Sorry, you need to enable JavaScript to visit this website.

വല്ലാത്ത കാറ്റിൻ കാലം

കാറ്റുള്ളപ്പോൾ തൂറ്റണം എന്നാണ് പഴഞ്ചൊല്ല്. അങ്ങനെയെങ്കിൽ വിത്തു മുളയ്ക്കും. 'പഴഞ്ചൊല്ലിൽ പതിരില്ല' എന്ന പ്രമാണമനുസരിച്ച് എല്ലാം കതിരിടും വിളയും. പക്ഷേ പ്രമാണം എപ്പോഴും 'അബദ്ധ പഞ്ചാംഗം' ആയി മാറിയിട്ടുണ്ട്. 1967 ലെ ഇടതുപക്ഷ മുന്നണി ഭരണ കാലത്തുണ്ടായ കാറ്റ് ശരിക്കും വീശിയടിച്ചപ്പോഴാണ് ട്രാൻസ്‌പോർട്ട് വകുപ്പിൽ ആവേശം മൂത്ത് തൊഴിലില്ലാത്ത യുവാക്കളെ നിയമിക്കാൻ തുടങ്ങിയത്. അവശേഷിക്കുന്ന തൊഴിലില്ലായ്മയെ തൂത്തുവാരിക്കളയാൻ ചൂലും ബക്കറ്റും വരെ റെഡിയാക്കിയിരുന്നു. എന്തു ചെയ്യാം, പല വകുപ്പുകളിലുമായി നിയമനം കിട്ടിയവരൊക്കെ 'ഔട്ടാ'യി. ബൂർഷ്വ പാർലമെന്ററി വ്യവസ്ഥയനുസരിച്ച് അഞ്ചു കൊല്ലം ഭരിക്കാനൊന്നും അന്നു കമ്യൂണിസ്റ്റുകാരെ കിട്ടുമായിരുന്നില്ല. ഒരു രണ്ടരക്കൊല്ലം, അതിനപ്പുറം  പാർലമെന്ററി വ്യാമോഹം തലയ്ക്കു പിടിക്കാൻ പാടില്ല. അനുവദിച്ചാൽ പിന്നെ ഇടതുപക്ഷത്ത് ആളുണ്ടാകില്ല. അതുകൊണ്ടു വല്യേട്ടനും കൊച്ചേട്ടനും തമ്മിൽ അടിച്ചു പിരിഞ്ഞു. എങ്കിലും പാരമ്പര്യ 'ജീനു'കൾ ആ കോശങ്ങളിലുണ്ടാകണം. ഇടതു വിജ്ഞാനകോശമനുസരിച്ച് ആളെ തിരുകിക്കയറ്റണം. ഈ നാട്ടിൽ ഒരു ഇടതുപക്ഷൻ പോലും തൊഴിലില്ലായ്മയും പട്ടിണിയും എന്തെന്ന് അനുഭവിക്കാൻ പാടില്ല. മറ്റുള്ളവർ അനുഭവിച്ചോട്ടെ, വിരോധമില്ല. അങ്ങനെയാണ് തിരുവനന്തപുരത്തെ മേയർ കുട്ടി ജില്ല സെക്രട്ടറിക്കു കത്തയച്ചത് എന്നത്രേ ശ്രുതി. 295 താൽക്കാലിക ഒഴിവുണ്ട്. സഖാക്കളുടെ പട്ടികയാണ് വേണ്ടത്. കുട്ടി, നാഗപ്പൻ സഖാവിനുയച്ച കത്ത് പുറത്തായി. കത്ത് കൊണ്ടുപോയ ശിപായി സഖാവ് തപാൽ പെട്ടിക്കു പകരം പരാതിപ്പെട്ടിയിലായിരിക്കാം നിക്ഷേപിച്ചത്. ഒന്നാം പെട്ടി കേന്ദ്രത്തിന്റെ കീഴിലാണ്. വിശ്വസിക്കാൻ കൊള്ളില്ല. ചോരും! ഭയക്കണം, ഇനി ഉണ്ടാകുന്ന ദണ്ഡങ്ങൾക്ക് പാർട്ടി വക കിഴിയും പിഴിച്ചിലും ഉറപ്പാണ്. അതിനു ചില 'പാക്കേജു'കളുമുണ്ട്. മേയർകുട്ടി ആയതിനാലും (ച്ചാൽ, വിദ്യാർഥിനി, ആൾ സെയിന്റ്‌സ് കോളേജ്, തിരുവനന്തപുരം) ഭർത്താവുൾപ്പെടെ സമ്പൂർണ വലയേട്ടൻ പാർട്ടി ആയതിനാലും ഇളവു ലഭിക്കും. സർവ ഡിസ്‌കൗണ്ടുകളും കഴിച്ച് ഒരു മൃദുവായ 'താക്കീതു' നൽകാൻ സാധ്യതയുണ്ട്. യുവമിഥുനങ്ങളുടെ പുഞ്ചിരിയും നിഷ്‌കളങ്കതയും കണ്ടാൽ താക്കീതിനോടൊപ്പം മധുരപലഹാരങ്ങളും കൂടി നൽകാനും നേതൃത്വം മടിക്കില്ല. ഒരു മൊബൈൽ ഫോൺ കാൾ കൊണ്ടു പരിഹരിക്കാവുന്ന ജോലി, വിഷയം, കത്തെഴുതി പിന്നെ അതു പുറത്താക്കി വഷളാക്കിയത് ആരെന്ന കാര്യം ചിന്താവിഷയവും അന്വേഷണ വിഷയവുമാണെന്ന് സംശയമില്ല. 1967-69 ൽ സിഗററ്റ് പാക്കിന്റെ പേപ്പറിൽ ആയിരുന്നു നിയമന ശുപാർശ നടന്നത്. നമ്മുടെ വനിത മേയർ കുട്ടിക്ക് പുകവലിക്കുന്ന ശീലമില്ലാത്തതു നന്നായി. സ്ത്രീ സമത്വ കാലത്ത് ചിലർ അതിനും മടിക്കില്ല. ഇവിടെ മേയർക്കെതിരെ ഗുരുതര ഗൂഢാലോചനയുണ്ട്. കള്ളൻ കപ്പലിൽ തന്നെ ഉണ്ടാകനും ഇടയുണ്ട്.


