Sorry, you need to enable JavaScript to visit this website.

കോഴിക്കോടിന്റെ സ്വന്തം ഊട്ടിയിൽ

കരിയാത്തുംപാറയുടെ വശ്യമനോഹാരിത 
യാത്ര സംഘം  

കക്കയം മലനിരകളുടെ മടിത്തട്ടിൽ ഭൂമിക്ക് ഹരിതകമ്പളം വിതച്ചതുപോലെ വശ്യമനോഹരമായ കരിയാത്തുംപാറ. അന്തരീക്ഷത്തിൽ കോടമഞ്ഞും ആകാശത്ത് മഴവില്ലും വിരിയുന്ന അപൂർവ സൗന്ദര്യത്തിന്റെ നിറവ്. ശാന്തമായൊഴുകുന്ന നീർച്ചാലുകളിൽ തണുത്ത, സ്ഫടിക സമാനമായ വെള്ളം കളകളാരവം മുഴക്കി ഉരുളൻ കല്ലുകളിൽ തട്ടിത്തെറിച്ച് താഴേക്ക് ഒഴുകിപ്പോകുന്നു. ഇവിടേക്ക് വരാനുളള തീരുമാനം എന്തുകൊണ്ടും നന്നായി എന്ന് തോന്നി. കോഴിക്കോട് ജില്ലയിലെ കൂരാച്ചുണ്ടിലേക്ക് ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാനുള്ള കുടുംബാംഗങ്ങളുമായുള്ള യാത്ര ഒരു അവധിക്കാല വിനോദയാത്ര കൂടിയാക്കി പ്ലാൻ ചെയ്യുകയായിരുന്നു. അതാകട്ടെ, കോഴിക്കോടിന്റെ ഉൗട്ടിയിലേക്കുള്ള അവിസ്മരണീയമായ സഞ്ചാരാനുഭവമാണ് സമ്മാനിച്ചത്. 21 പേർക്ക് യാത്ര ചെയ്യാവുന്ന ട്രാവലറിലായിരുന്നു യാത്ര. 

ഒരു ശനിയാഴ്ച ഉച്ചക്കു ശേഷം ഈരാറ്റുപേട്ടയിൽനിന്ന് പുറപ്പെട്ടു. ഇടക്കൊക്കെ വിശ്രമിച്ച് രാത്രി ഒന്നരയോടെ കൂരാച്ചുണ്ടെത്തി. തെക്കൻ കേരളത്തിൽനിന്ന് മലബാറിലേക്കുള്ള കുടിയേറ്റത്തിന്റെ ആദ്യകാലത്ത് ഈരാറ്റുപേട്ടയിൽനിന്ന് കൂരാച്ചുണ്ടിലേക്ക് കുടിയേറിയ കുടുംബമായിരുന്നു എന്റെ പിതാവിന്റേത്.
പ്രഭാത ഭക്ഷണമൊക്കെ കഴിഞ്ഞപ്പോഴാണ് കരിയാത്തുംപാറയിൽ പോയാലോ എന്ന അഭിപ്രായമുയർന്നത്. സമയം ഏതാണ്ട് പതിനൊന്ന് മണി. അപ്പോൾ പോയാൽ നിക്കാഹിനു മുമ്പ് തിരിച്ചെത്താൻ കഴിയില്ലെന്ന് തോന്നിയതിനാൽ കല്യാണം കൂടിയ ശേഷം നാട്ടിലേക്ക് തിരിച്ചുപോകുന്ന വഴി കരിയാത്തുംപാറ കണ്ട് പോകാമെന്ന് തീരുമാനിച്ചു. അങ്ങനെ മൂന്ന് മണിയോടെ കരിയാത്തുംപാറയിലേക്ക്. 

കൂരാച്ചുണ്ട് അങ്ങാടിയിൽനിന്ന് ആറ് കി.മീ അകലെയാണ് കോഴിക്കോടിന്റെ ഊട്ടിയെന്നും മലബാറിന്റെ തേക്കടിയെന്നുമൊക്കെ അറിയപ്പെടുന്ന കരിയാത്തുംപാറ എന്ന അതിമനോഹര സ്ഥലം. 
കോഴിക്കോട് നഗരത്തിൽനിന്നു 45 കിലോമീറ്റർ. കോഴിക്കോട് - കക്കയം റൂട്ടിലാണ് കരിയാത്തും പാറ. ബാലുശ്ശേരി വഴി എസ്റ്റേറ്റ്മുക്കിലെത്തി ഇടത്തോട്ട് തിരിഞ്ഞാൽ കക്കയം റോഡാണ്. പേരാമ്പ്രയിൽനിന്ന് കൂരാച്ചുണ്ട് വഴി ഇവിടേക്ക് 20 കി.മീ. 
കൂരാച്ചുണ്ട്-കല്ലാനോട് റോഡിൽ തോണിക്കടവിൽനിന്ന് തിരിഞ്ഞ് തടാക തീരത്തെ റോഡിലൂടെയാണ് ഞങ്ങൾ യാത്ര ചെയ്തത്. 

