റിയാദ് - ലോകകപ്പ് മത്സരങ്ങളും പരിപാടികളും വീക്ഷിക്കാന്‍ ഖത്തറിലേക്ക് യാത്ര പോകാന്‍ ആഗ്രഹിക്കുന്ന മുഴുവന്‍ പേരുടെയും പക്കല്‍ ഹയ്യാ പ്ലാറ്റ്‌ഫോമില്‍ രജിസ്റ്റര്‍ ചെയ്ത പാസ്‌പോര്‍ട്ട് ഉണ്ടായിരിക്കല്‍ നിര്‍ബന്ധമാണെന്ന് സൗദി ജവാസാത്ത് വ്യക്തമാക്കി. ലോകകപ്പ് സമയത്ത് സ്വദേശികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് ഖത്തര്‍ യാത്ര സാധ്യമാകില്ല. ലോകകപ്പ് മത്സരങ്ങളും പരിപാടികളും വീക്ഷിക്കാന്‍ ഖത്തറിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ ഖത്തര്‍ നിര്‍ബന്ധമാക്കിയ ഹയ്യാ കാര്‍ഡ് നേടലും ഹയ്യാ പ്ലാറ്റ്‌ഫോമില്‍ രജിസ്റ്റര്‍ ചെയ്ത പാസ്‌പോര്‍ട്ടില്‍ യാത്ര ചെയ്യലും നിര്‍ബന്ധമാണ്.
സൗദി വഴി ഖത്തറിലേക്ക് പോകുന്ന ഗള്‍ഫ് പൗരന്മാരുടെയും സ്വദേശികളുടെയും പാസ്‌പോര്‍ട്ടുകളില്‍ മൂന്നു മാസത്തില്‍ കുറയാത്ത കാലാവധിയുണ്ടായിരിക്കണം. മറ്റു രാജ്യക്കാരുടെ പാസ്‌പോര്‍ട്ടുകളില്‍ ആറു മാസത്തില്‍ കുറയാത്ത കാലാവധിയാണ് ഉണ്ടായിരിക്കേണ്ടത്. ഖത്തര്‍ യാത്രക്കു മുമ്പായി ഹയ്യാ കാര്‍ഡ് നേടുകയും കാര്‍ഡ് ആക്ടിവേറ്റ് ആവുകയും വേണമെന്നും ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി. സാധാരണ ഗള്‍ഫ് പൗരന്മാര്‍ക്ക് മറ്റു ഗള്‍ഫ് രാജ്യങ്ങളിലേക്ക് തിരിച്ചറിയല്‍ കാര്‍ഡ് മാത്രം ഉപയോഗിച്ച് യാത്ര പോകാന്‍ സാധിക്കും. ഇതിന് പാസ്‌പോര്‍ട്ട് ആവശ്യമില്ല. എന്നാല്‍ സൗദി പൗരന്മാരുടെയും മറ്റു ഗള്‍ഫ് പൗരന്മാരുടെയും ഖത്തര്‍ യാത്രക്ക് ഈ സംവിധാനം ലോകകപ്പ് നടക്കുന്ന കാലത്ത് നിലവിലുണ്ടാകില്ല എന്നാണ് ജവാസാത്ത് വ്യക്തമാക്കിയിരിക്കുന്നത്.