Sorry, you need to enable JavaScript to visit this website.

മോർബി ദുരന്തവും നമുക്ക് മറക്കാം  


ബ്രിട്ടീഷുകാർ നിർമിച്ചതുകൊണ്ടാവാം മോർബിയിലെ തൂക്കുപാലം കാലത്തെ അതിജീവിച്ച് ഇത്രയും നിലനിന്നത്. നിർമാണം നടന്ന് ഏതാനും വർഷം കഴിയുമ്പോൾ തകരുന്ന പാലങ്ങളാണല്ലോ ഇപ്പോഴത്തെ സവിശേഷത.

 

ഉത്തരേന്ത്യയിൽ വിശേഷിച്ചും ഗുജറാത്തിൽ ഏറ്റവും പ്രധാന ആഘാഷമാണ് ദീപാവലി. ഈ വർഷം ദീപാവലിയുടെ പൊലിമ കെടുത്തിയ ദുരന്താണ് മോർബി ജില്ലയിലുണ്ടായത്. ഒക്ടോബർ 30 ന് തൂക്കുപാലം തകർന്ന് 135 പേർ മരിക്കാനിടയായ സംഭവം മനുഷ്യ മനഃസാക്ഷിയെ നടുക്കുന്നതാണ്. മച്ചു നദിക്ക് കുറുകെയുള്ള 140 വർഷം പഴക്കമുള്ള പാലം ബ്രിട്ടീഷ് കാലഘട്ടത്തിൽ നിർമിച്ചതാണ്. മുമ്പ് രാജ്‌കോട്ട് ജില്ലയുടെ ഭാഗമായിരുന്നു ഈ പ്രദേശം. ഇന്ത്യയിലെ ടൈൽ വ്യവസായത്തിന്റെ പ്രമുഖ കേന്ദ്രങ്ങളിലൊന്നായ മോർബി സംസ്ഥാനത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രം കൂടിയാണ്. മോർബിയിൽ ഇതാദ്യമായല്ല ദുരന്തം. 1979 ൽ മോർബി അണക്കെട്ട് തകർന്നപ്പോൾ 25,000 പേരാണ് മരിച്ചത്.  
മനുഷ്യ നിർമിത ദുരന്തങ്ങളിൽ ഏറ്റവും ഒടുവിലത്തേതാണിത്. 230 മീറ്റർ നീളമുള്ള  പാലം ആറു വർഷത്തിലേറെയായി അടച്ചിട്ടിരിക്കുകയായിരുന്നു. 
അറ്റകുറ്റപ്പണികളെല്ലാം പൂർത്തിയാക്കി തുറന്നുകൊടുത്ത് അഞ്ചാം ദിവസമാണ് ജനക്കൂട്ടത്തിന്റെ ഭാരം താങ്ങാനാവാതെ തകർന്ന് നദിയിൽ പതിച്ചത്. ദുരന്ത സമയത്ത് അഞ്ഞൂറോളം പേർ പാലത്തിലുണ്ടായിരുന്നു. പഴക്കമുള്ള ഈ പാലത്തിന് ഇത്രയും ആൾക്കാരെ വഹിക്കാൻ ശേഷിയുണ്ടോ എന്ന് ചുമതലപ്പെട്ടവർ വിലയിരുത്തിക്കാണില്ല. 
ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന സർക്കാർ അഞ്ചംഗ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ചുമതലപ്പെട്ട ഉദ്യോഗസ്ഥരുടെ മാപ്പർഹിക്കാത്ത വീഴ്ചകളാണ് ദുരന്തത്തിലേക്കു നയിച്ചതെന്നു മനസ്സിലാക്കാൻ വിശേഷ ബുദ്ധിയൊന്നും വേണ്ട. അതുകൊണ്ട് പുതുക്കിപ്പണിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥ സംഘത്തിലെ ഉന്നതരെ ഒന്നടങ്കം സർവീസിൽനിന്നു പുറത്താക്കുകയാണ് ആദ്യം വേണ്ടത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരപരാധികളായ നൂറോളം പേരെ മരണക്കയത്തിലേക്കു തള്ളിവിട്ട ഇവർ നിയമത്തിന്റെ  ഇളവിനൊന്നും  അർഹരല്ല. 