ആറ് വർഷം മുമ്പ് ഒരിക്കലിവിടെ വന്നപ്പോൾ ഉള്ളതിനേക്കാൾ വ്യത്യസ്തമായ കാഴ്ചകൾ. അന്ന് യാത്ര ഒരു മെയ് മാസത്തിലായിരുന്നു. വേനൽ കത്തി നിൽക്കുന്ന സമയം. പച്ചപ്പ് കുറവ്. തീരത്തെ പുല്ലുകൾ പല ഭാഗങ്ങളിലും ഉണങ്ങിയിരിക്കുന്നു. നീരൊഴുക്ക് ഏതാണ്ട് നിലച്ചിരിക്കുന്നു. വെള്ളം പലയിടത്തും കെട്ടിക്കിടക്കുന്നു, ചിലയിടങ്ങളിൽ ചെറിയ ചാൽ മാത്രം. പ്രധാന തടാകത്തിലെ ജലനിരപ്പ് താഴ്ന്നിരിക്കുന്നു. നാൽക്കാലികൾ മേഞ്ഞു നടക്കുന്നു. വിനോദ സഞ്ചാരികളായി കാര്യമായി ആരെയും അന്ന് കാണാൻ കഴിഞ്ഞില്ല. 

എന്നാൽ ഇത്തവണ തെക്കൻ കേരളത്തിൽ നിലക്കാതെ മഴ പെയ്യുന്ന നാളുകളിലാണ് ഞങ്ങൾ വടക്കോട്ട് യാത്ര ചെയ്തത്. ഞങ്ങൾ എത്തിച്ചേർന്ന രാത്രി സമയത്ത് നല്ല മഴയുണ്ടായിരുന്നെങ്കിലും ഒന്നു രണ്ട് ദിവസത്തെ ഇടവേളക്കു ശേഷമാണ് കൂരാച്ചുണ്ടിൽ മഴ പെയ്തതെന്ന് അറിഞ്ഞു. ഇത്തവണ മഴക്കാലമായതിനാൽ കരിയാത്തുംപാറ നേരത്തെ കണ്ടതു പോലെയാവില്ലെന്ന് ഉറപ്പുണ്ടായിരുന്നു. 

വാഹനം ജലാശയത്തിന് സമീപമുള്ള റോഡിലേക്ക് പ്രവേശിച്ചപ്പോൾ തന്നെ പച്ചപ്പിന്റെ മനോഹര ദൃശ്യങ്ങൾ കണ്ടുതുടങ്ങി. വിശാലമായി കിടക്കുന്ന പച്ചപ്പുൽത്തകിടികൾ കണ്ണിന് ഏറെ കുളിർമയേകി. പുൽത്തകിടികളിലൂടെ  കാലികൾ മേഞ്ഞു നടക്കുന്നു. പച്ച പരവതാനി വിരിച്ചതു പോലുള്ള ആ കാഴ്ച വാഗമൺ മലനിരകളിലെ മൊട്ടക്കുന്നുകളെ ഓർമിപ്പിച്ചു. 
കരിയാത്തുംപാറ എത്തിയപ്പോഴേക്കും ശരിക്കും അദ്ഭുതപ്പെട്ടു. കഴിഞ്ഞ തവണ വന്നപ്പോൾ ആളും അനക്കവും ഇല്ലാതിരുന്ന സ്ഥലത്ത് ഇത്തവണ ഉത്സവ പ്രതീതി. സഞ്ചാരികളുടെ തിക്കും തിരക്കും. ഒപ്പം വഴിവാണിഭക്കാരുടെയും ഐസ്‌ക്രീം കച്ചവടക്കാരുടെയും തിരക്ക്. നേരത്തെ ഏതു വഴിയിലൂടെയും തടാക തീരത്തേക്ക് ഇറങ്ങാമായിരുന്നത്, ഇപ്പോൾ അതിരുകളിൽ ഇരുമ്പ് വേലികൾ കെട്ടി ഗേറ്റ് വെച്ച് പ്രവേശന പാസ് ഏർപ്പെടുത്തിയിട്ടുണ്ട്. മുതിർന്നവർക്ക് 30 രൂപയാണ് പ്രവേശന ഫീസ്. അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യം.

