കളിച്ചു കൊണ്ടിരുന്ന കുട്ടിയുടെ മാല കവര്‍ന്ന അമ്മയും മകനും പിടിയില്‍

ഇടുക്കി- വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയുടെ സ്വര്‍ണ മാല കവര്‍ച്ച ചെയ്ത് വിറ്റ കേസില്‍ അമ്മയെയും മകനെയും ഉപ്പുതറ പോലീസ് അറസ്റ്റ് ചെയ്തു. ചീന്തലാര്‍ ഒന്നാം ഡിവിഷന്‍ ലയത്തില്‍ ശശിയുടെ ഭാര്യ സ്റ്റെല്ല (40), മകന്‍ പ്രകാശ് (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ചീന്തലാര്‍ സ്വദേശികളായ പ്രിന്‍സ് -അനീഷ ദമ്പതികളുടെ ഒരു വയസുള്ള മകന്റെ കഴുത്തിലുണ്ടായിരുന്ന 13 ഗ്രാം തൂക്കം വരുന്ന സ്വര്‍ണമാല കഴിഞ്ഞ 23നാണ് നഷ്ടമായത്.
പോലീസ് അന്വേഷണം തുടങ്ങിയതോടെ സമീപവാസികളായ സ്റ്റെല്ലയും പ്രകാശും മുങ്ങി. കാറ്റാടിക്കവലയില്‍ ഓട്ടോ ഡ്രൈവറായ പ്രകാശ് അവിടെ തന്നെ ഓട്ടോ ഓടിക്കുന്ന മറ്റൊരു ഡ്രൈവറോട് മുണ്ടക്കയത്ത് സ്വര്‍ണം വിറ്റതായി പറഞ്ഞിരുന്നു. തുടര്‍ന്ന് പോലീസ് ഇയാളെ നിരീക്ഷിച്ചു വരുകയായിരുന്നു. തിങ്കളാഴ്ച ഉച്ചക്ക് ഒരു മണിക്ക്  ബസില്‍ അമ്മയും മകനും കട്ടപ്പനക്ക് പോകുന്നതായി ഉപ്പുതറ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് വിവരം ലഭിച്ചു. തുടര്‍ന്ന് സ്വരാജില്‍ വച്ച് സി.ഐ ഇ. ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം ബസ് തടഞ്ഞ് നിര്‍ത്തി യാത്രക്കാരെ ചോദ്യം ചെയ്തു.  പ്രകാശും സ്റ്റെല്ലയും പേര് മാറ്റി പറഞ്ഞെങ്കിലും പോലീസ് ഇവരെ കുടുക്കി.

 

Latest News