ട്വിറ്ററിന് പിന്നാലെ മെറ്റയിലും കൂട്ട പിരിച്ചുവിടല്‍ വരുന്നു

ന്യൂയോര്‍ക്ക്- ഫെയ്‌സ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റ ഈയാഴ്ച വന്‍തോതില്‍ ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. മെറ്റയുടെ കൂട്ടപ്പിരിച്ചുവിടല്‍ നടപടിയില്‍ ആയിരക്കണക്കിന് ജീവനക്കാര്‍ക്ക് താത്കാലികമായോ സ്ഥിരമായോ ജോലി നഷ്ടമാകാന്‍ ഇടയുണ്ടെന്നാണ് ദ വാള്‍ സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ട്. ബുധനാഴ്ചയോടെ മെറ്റ ഇതുസംബന്ധിച്ചുള്ള പ്രസ്താവന പുറത്തിറക്കിയേക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍, റിപ്പോര്‍ട്ടിനെ കുറിച്ച് മെറ്റ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഈ കൊല്ലം സ്‌റ്റോക്ക് മാര്‍ക്കറ്റില്‍ വന്‍ഇടിവാണ് മെറ്റയ്ക്ക് നേരിടേണ്ടി വന്നത്. വരുമാനത്തില്‍ വലിയ നഷ്ടം നേരിടേണ്ടിവരുമെന്നും അതിനാല്‍ തന്നെ അടുത്ത കൊല്ലവും കമ്പനിയുടെ വിപണിമൂല്യം കുറയാനിടയുണ്ടെന്നും ഒക്ടോബറില്‍ തന്നെ കമ്പനി മുന്‍കൂട്ടിക്കണ്ടിരുന്നു. ആഗോള സാമ്പത്തികമാന്ദ്യം, ടിക് ടോക്കില്‍നിന്ന് നേരിടുന്ന കടുത്ത മത്സരം, സ്വകാര്യതാ നയത്തില്‍ ആപ്പിള്‍ കൊണ്ടുവന്ന മാറ്റങ്ങള്‍, നിയന്ത്രണ ചട്ടങ്ങള്‍ തുടങ്ങിയ ഘടകങ്ങള്‍ തുടങ്ങിയവ മൂലമുള്ള പ്രതിസന്ധികളും കമ്പനി നേരിടുന്നുണ്ട്.

മെറ്റാവേഴ്‌സില്‍ നടത്തുന്ന നിക്ഷേപങ്ങളില്‍നിന്നുള്ള വരുമാനത്തിന് പത്ത് കൊല്ലമെങ്കിലും കാത്തിരിക്കേണ്ടിവരുമെന്നാണ് കമ്പനി സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് പറയുന്നത്. ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി പുതിയ നിയമനങ്ങളും പദ്ധതികളും നിര്‍ത്തിവെച്ച് ജീവനക്കാരെ പുനഃക്രമീകരിക്കുകയാണ് കുറച്ചുകാലമായി കമ്പനി ചെയ്യുന്നത്.

 

Latest News