ചെന്നൈ-തമിഴ്‌നാട്ടില്‍ പനിക്കുള്ള കുത്തിവെപ്പെടുത്ത ആറു വയസ്സുകാരന്‍ മരിച്ചതിനെ തുടര്‍ന്ന് വ്യാജ ഡോക്ടര്‍ അറസ്റ്റില്‍. വിരുദുനഗര്‍ ജില്ലയിലാണ് സംഭവം. ക്ലിനിക്കില്‍ വെച്ച് പനിക്കുള്ള കുത്തിവെപ്പെടുത്ത ബാലന്‍ മരിച്ചതിനെ തുടര്‍ന്ന് ക്ലിനിക്ക് നടത്തുന്ന കാതറീനാണ് അറസ്റ്റിലായത്.
നവംബര്‍ നാലിനാണ് ആറുവയസ്സുകാരന്‍ കവി ദേവനാഥിനെ അസുഖം ബാധിച്ചതിനെ തുടര്‍ന്ന് പിതാവ് മഹേശ്വരന്‍ അറസ്റ്റിലായ കാതറിന്‍ നടത്തുന്ന ക്ലിനിക്കിലെത്തിച്ചത്. കുത്തിവെപ്പെടുത്ത ശേഷം വീട്ടില്‍ തിരിച്ചെത്തിയ കുട്ടിയുടെ കാല്‍ വീര്‍ക്കാന്‍ തുടങ്ങി. കഠിനമായ വേദനയും അനുഭവപ്പെട്ടു.
തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ പിതാവ് മഹേശ്വരന്റെ ആവശ്യപ്രകാരം പാരസെറ്റമോള്‍ കുത്തിവയ്പ്പ് നല്‍കി. വീട്ടിലേക്ക് മടങ്ങുമ്പോള്‍ കുട്ടി കുഴഞ്ഞു വീണതിനെ തുടര്‍ന്ന്
രാജപാളയം സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. മഹേശ്വരന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പോലീസും അന്വേഷണം ആരംഭിച്ചു.
അന്വേഷണം സംഘം കാതറിന്‍ ക്ലിനിക്കിലെത്തി അവര്‍ യോഗ്യതയുള്ള മെഡിസിനല്‍ പ്രാക്ടീഷണറല്ലെന്ന് കണ്ടെത്തുകയായിരുന്നു. ക്ലിനിക്കില്‍ നിന്ന് നിരവധി മരുന്നുകളും ഇഞ്ചക്ഷനുകളും കണ്ടെടുത്തു.
കാതറിന്‍ കുത്തിവയ്പ്പ് നടത്തിയ ഭാഗം സെപ്റ്റിക് ആയി മാറിയത് സങ്കീര്‍ണതകളിലേക്ക് നയിച്ചതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കാതറിന്‍ അറസ്റ്റിലായത്.
കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.






