നിരത്തുകൾ വീണ്ടും ചോരക്കളം

റോഡുകളിൽ മികച്ച ഡ്രൈവിംഗ് സംസ്‌കാരം വളർന്നു വരേണ്ടതുണ്ടെന്നതാണ് പ്രധാനം. അനുദിനം വാഹനങ്ങളുടെ എണ്ണം വർധിക്കുകയും റോഡുകളിലെ സൗകര്യം മെച്ചപ്പെടാതിരിക്കുകയും ചെയ്യുമ്പോൾ അപകടങ്ങൾക്കുള്ള സാധ്യത വർധിക്കുകയാണ്. ഈ യാഥാർഥ്യം ആദ്യം മനസ്സിലാക്കേണ്ടത് വാഹനം ഉപയോഗിക്കുന്നവർ തന്നെയാണ്. ലക്ഷ്യസ്ഥാനത്തെത്താൻ അമിത വേഗമെടുക്കുന്നവർ മുന്നിൽ പതിയിരിക്കുന്ന അപകടത്തെ കുറിച്ച് ബോധവാൻമാരാകേണ്ടതുണ്ട്.

റോഡുകളിൽ മനുഷ്യ ജീവനുകൾ നിത്യേനയെന്നോണം പൊലിഞ്ഞു വീഴുന്നു. നിരത്തുകൾ ചോരക്കളമാകുന്നു. വാഹനാപകടങ്ങളുടെ എണ്ണത്തിൽ വടക്കൻ കേരളത്തിലെ ജില്ലകളിൽ വർധന തന്നെയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പോലീസ് പരിശോധനകളും വ്യാപകമായ ബോധവൽക്കരണവും അപകടങ്ങളും അതുവഴിയുള്ള മരണങ്ങളും കുറക്കാൻ ഉതകുന്നില്ലെന്നാണ് അനുഭവങ്ങൾ തെളിയിക്കുന്നത്. കോവിഡ് ലോക്ഡൗണുകൾ മൂലം ട്രാഫിക് നിയന്ത്രണങ്ങൾ ഉണ്ടായിരുന്ന ഏതാണ്ട് രണ്ടു വർഷത്തോളം അപകടങ്ങൾക്ക് കുറവുണ്ടായിരുന്നു. എന്നാൽ വീണ്ടും വാഹനങ്ങൾ ചീറിപ്പാഞ്ഞു തുടങ്ങിയതോടെ അപകടങ്ങളുടെ എണ്ണവും വർധിക്കുകയാണ്.
മലബാറിലെ ഓരോ  ജില്ലകളിലും ഒരു വർഷം ശരാശരി ആയിരത്തി അഞ്ഞൂറോളം വാഹനാപകടങ്ങളാണ് നടക്കുന്നത്. ഇരുന്നൂറോളം പേർ ചില ജില്ലകളിലെങ്കിലും ഒരു വർഷം മരിക്കുന്നുണ്ട്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് അപകടങ്ങളുടെയും മരണങ്ങളുടെയും സംഖ്യ കൂടുതലുള്ളത്. കഴിഞ്ഞ വർഷം മാത്രം ഈ മൂന്നു ജില്ലകളിലും ഇരുന്നൂറിലേറെ പേർ വീതം മരിച്ചിട്ടുണ്ടെന്നാണ് പോലീസിന്റെ കണക്ക്. പരിക്കേറ്റവരുടെ എണ്ണം ആയിരങ്ങൾ വരും.
അപകടങ്ങൾക്കായി പുതിയ കാരണങ്ങളൊന്നും ഉണ്ടാകുന്നില്ല. എല്ലാം പഴയതു തന്നെ. അലസമായ ഡ്രൈവിംഗ്, അമിത വേഗം, മദ്യപിച്ചുള്ള ഡ്രൈവിംഗ്, റോഡുകളുടെ ശോചനീയാവസ്ഥ എന്നിവയാണ് പ്രധാന കാരണങ്ങൾ. ഇവയെല്ലാം തന്നെ പതിറ്റാണ്ടുകളായുള്ള കാരണങ്ങളുമാണ്. കാരണങ്ങൾ കണ്ടെത്തിയിട്ടും അത് പരിഹരിച്ച് അപകടങ്ങളുടെ എണ്ണം കുറക്കാൻ നമുക്കായിട്ടില്ല.
