Sorry, you need to enable JavaScript to visit this website.

ലഹരി പാർട്ടികൾ ഹോട്ടലുകളിൽനിന്ന് വീടുകളിലേക്ക്; 400 കുട്ടികൾ ജയിലിൽ

- ലഹരിക്കെതിരെയുള്ള പോരാട്ടം കൂടുതൽ ശക്തമാക്കണമെന്ന് ഋഷിരാജ് സിങ്
മലപ്പുറം - കേരളത്തിൽ ലഹരി പാർട്ടികൾ ഹോട്ടലുകളിൽ നിന്ന് വീടുകളിലേക്ക് മാറുന്നതായി ജയിൽ മുൻ ഡി.ജി.പിയും എക്‌സൈസ് കമ്മിഷണറുമായിരുന്ന ഋഷിരാജ് സിങ്. പോലീസും എക്‌സൈസും ഹോട്ടലുകളിലും റിസോർട്ടുകളിലും നിരീക്ഷണം ശക്തമാക്കിയതോടെയാണ് ലഹരിപാർട്ടികൾ വീടുകളിലേക്ക് നീങ്ങുന്നത്. 
 വിവാഹം ഉൾപ്പെടെ വിവിധ പാർട്ടികളുടെ പേരിൽ വീടുകളിൽ ലഹരി നുണയുന്ന സാഹചര്യം ഉണ്ട്. ഇത് സമൂഹത്തെ വലിയ അപകടത്തിലേക്ക് നയിക്കും. രക്ഷിതാക്കൾ ഉൾപ്പെടെ കുടുംബാംഗങ്ങൾ പ്രശ്‌നത്തെ കൂടുതൽ ഗൗരവത്തോടെ സമീപിക്കണം. ലഹരി കടത്തിയ നാനൂറോളം കുട്ടികളാണ് കുട്ടികൾക്കായുള്ള ജയിലിൽ കഴിയുന്നതെന്നും അദ്ദേഹം നിലമ്പൂരിൽ മാധ്യമങ്ങളുമായി സംസാരിക്കവെ വ്യക്തമാക്കി. 
 പെൺകുട്ടികളെപ്പോലും ലഹരിക്കടത്തിന് കാരിയർമാരാക്കുകയാണ്. ഒരു പൊതി സ്‌കൂൾ ബാഗിലാക്കി ലക്ഷ്യസ്ഥലത്ത് എത്തിച്ചാൽ അഞ്ഞൂറും ആയിരം രൂപയുമാണ് ഇവർക്ക് പ്രതിഫലം ലഭിക്കുന്നത്. തമാശക്കായാണ് പലരും ലഹരി ആദ്യമായി ഉപയോഗിക്കുന്നത്. ഒരു തവണ ഉപയോഗിച്ചാൽ പോലും വീണ്ടും ഉപയോഗിച്ച് അടിമകളാക്കുന്ന തരത്തിലുള്ളതാണ് ലഹരി വസ്തുക്കൾ. സ്ത്രീകൾക്കായി ലിപ്സ്റ്റിക്കിലും സിഗരറ്റിലും വരെ ലഹരിയെത്തുന്നുണ്ട്. 
 തലമുറകളെ നശിപ്പിക്കുന്ന ലഹരിക്കെതിരെയുള്ള പോരാട്ടം കുട്ടികളിൽ നിന്നാണ് തുടങ്ങേണ്ടത്. ആയിരത്തോളം സ്‌കൂളുകളിൽ ലഹരിക്കെതിരെ പ്രസംഗിച്ചിട്ടുണ്ട്. എക്‌സൈസ് കമ്മിഷണറായിരിക്കെ ലഹരിക്കെതിരെ ആരംഭിച്ച പോരാട്ടം ഇപ്പോഴും തുടരുകയാണ്. മന്ത്രിമാരും നേതാക്കൻമാരും കലക്ടറും എസ്.പിയും ഉന്നത ഉദ്യോഗസ്ഥരുമെല്ലാം മാസത്തിൽ ഒരു സ്‌കൂളിലെങ്കിലും പോയി ലഹരിവിപത്തിനെതിരെ കുട്ടികളോട് സംസാരിക്കണം. അത് സമൂഹത്തിൽ വലിയ മാറ്റമുണ്ടാക്കും. താൻ ദിവസം മൂന്നും നാലും സ്‌കൂളുകളിൽ വരെ ലഹരിക്കെതിരായ പ്രചരണവുമായി പോവുന്നുണ്ടെന്നും ഇപ്രകാരം കേരളത്തിലെ 1300 സ്‌കൂളുകളിലും 7000 കോളേജുകളിലും ലഹരിവിരുദ്ധ പ്രചരണവുമായി പോകാനാണ് ആഗ്രഹിക്കുന്നതെന്നും ഋഷിരാജ് സിങ് പറഞ്ഞു.
 

Latest News