ഒറേവ ഗ്രൂപ്സ് എന്ന കമ്പനിക്കായിരുന്നു നവീകരണത്തിനും മറ്റുമായി പതിനഞ്ച് വർഷത്തെ കരാർ നൽകിയിരിക്കുന്നത്. ആറ് മാസത്തെ നവീകരണ ജോലികൾ പൂർത്തിയായെന്നും പാലം വീണ്ടും തുറക്കുന്നത് പൂർണമായും സുരക്ഷിതമാണെന്നും ഒറേവ ഗ്രൂപ്സ് ചെയർമാൻ ജയ്സുഖ് പട്ടേൽ ഒക്ടോബർ 24 ന് പ്രഖ്യാപിച്ചിരുന്നു. ഒക്ടോബർ 30 നായിരുന്നു പാലം തകർന്നുവീണ് വൻ ദുരന്തമുണ്ടായത്. കരാർ തുകയുടെ ആറ് ശതമാനം മാത്രമാണ് നവീകരണത്തിനായി ചെലവഴിച്ചതെന്നാണ് കണ്ടെത്തൽ. ഫോറൻസിക് ലാബിലെ പരിശോധനയിൽ കണ്ടെത്തിയ നിരീക്ഷണങ്ങളോട് ചേർന്നുനിൽക്കുന്നതാണ് പോലീസിന്റെ പുതിയ റിപ്പോർട്ട്. പട്ടേലും കുടുംബവും സഞ്ചരിച്ച ഭാഗത്തിൽ മാത്രമായിരുന്നു സുരക്ഷ പരിശോധന നടത്തിയത്.
ഒരു മുൻ പരിചയവുമില്ലാത്ത സ്ഥാപനത്തെയാണ് ഈ ജോലി  ഏൽപിച്ചതെന്ന് കോടതിയിൽ പോലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. നിർമാണ കമ്പനിക്ക് ഗുരുതര വീഴ്ച പറ്റിയതായാണ് അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്. 
പാലത്തിന്റെ കാബിളുകൾ പലതും തുരുമ്പെടുത്തതാണ്. ഇവയൊന്നും മാറ്റി സ്ഥാപിക്കാതെയാണ് ഉദ്ഘാടനം ചെയ്തത്.
പാലത്തിന്റെ നവീകരണത്തിനായി സർക്കാർ നൽകിയ രണ്ട് കോടി രൂപയിൽ കമ്പനി ചെലവഴിച്ചത് വെറും പന്ത്രണ്ട് ലക്ഷം രൂപ മാത്രമാണെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. ഒറേവ ഗ്രൂപ്പിന് അറിയാവുന്ന പണി ക്ലോക്കുകളുടെയും ഇലക്ട്രിക് ഉപകരണങ്ങളുടെയും നിർമാണം മാത്രമാണ്. 
ഒറേവയ്ക്ക് അടിസ്ഥാന സൗകര്യ  നിർമാണ പ്രവർത്തനത്തിൽ വൈദഗ്ധ്യമില്ലെന്നാണ്  കണ്ടെത്തൽ.  മോർബി പാലത്തിന്റെ നവീകരണ ചുമതല ഒറേവ മറ്റൊരു കമ്പനിയായ ദേവ്പ്രകാശ് സൊല്യൂഷൻസിന് ഉപകരാറായി നൽകിയിരുന്നു. ഗുജറാത്തിലെ ധ്രംഗാദ്ര ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ കമ്പനിക്കും പാലം നവീകരണവുമായി ബന്ധപ്പെട്ട സാങ്കേതിക പരിജ്ഞാനം ഇല്ല. പാലത്തിൽ നടത്തിയ നിർമാണ പ്രവർത്തനങ്ങൾക്കായി ചെലവഴിച്ച തുകയുടെ വിശദാംശങ്ങൾ ദേവ്പ്രകാശ് സൊല്യൂഷൻസിൽ നിന്ന് പോലീസ് പിടിച്ചെടുത്ത രേഖകളിൽ വ്യക്തമാണ്. 