ഡ്രൈവിംഗിലെ സാമാന്യ മര്യാദ ഇന്നും വാഹനമോടിക്കുന്നവരിൽ ഭൂരിഭാഗത്തിനും അന്യമാണ്. നിരത്തിലൂടെ ഓടുന്നത് സ്വന്തം വാഹനം മാത്രമാണെന്ന ഭാവമാണ് പലർക്കും. മറ്റു വാഹനങ്ങളെ പരിഗണിക്കുന്നതിനോ അതിന് വേണ്ടി ഡ്രൈവിംഗിൽ വിട്ടുവീഴ്ച ചെയ്യുന്നതിനോ പലപ്പോഴും മനോഭാവമില്ല. എതിർദിശയിൽ നിന്ന് വരുന്ന വാഹനങ്ങളെ ഗൗനിക്കാതെയുള്ള ഓവർടേക്കിംഗ് അപകടങ്ങൾക്ക് പ്രധാന കാരണമാണ്. വാഹനങ്ങൾ തമ്മിൽ നേർക്ക് നേർ കൂട്ടിയിടിച്ചുള്ള അപകടങ്ങൾ വർധിക്കുന്നു. പട്ടാപ്പകൽ പോലും നടക്കുന്ന ഇത്തരം അപകടങ്ങൾ അലസവും ഉത്തരവാദിത്ത രഹിതവുമായ ഡ്രൈവിംഗിന്റെ ഉത്തമോദാഹരണങ്ങളാണ്. അമിതമായ ആത്്മവിശ്വാസവും അമിതാവേശവും ഇത്തരം അപകടങ്ങൾക്ക് പ്രധാന കാരണമാകുന്നു.
ബസുകളുടെ അമിത വേഗമാണ് നിരത്തുകളിൽ അപകടം വിതയ്ക്കുന്ന മറ്റൊരു പ്രധാന കാരണം. റണ്ണിംഗ് ടൈമിന്റെ പേര് പറഞ്ഞ് അമിത വേഗത്തിലോടിക്കുന്ന ബസുകൾ മറ്റുള്ളവരുടെ ജീവന് നൽകുന്നത് പുല്ലുവില. ദീർഘദൂര ബസുകൾ ഇപ്പോഴും റോഡുകളിലെ പേടിസ്വപ്‌നമാണ്. കാറുകൾ, ഓട്ടോ റിക്ഷകൾ തുടങ്ങിയ ചെറുവാഹനങ്ങളെ ഒട്ടും ഗൗനിക്കാതെ അതിവേഗത്തിലോടുന്ന ബസുകൾ ചെറുവാഹനങ്ങളെ ഇടിച്ച് പൊളിക്കുന്ന കാഴ്ചകൾ നിത്യേനയെന്നോണം ദേശീയ പാതകളിൽ കാണാം. വലിയ ഹോണടിച്ച് അലറി വിളിക്കുന്ന സ്വകാര്യ ബസുകൾ റോഡുകളിൽ മരണസംഖ്യ വർധിക്കുന്നതിൽ പ്രധാന ഹേതുവാകുന്നുണ്ട്.
വിദ്യാർഥികളുടെ ബൈക്കോട്ടമാണ് മറ്റൊരു ഭീഷണി. പ്രായപൂർത്തിയാകാത്ത, ലൈസൻസില്ലാത്ത വിദ്യാർഥികൾ പോലും അമിത വേഗത്തിലാണ് ബൈക്കുകളിൽ യാത്ര ചെയ്യുന്നത്. മിക്ക വിദ്യാലയങ്ങളിലും ബൈക്കുകൾക്ക് നിരോധമുണ്ടെങ്കിലും പല കുട്ടികളും വിദ്യാലയങ്ങളിലേക്ക് പോകുന്നത് ബൈക്കുകളിലാണ്. കാമ്പസിന് പുറത്ത് ബൈക്ക് വെച്ചാണ് ഇവർ ക്ലാസുകളിലേക്ക് പോകുന്നത്. ഇതിനാൽ സ്‌കൂൾ, കോളേജ് അധികൃതർക്ക് നടപടിയെടുക്കാനുമാകില്ല. ക്ലാസ് കഴിഞ്ഞാൽ പിന്നീട് നിരത്തുകളിൽ ഇവർ നടത്തുന്ന ബൈക്ക് സ്റ്റണ്ടുകൾ കാഴ്ചക്കാരെ ആശങ്കപ്പെടുത്തുന്നതാണ്.
