിനാൽ നിരക്ക് ഉയരുമെന്ന പ്രതീക്ഷയിലാണ് സ്‌റ്റോക്കിസ്റ്റുകൾ. ഗൾഫ് രാജ്യങ്ങൾ റമദാൻ വ്രത കാലത്തെ ആവശ്യങ്ങൾക്ക് വേണ്ടിയുള്ള  ചുക്ക് ശേഖരിക്കുകയാണ്. ചുക്ക് 12,000-14,000 രൂപ.
കേരളത്തിൽ സ്വർണ വില ചാഞ്ചാടി. ആഭരണ കേന്ദ്രങ്ങളിൽ പവൻ 23,240 രൂപയിൽ നിന്ന് 23,040 രൂപ വരെ താഴ്ന്ന ശേഷം ശനിയാഴ്ച 23,120 രൂപയിലാണ്. ലണ്ടനിൽ  ട്രോയ് ഔൺസ് സ്വർണം 1322 ഡോളർ നിന്ന് 1305 ലേക്ക് താഴ്‌ന്നെങ്കിലും ക്ലോസിങിൽ നിരക്ക് 1315 ഡോളറിലാണ്. ഈ വാരം 1302 ഡോളറിലെ സപ്പോർട്ട് നഷ്ടപ്പെട്ടാൽ 1288 ഡോളറിലേയ്ക്ക് സ്വർണം സാങ്കേതിക പരീക്ഷണം നടത്താം. 

 

Latest News