ആകാശത്ത് മഴമേഘങ്ങൾ കൂടുന്നുണ്ടെങ്കിലും ഞങ്ങൾ പാസെടുത്ത് അകത്തു കടന്നു. അകത്തെത്തിയ ഉടൻ മഴ ചെറുതായി ചാറിയെങ്കിലും പെട്ടെന്ന് നിന്നത് ആശ്വാസമായി.  ഗേറ്റ് കടന്ന് വലതു ഭാഗത്തുള്ള ജിന്നുകുഴി എന്നറിയപ്പെടുന്ന ഭാഗമുള്ളിടത്തേക്കാണ് ആദ്യം പോയത്. ആ ഭാഗത്തു കൂടിയാണ് നീർച്ചാലുകൾ താഴെക്ക് ഒഴുകിവരുന്നത്. അവിടേക്ക് പോകുമ്പോൾ ആദ്യം തന്നെ വലിയൊരു മരം ചെറിയ നീർച്ചാലിലേക്ക് മറിഞ്ഞു കിടക്കുന്നത് കാണാം. അതിൽ കയറിയിരുന്ന് ഫോട്ടോയെടുക്കാനുള്ള തിരക്കിലാണ് സഞ്ചാരികൾ പലരും. ഞങ്ങൾ അവരെയും നീർച്ചാലും കടന്ന് മുന്നോട്ട് നടന്നു. കുട്ടികളും യുവാക്കളുമൊക്കെയായി നിരവധി പേർ വെള്ളത്തിൽ ആർത്തുല്ലസിച്ച് കുളിക്കുന്നു, ചിലർ നല്ല ശക്തിയിൽ ഒഴുകിവരുന്ന വെള്ളത്തിൽ ഉരുളൻ കല്ലുകൾക്കിടയിൽ കഴുത്തോളം മുങ്ങി ഇരിക്കുന്നു, ചിലർ വെള്ളത്തിൽനിന്ന് പെറുക്കിയെടുക്കുന്ന ഉരുളൻ കല്ലുകൾ അടുക്കിവെച്ച് ഗോപുരമുണ്ടാക്കുന്ന വിനോദത്തിൽ ഏർപ്പെട്ടിരിക്കുന്നു. 

വിവാഹ സംഘത്തിന്റെ ഫോട്ടോഷൂട്ടും വീഡിയോ ഷൂട്ടുമൊക്കെ ഇതിനിടയിൽ ചില ഭാഗങ്ങളിൽ നടക്കുന്നുണ്ട്. സഞ്ചാരികളുടെ തിരക്കൊഴിയുന്ന ദിവസങ്ങളിൽ ഇവിടും ഫോട്ടോഷൂട്ടുകാരുടെയും ആൽബം നിർമാതാക്കളുടെയുമൊക്കെ ഇഷ്ട കേന്ദ്രമാണ്. ഇതിനകം തന്നെ നിരവധി ആൽബങ്ങൾ കരിയാത്തുംപാറയുടെ ദൃശ്യഭംഗി പകർത്തി പുറത്തിറങ്ങിയിട്ടുണ്ട്. 


പൈൻ ഉൾപ്പെടെ ഒട്ടേറെ ഭംഗിയാർന്ന മരങ്ങൾ വെള്ളത്തിലും കരയിലുമൊക്കെയായി ഇവിടെ കാണാം. ചില മരങ്ങൾ കരയിൽ നിലയുറപ്പിച്ച് വെള്ളത്തിലേക്ക് കുമ്പിട്ട് കിടക്കുന്നു, ചില മരങ്ങൾ വെള്ളത്തിൽ ഉണങ്ങി തടി മാത്രമായി നിൽക്കുന്നു. വിവിധ തരം പക്ഷികളും കൊക്കുകളുമൊക്കെ മരങ്ങളിൽ തമ്പടിച്ചിരിക്കുന്നു. ഒരു ഭാഗത്ത് ചിലർ ചൂണ്ടയിട്ട് സമയം പോക്കുന്നതും കണ്ടു. നേരത്തെയുണ്ടായിരുന്ന കുതിര സവാരി പുനരാരംഭിച്ചിട്ടില്ലെന്ന് തോന്നി. അങ്ങകലെ പുൽമേട്ടിൽ കുതിര തനിയെ മേഞ്ഞു നടക്കുന്നു. 
മലനിരകൾക്ക് മുകളിലുള്ള കക്കയം ഡാമിൽനിന്ന് വരുന്ന വെള്ളമാണ് ഇതുവഴി പെരുവണ്ണാമുഴി ഡാമിന്റെ ഭാഗമായ ഈ തടാകത്തിലേക്ക് എത്തിച്ചേരുന്നത്. 