റോഡുകളുടെ ശോചനീയാവസ്ഥയും അപകട മരണങ്ങൾക്ക് ഇടയാക്കുന്നു. ഇരുചക്ര വാഹന യാത്രക്കാരാണ് അപകടങ്ങളിൽ പെടുന്നവരേറെയും. കുണ്ടും കുഴിയും നിറഞ്ഞ റോഡുകളിൽ ബൈക്കുകൾ നിയന്ത്രണം വിട്ട് മറിയുന്നത് പതിവാണ്. സ്ത്രീ ഡ്രൈവർമാരാണ് ഇത്തരം അപകടങ്ങളിലെ ഇരകൾ. നിയന്ത്രണം വിട്ട് മറിയുന്ന വാഹനങ്ങളിൽ നിന്ന് യാത്രക്കാർ പിറകിൽ വരുന്ന വലിയ വാഹനങ്ങൾക്കടിയിലേക്ക് വീഴുന്നതും നിത്യസംഭവങ്ങളാണ്. ഇത്തരം അപകടങ്ങളിൽ മരണ സാധ്യത കൂടുതലുമാണ്. റോഡുകൾ പലതും മാസങ്ങളായി തകർന്നാണ് കിടക്കുന്നത്. നല്ല രീതിയിൽ വാഹനങ്ങൾക്ക് പോകാനുതകുന്ന രീതിയിൽ ഇവ മെച്ചപ്പെടുത്തുന്നതിന് പൊതുമരാമത്ത് വകുപ്പിന്റെ ഭാഗത്തു നിന്ന് നടപടികളുണ്ടാകുന്നുമില്ല.
റോഡുകളിൽ മികച്ച ഡ്രൈവിംഗ് സംസ്‌കാരം വളർന്നു വരേണ്ടതുണ്ടെന്നതാണ് പ്രധാനം. അനുദിനം വാഹനങ്ങളുടെ എണ്ണം വർധിക്കുകയും റോഡുകളിലെ സൗകര്യം മെച്ചപ്പെടുതിരിക്കുകയും ചെയ്യുമ്പോൾ അപകടങ്ങൾക്കുള്ള സാധ്യത വർധിക്കുകയാണ്. ഈ യാഥാർഥ്യം ആദ്യം മനസ്സിലാക്കേണ്ടത് വാഹനം ഉപയോഗിക്കുന്നവർ തന്നെയാണ്. ലക്ഷ്യസ്ഥാനത്തെത്താൻ അമിത വേഗമെടുക്കുന്നവർ മുന്നിൽ പതിയിരിക്കുന്ന അപകടത്തെ കുറിച്ച് ബോധവാൻമാരാകേണ്ടതുണ്ട്. ഓരോ വാഹനങ്ങളുടെയും വേഗം, അതോടിക്കുന്നവരുടെ ഡ്രൈവിംഗ് രീതി എന്നിവ വ്യത്യസ്തമാണ്. അതുകൊണ്ടു തന്നെ ഏറെ ശ്രദ്ധ ആവശ്യമുള്ള കാര്യമാണ് ഡ്രൈവിംഗ്. അലസവും ഉത്തരവാദിത്തമില്ലാത്തതുമായ രീതിയിലുള്ള ഡ്രൈവിംഗ് മറ്റുള്ളവരുടെ ജീവന് മാത്രമല്ല, സ്വന്തം ജീവന് കൂടി അപകടം ക്ഷണിച്ചു വരുത്തുന്നതാണ്.
ട്രാഫിക് നിയമങ്ങൾ നടപ്പാക്കുന്നതിൽ അടുത്ത കാലത്തായി വലിയ അലംഭാവം അധികൃതരുടെ ഭാഗത്തു നിന്നുണ്ടാകുന്നുണ്ട്. വാഹന പരിശോധന പലയിടത്തും കുറഞ്ഞു. ചെറുപട്ടണങ്ങളിൽ ട്രാഫിക് സിഗ്നലുകൾ പലതും പ്രവർത്തിക്കുന്നില്ല. മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താനുള്ള പരിശോധനയും കാര്യമായി നടക്കുന്നില്ല. റോഡരികുകളിൽ സ്ഥാപിച്ച ട്രാഫിക് ക്യാമറകൾ വഴിയുള്ള നിയമപാലനമാണ് ഇപ്പോൾ പ്രധാനമായി നടക്കുന്നത്. നിയമം കർശനമായി നടപ്പാക്കുന്നതോടൊപ്പം ട്രാഫിക് ബോധവൽക്കരണവും ശക്തമാകേണ്ടതുണ്ട്. എങ്കിൽ മാത്രമേ, അലസമായ ഡ്രൈവിംഗിലൂടെയുള്ള അപകടങ്ങളും അപകട മരണങ്ങളും കുറക്കാനാകൂ. 

Latest News