പാലത്തിലെ തുരുമ്പ് പിടിച്ച വയറുകളും മറ്റും മാറ്റി പാലം ശക്തിപ്പെടുത്തുന്നതിന് പകരം പെയിന്റടിക്കുകയും  ഗ്രീസ് തേയ്ക്കുകയും പോലുള്ള പ്രവർത്തനങ്ങളാണ് നടത്തിയത്. രാഷ്ട്രീയ-ഉദ്യോഗസ്ഥ കൂട്ടുകെട്ടിന്റെ പിൻബലമുണ്ടെങ്കിൽ നമ്മുടെ നാട്ടിൽ മറ്റൊന്നും ചിന്തിക്കേണ്ട കാര്യമില്ലല്ലോ. ദുരന്തമുണ്ടായ വേളയിൽ 500 പേർ തൂക്കുപാലത്തിലുണ്ടായിരുന്നു. നഗരസഭ നേരിട്ട് പാലം നടത്തിയ കാലത്ത് ഒരു സമയത്ത് ഇരുപത് പേരെ മാത്രമേ കയറാൻ അനുവദിച്ചിരുന്നുള്ളൂ. 
തൂക്കുപാലം തകർന്ന് നദിയിൽ വീണ് മരണമടഞ്ഞ ഹതഭാഗ്യർക്ക് സംസ്ഥാനം നാലു ലക്ഷം രൂപയും കേന്ദ്രം രണ്ടു ലക്ഷം രൂപയും വീതമാണ് സഹായധനം പ്രഖ്യാപിച്ചിരിക്കുന്നത്. ദുരന്തങ്ങളിൽ പൊലിയുന്ന മനുഷ്യ ജീവനുകൾക്ക് രാജ്യത്തെവിടെയും ഇത്രയൊക്കെയേ ഉള്ളൂ വില. സർക്കാരിന്റെ ഭാഗത്തുണ്ടായ കടുത്ത കൃത്യവിലോപവും വീഴ്ചകളും കാരണമാണ് മോർബിയിൽ തൂക്കുപാലം തകർന്നത്. അതുകൊണ്ടു തന്നെ ഇപ്പോൾ പ്രഖ്യാപിച്ചതിന്റെ അനേക മടങ്ങ് നഷ്ടപരിഹാരം നൽകാൻ ഗുജറാത്ത് സർക്കാരിന് ബാധ്യതയുണ്ട്. അങ്ങനെ ചെയ്യുന്നില്ലെങ്കിൽ നിയമത്തിന്റെ വഴി തേടാൻ ദുരന്തത്തിന് ഇരയായവരുടെ കുടുംബാംഗങ്ങൾ മുന്നോട്ടു വരണം. ഇപ്പോൾ പ്രഖ്യാപിച്ച തുക തീരെ കുറവാണ്. ഏറ്റവും കുറഞ്ഞത് അരക്കോടി രൂപയെങ്കിലും കുടുംബങ്ങൾക്ക് നൽകണം. 
ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് ഡിസംബർ ആദ്യ വാരത്തിലാണ്. അതുകൊണ്ടു തന്നെ സംസ്ഥാന സർക്കാർ നടത്തുന്ന അന്വേഷണങ്ങളൊക്കെ ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന പ്രഹസനങ്ങളാവാനാണ് സാധ്യത. സംസ്ഥാന സർക്കാർ ഏജൻസികൾ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കുറ്റപ്പെടുത്തുന്നത് മോർബി നഗരസഭയെയാണ്. ശരിയാണ്, ഈ രംഗത്ത് ഒട്ടും മുൻപരിചയമില്ലാത്ത സ്ഥാപനത്തെ തൂക്കുപാല ജോലി ഏൽപിച്ച കാര്യത്തിൽ നഗരസഭയ്ക്ക് വീഴ്ചയുണ്ടായിട്ടുണ്ട്. എഫ്.ഐ.ആറിൽ ഒരിടത്തും സംസ്ഥാന സർക്കാരിനെയോ സർക്കാർ വകുപ്പുകളെയോ കുറ്റപ്പെടുത്തുന്നതേയില്ല. 