ആകർഷണ കേന്ദ്രം എന്നതിനൊപ്പം കയങ്ങളിൽ അപകടവും പതിയിരിക്കുന്നുണ്ടിവിടെ. നിരവധി മനുഷ്യ ജീവനുകൾ ഇതിനകം ഇവിടത്തെ കയങ്ങളിൽ പൊലിഞ്ഞിട്ടുണ്ട്. സുരക്ഷ സംവിധാനങ്ങൾ ഏർപ്പെടുത്തിയ ശേഷമാണ് നാളുകളായി അടഞ്ഞുകിടന്നിരുന്ന കരിയാത്തുംപാറ കഴിഞ്ഞ ഫെബ്രുവരിയിൽ സഞ്ചാരികൾക്കായി വീണ്ടും തുറന്നുകൊടുത്തത്. എങ്കിലും അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് വലുതായി അനുഭവപ്പെടുന്നുണ്ട്. റിസർവോയർ ഭാഗത്തേക്ക് ഇറങ്ങാൻ മതിയായ സൗകര്യം ഏർപ്പെടുത്താത്തതിനാൽ ഇടിഞ്ഞു കിടക്കുന്ന സ്ഥലത്തുകൂടി സാഹസപ്പെട്ട് വേണം താഴേക്ക് ഇറങ്ങാൻ. സഞ്ചാരികൾക്കാവശ്യമായ പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനുള്ള സൗകര്യങ്ങളും ഇവിടെ ഏർപ്പെടുത്തിയിട്ടില്ല. 


ഒരു ദിവസത്തെ ട്രിപ്പ് പ്ലാൻ ചെയ്ത് എത്തുന്നവർക്ക് കരിയാത്തുംപാറക്കു പുറമെ സന്ദർശിക്കാൻ പറ്റിയ നിരവധി സ്ഥലങ്ങളും സമീപ പ്രദേശങ്ങളിലുണ്ട്. പാപ്പൻചാടിക്കുഴി വെള്ളച്ചാട്ടം, ഉരക്കുഴി വെള്ളച്ചാട്ടം, തോണിക്കടവ്, പെരുവണ്ണാമുഴി ഡാം, കക്കയം ടൂറിസത്തിന്റെ ഭാഗമായ കക്കയം ഡാം, കക്കയം വാട്ടർഫാൾ, വ്യൂ പോയന്റ്, വയലടക്കടുത്തുള്ള മുള്ളമ്പാറ എന്നിവിടങ്ങളൊക്കെ സന്ദർശിച്ച് മടങ്ങാം. 


ജൂലൈ - സെപ്റ്റംബർ മാസങ്ങളാണ് ഇവിടം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം. രാവിലെ 10 മുതൽ വൈകുന്നേരം ആറ് മണി വരെയാണ് പ്രവേശനം. 
തിരികെ ദീർഘമായ ഒരു യാത്രയും കോഴിക്കോട്ടുനിന്ന് കുറച്ച് പുസ്തകങ്ങളും വാങ്ങാനുള്ളതിനാൽ കൂടുതൽ സമയം അവിടെ തങ്ങാൻ കഴിഞ്ഞില്ല. രണ്ട് മണിക്കൂറോളം ചെലവഴിച്ച് ഞങ്ങൾ തിരികെ യാത്ര ആരംഭിച്ചു. 


കരിയാത്തുംപാറയിലേക്ക് പോകുമ്പോൾ തടസ്സങ്ങളൊന്നുമില്ലാതെ എത്തിയെങ്കിലും തിരിച്ചുള്ള യാത്രയിൽ ഇടുങ്ങിയ റോഡിലൂടെയുള്ള യാത്ര ബുദ്ധിമുട്ടായി. യാത്രക്കാർ കൂടിയാൽ എതിർദിശയിലും വാഹനങ്ങളുണ്ടാകും. അപ്പോൾ പലേടത്തും ഗതാഗതക്കുരുക്ക് ഉണ്ടാകും. വാഹനങ്ങളുടെ പാർക്കിംഗും വലിയൊരു പ്രശ്‌നം തന്നെയാണ്. ചെറിയൊരു പെയ്ഡ് പാർക്കിംഗ് സമീപത്തുണ്ട്. വരുന്ന വാഹനങ്ങളെ മുഴുവൻ ഉൾക്കൊള്ളാൻ അത് പര്യാപ്തമല്ല. കൂടുതൽ വാഹനങ്ങളും റോഡരികിലാണ് പാർക്ക് ചെയ്യുന്നത്. ഇതും വലിയ ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്നുണ്ട്. റോഡ് വീതി കൂട്ടാനും പാർക്കിംഗ് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാനും തയാറായാൽ കൂടുതൽ സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കാം.
 

Latest News