ന്യൂദൽഹി - ഇന്ത്യയുടെ അൻപതാമത് ചീഫ് ജസ്റ്റിസ് ആയി ധനഞ്ജയ യശ്വന്ത് ചന്ദ്രചൂഡ് എന്ന ഡി.വൈ ചന്ദ്രചൂഡ് സത്യപ്രതിജ്ഞ ചെയ്തു സ്ഥാനമേറ്റു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. ചീഫ് ജസ്റ്റിസ് പദവിയിൽ യു.യു ലളിതിന്റെ പിൻഗാമിയായായാണ് ചന്ദ്രചൂഡ് സ്ഥാനമേറ്റത്.
2024 നവംബർ 24ന് ആയിരിക്കും അദ്ദേഹം വിരമിക്കുക. ഇന്ത്യയുടെ ചരിത്രത്തിൽ ഏറ്റവും നീണ്ട കാലയളവ് (1978-1985) ചീഫ് ജസ്റ്റിസ് പദവിയിലിരുന്നത് ഡി.വൈ ചന്ദ്രചൂഡിന്റെ പിതാവ് ജസ്റ്റിസ് യശ്വന്ത് വിഷ്ണു ചന്ദ്രചൂഡ് ആണ്. ഇന്ത്യയുടെ 16-ാമത്തെ ചീഫ് ജസ്റ്റിസായിരുന്നു അദ്ദേഹം.
ഡി.വൈ ചന്ദ്രചൂഡ്, എ.ബി വാജ്‌പേയി സർക്കാറിന്റെ കാലത്ത് അഡീഷനൽ സോളിസിറ്റർ ജനറലായി പ്രവർത്തിച്ചു. 2000 മാർച്ച് 29ന് ബോംബെ ഹൈക്കോടതിയിൽ അഡീഷനൽ ജഡ്ജിയായി. 2013 ഒക്ടോബർ 31ന് അലഹാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി. 2016 മേയ് 13ന് സുപ്രീംകോടതി ജഡ്ജിയായി നിയമിതനായി. ഏറ്റവും ഒടുവിൽ ഇന്ന് രാജ്യത്തെ പരമോന്നത കോടതിയുടെ ഏറ്റവും ഉന്നത പദവിയിൽ നിയമിതനുമായിരിക്കുന്നു.