****                                 ****                    ****


ഓപറേഷൻ ഗുരുതര സ്വഭാവമുള്ള വിഷയം. 'കമല' കൂടിയായാൽ അതീവ ഗുരുതരം. 'തെലങ്കാന'യെന്നാൽ ആനയെന്നോ ഒട്ടകമെന്നോ ഒക്കെ ധരിച്ചിട്ടുള്ളവരെ അത്തരം ഓപറേഷനുകൾക്ക് അയക്കുന്നത് ശുദ്ധ മണ്ടത്തരം.
പീടികത്തിണ്ണയിൽ ബീഡി വലിച്ചിരിക്കുന്നയാളെ പിടിച്ചു തെങ്ങിൽ കയറ്റിയാൽ എന്തുണ്ടാകും? അതു തന്നെ സംഭവിച്ചു. കേന്ദ്ര പ്രതിരോധ മന്ത്രിയാണ് ഇപ്പോൾ 'പ്രതിരോധ'ത്തിലായത്. ബി.ഡി.ജെ.എസ് എന്ന പാർട്ടി തന്നെ ചുണ്ടിൽ ബീഡിയും പിടിച്ച് ഇരിക്കുന്ന കാലമാണ്. 'ഓപറേഷൻ കമല' എന്ന ശാസ്ത്രക്രിയയിൽ പെട്ടിയും തൂക്കി ഹൈദരാബാദിലേക്കു പുറപ്പെടാൻ ഒരു ആജ്ഞ എവിടെ നിന്നോ കണിച്ചുകുളങ്ങരയിലെത്തി. വെള്ളാപ്പള്ളി രണ്ടാമൻ തൽക്ഷണം വിമാനമേറി കുതിച്ചു എന്നു പറഞ്ഞാൽ മതി. പക്ഷേ കടുവയെ കിടുവ പിടിച്ചു. ഡോക്ടറെ അയക്കേണ്ടിടത്ത് ആശുപത്രിയിൽ നഴ്‌സിംഗ് അറ്റൻഡറെ അയച്ചതിന്റെ ഫലം. തുഷാർ വെള്ളാപ്പളളിക്ക് ഉണ്ട ചോറിന് ഉചിതം കാട്ടാതെ വഴിയില്ല. അതിന്റെ വിശദാംശങ്ങളിലേക്കു പോകുന്നില്ല, മാനനഷ്ടം ഭയന്ന്! ചന്ദ്രശേഖർ റാവുവിനോടു കളിച്ച് സാക്ഷാൽ എൻ.ടി. രാമറാവുവിന്റെ മരുമകനും മുൻ മുഖ്യനുമായ ചന്ദ്രബാബു നായിഡു പോലും അടിയറ പറഞ്ഞതാണ്. അവിടെയാണ് നമ്മുടെ വെള്ളാപ്പള്ളി ജൂനിയർ തലെവച്ചു കൊടുത്തത്. 'വേഷം പോയാൽ പൊയ്‌ക്കൊള്ളട്ടെ, കായം കിട്ടുകിലതു ബഹുലാഭം' എന്നു കുഞ്ചൻ നമ്പ്യാർ പാടിയതു മറ്റാരോ പാടിക്കേണ്ടിട്ടുണ്ട് പയ്യൻ. മടക്കയാത്ര റോക്കറ്റിലായിരുന്നു. ടി.ആർ.എസ് പാർട്ടിയുടെ നാല് എമ്മെല്ലേമാർക്ക് മൂന്നുകോടി വാഗ്ദാനവുമായാണ് യാത്ര തുടങ്ങിയത്! കിം ഫലം? വെടിക്കെട്ടുകാരന്റെ പട്ടിയെ ഉടുക്കു കൊട്ടി പേടിപ്പിക്കാൻ ശ്രമിച്ചതു പോലെ എന്നു പറഞ്ഞാൽ കുറച്ചൊക്കെ ഒത്തെന്നു വരും. റാവു കണ്ടിട്ടുള്ള 'കോടി'യൊന്നും തുഷാർ മോൻ കണ്ടിട്ടില്ല; ഇമ്മിണി ബല്യ കസവുള്ള 'കോടിമുണ്ടു' വല്ലതും കണ്ടിരിക്കും. ഏതായാലും ദുഃഖിക്കണ്ട. ഇനി കടുവാ കൂട്ടിലൊന്നു തലയിടേണ്ടി വരില്ല' ഡിസംബറിൽ  ഉള്ളി സുരേന്ദ്രൻ ചേട്ടന്റെ പ്രസിഡന്റ് കാലാവധി തീരും. പിന്നെ ബീഡി , ജെ.എസ് എന്നു രണ്ടായി പിരിയാതെ നോക്കിയാൽ മതി. ആന്ധ്രാപ്രദേശ് രണ്ടായി പകുത്തപ്പോൾ വൃത്തിയും വെടിപ്പും വ്യവസായവുമൊക്കെയുള്ള തെലങ്കാനദേശം റാവു അടിച്ചോണ്ടുപോയി. നായിഡുവിന് കിട്ടിയതു വെറും ആന്ധ്ര. ബീഡിക്കു വകയില്ലാത്ത ദേശം. വെള്ളാപ്പള്ളി രണ്ടാമൻ പലതും ആലോചിക്കേണ്ട സമയം കഴിഞ്ഞു.