സംഭവത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹരജിയെത്തിയിട്ടുണ്ട്. സി.ബി.ഐ അന്വേഷണമല്ലെങ്കിൽ സുപ്രീം കോടതിയുടെ മേൽനോട്ടത്തിലെ അന്വേഷണം എന്നതാണ് ആവശ്യം. സംഭവത്തെ രാഷ്ട്രീയവൽക്കരിക്കാൻ ഉദ്ദേശ്യമില്ലെന്ന മാന്യമായ പ്രതികരണമായിരുന്നു ഭാരത് ജോഡോ യാത്ര നടത്തുന്ന രാഹുൽ ഗാന്ധിയുടെ പ്രതികരണം. സി.ബി.ഐ അന്വേഷണം തന്നെ വേണമെന്നാണ് തൃണമൂൽ നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി ആവശ്യപ്പെടുന്നത്. കോടതിയുടെ മേൽനോട്ടത്തിൽ വേണം അന്വേഷണം നടത്താനെന്ന് ഗുജറാത്ത് മുൻ മുഖ്യമന്ത്രി ശങ്കർസിംഗ് വെഗേല ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചിട്ടുണ്ട്. 
ഗുജറാത്ത് പുതുവത്സരം പ്രമാണിച്ചാണ് ഉദ്ഘാടനം നേരത്തേയാക്കിയത്. അടുത്ത പത്ത് വർഷം വരെ പാലത്തിന് യാതൊരു കുഴപ്പമുണ്ടാവില്ലെന്ന് ഉദഘാടനത്തിന് മുമ്പ് ഒറേവ ഗ്രൂപ്  സംഘാടകർ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. 
 പൗരാണിക നിർമിതികൾ, പ്രത്യേകിച്ചും തൂക്കുപാലം പോലുള്ളവ നിലനിർുത്തുമ്പോൾ അവയുടെ സുരക്ഷിതത്വം പൂർണമായി ഉറപ്പാക്കാനുള്ള ചുമതല സർക്കാരുകൾക്കുണ്ട്. ഒന്നര നൂറ്റാണ്ടോളം പ്രായമായ മോർബിയിലെ തൂക്കുപാലം നിലനിറുത്താനുള്ള തീരുമാനത്തിനൊപ്പം സമീപത്ത് മറ്റൊരു പാലം കൂടി നിർമിച്ചിരുന്നെങ്കിൽ ഇപ്പോഴത്തെ ദുരന്തം ഒഴിവാക്കാമായിരുന്നു. ബ്രിട്ടീഷുകാർ നിർമിച്ചതുകൊണ്ടാവാം തൂക്കുപാലം കാലത്തെ അതിജീവിച്ച് ഇത്രയും കാലം നിലനിന്നത്. നിർമാണം നടന്ന് ഏതാനും വർഷം കഴിയുമ്പോൾ തകരുന്ന പാലങ്ങളാണല്ലോ ഇപ്പോഴത്തെ സവിശേഷത. 
ഒറേവ ഗ്രൂപ്പിന് ജോലി പൂർത്തീകരിക്കാൻ ഈ വർഷാവസാനം വരെ സമയം നൽകിയിരുന്നു.  ദീപാവലിയും ഗുജറാത്ത് നവവത്സരവും വന്നണഞ്ഞ വേളയിലെ തിരക്കിനിടയ്ക്ക് തന്നെ ഉദ്ഘാടനം നടത്തിയതിൽ നിന്ന് ഇതൊരു ക്ഷണിച്ചു വരുത്തിയ ദുരന്തമാണെന്ന നിഗമനത്തിലെത്താം. ഉത്സവ വേളയിൽ പാലം തുറന്നു കൊടുത്തപ്പോൾ ജീവൻ രക്ഷാ സംവിധാനങ്ങളൊന്നുമേർപ്പെടുത്തിയിരുന്നില്ല. ആപത്ത് വല്ലതും സംഭവിച്ചാൽ ജനങ്ങളെ ഒഴിപ്പിച്ചെടുക്കുന്നതിനെ കുറിച്ച് ആലോചിച്ചതേയില്ല. 

Latest News