സുധാകരന് പണ്ടേ ആര്‍.എസ്.എസ് ബന്ധമുണ്ട്, പ്രസ്താവനയില്‍ അത്ഭുതമില്ലെന്ന് ഗോവിന്ദന്‍ മാസ്റ്റര്‍

കണ്ണൂര്‍- കണ്ണൂരില്‍ ആര്‍.എസ്എസ് ശാഖ സംരക്ഷിക്കാന്‍ താന്‍ ആളെ അയച്ചുവെന്ന കെ.പി.സി.സി പ്രസിഡണ്ട് കെ.സുധാകരന്റെ പ്രസ്താവനയില്‍ അത്ഭുതമില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. 1969 മുതല്‍ സുധാകരന് ആര്‍.എസ്.എസ് ബന്ധം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഗോവിന്ദന്‍ മാസ്റ്റര്‍.           കെ.പി.സി.സി പ്രസിഡന്റിന്റെ പ്രസ്താവന ജനങ്ങള്‍ വിലയിരുത്തട്ടെ. സുധാകരന്റെ പ്രസ്താവനയില്‍ കോണ്‍ഗ്രസ് നേതൃത്വം നിലപാട് വ്യക്തമാക്കണം. തീവ്ര ഹിന്ദുത്വ നിലപാട് സ്വീകരിക്കുന്ന ബി.ജെ.പിക്ക് ഒപ്പം മൃദു ഹിന്ദുത്വ നിലപാട് സ്വീകരിച്ച് നില്‍ക്കുകയാണ് കോണ്‍ഗ്രസ്- ഗോവിന്ദന്‍ മാസ്റ്റര്‍ ആരോപിച്ചു .
    കണ്ണൂരില്‍ കോണ്‍ഗ്രസും ആര്‍.എസ്.എസും പരസ്പരം സഹകരിച്ചാണ് പ്രവര്‍ത്തിച്ചത്. സി.പി.എം ആര്‍.എസ്.എസിനെ ആക്രമിച്ചുവെന്ന് പറയുന്നത് ആര്‍.എസ്.എസിനെ വെള്ളപൂശാനാണ്. സുധാകരന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ആര്‍.എസ്.എസ് ബന്ധമുണ്ട്. ഇ.പി.ജയരാജനെതിരെ അക്രമം നടത്തിയവരില്‍ ആര്‍.എസ്.എസുകാരുമുണ്ട്. കണ്ണൂരിനെ ദത്തെടുത്ത് സി.പി.എമ്മിനെ നശിപ്പിക്കാന്‍ ശ്രമിച്ചവരാണ് ആര്‍.എസ്.എസ്. ആദ്യം തെരഞ്ഞെടുത്ത ജില്ലയെന്ന നിലയില്‍ രണ്ട് കോടി രൂപ നല്‍കി എന്നത് ആര്‍.എസ്.എസ് നേതാക്കള്‍ തന്നെ വ്യക്തമാക്കിയതാണെന്നും  ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.
ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്നും നീക്കുന്നതില്‍ പൂര്‍ണ്ണ പിന്തുണയാണ് സി.പി.എം നല്‍കുന്നത്. കോണ്‍ഗ്രസ് നേതൃത്വം ഇക്കാര്യത്തില്‍
നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

 

Latest News