****                             ****                            ****


കേരള സർവകലാശാല ഒരു ഇടതുപക്ഷ വിജ്ഞാനകോശം പുറത്തിറക്കാൻ നീക്കം തുടങ്ങിയത്രേ! കേരള ഗവർണറെ പുറത്താക്കാനുള്ള നീക്കവും നടക്കുന്നു. ആരിഫ് ഖാൻജിയെ പടിക്കു പറത്താക്കി വിമാനത്താവളത്തിലേക്ക് അയക്കുമ്പോൾ മെമന്റോ ആയി നൽകാനാവും ഈ ഇടതുവിജ്ഞാന കോശം. സംഘ്പരിവാറുകാരെ കൊണ്ടു രാജ്ഭവൻ നിറഞ്ഞുവെന്ന് എം.എം. മണിയാശാൻ പ്രസ്താവിച്ചു മൂക്കു ചീറ്റിയപ്പോഴേ തോന്നി. ആശാൻ പറഞ്ഞാൽ അച്ചട്ടാകും. ഗവർണർ രാജിവെയ്ക്കാൻ നിർദേശിച്ചിട്ടുണ്ട് ഒരു വി.സിയും പിരിഞ്ഞുപോകാത്തത് കടുത്ത അനീതി ആയിപ്പോയി. ടെക്‌നിക്കൽ സർവകലാശായിൽ ഒരു സൂസിയമ്മ താൽക്കാലിക വിസിയായി ചുമതലയേറ്റതും സാങ്കേതികമായി ശരിയായി. തൽക്ഷണം സ്ഥലം കാലിയാക്കിയത് അതിനേക്കാൾ വല്യ ശരി. ഇങ്ങനെ പകിട കളിച്ചു കളിച്ചു ആരിഫ്ഖാൻജി വീണ്ടും യു.പിയിലേക്കു പോയാലോ? രാജ്ഭവനു മുന്നിൽ നിരന്തര പ്രകടനത്തിനു ആളെ കൂട്ടാനുള്ള വല്യേട്ടന്റെയും കൊച്ചേട്ടന്റെയും പരിശ്രമം വിജയിക്കട്ടെ എന്നു മാത്രമേ പറയാനുള്ളൂ.

 

Latest News