Sorry, you need to enable JavaScript to visit this website.

VIDEO: മിഡില്‍ ഈസ്റ്റ് ഗ്രീന്‍ ഇനീഷ്യേറ്റീവിന് 250 കോടി ഡോളര്‍ സഹായം പ്രഖ്യാപിച്ച് കിരീടാവകാശി

ശറമുശൈഖ്- 2030 ആകുമ്പോഴേക്കും സൗദി അറേബ്യയുടെ വൈദ്യുതി ഉല്‍പാദനത്തിന്റെ പകുതിയും പുനരുപയോഗ ഊര്‍ജസ്രോതസ്സുകളെ ആശ്രയിച്ചായിരിക്കുമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍. കയ്‌റോയില്‍ മിഡിലീസ്റ്റ് ഗ്രീന്‍ ഇനിഷ്യേറ്റീവ് ഉച്ചകോടിയില്‍ ആതിഥ്യം വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈജിപ്തും സൗദിയും സംയുക്തമായാണ് ഉച്ചകോടിക്ക് ആതിഥ്യം വഹിക്കുന്നത്. ഉച്ചകോടി ഉദ്ഘാടനം ചെയ്തത് സൗദി കിരീടാവകാശിയാണ്.
മിഡിലീസ്റ്റ് ഗ്രീന്‍ ഇനിഷ്യേറ്റീവിന്റെ ആസ്ഥാനം സൗദി അറേബ്യ ആയിരിക്കുമെന്നും കിരീടാവകാശി പ്രഖ്യാപിച്ചു.

ആഗോള സുസ്ഥിരതാ ശ്രമങ്ങളോടുള്ള പ്രതിബദ്ധതയുടെ ഭാഗമായി മിഡില്‍ ഈസ്റ്റ് ഗ്രീന്‍ ഇനീഷ്യേറ്റീവ് ജനറല്‍ സെക്രട്ടേറിയേറ്റ് ആസ്ഥാനത്തിന് സൗദി അറേബ്യ ആതിഥ്യം വഹിക്കുമെന്ന് പ്രഖ്യാപിക്കുകയാണ്. പത്തു വര്‍ഷത്തിനുള്ളില്‍ ഗ്രീന്‍ ഇനീഷ്യേറ്റീവ് പദ്ധതികള്‍ക്ക് പിന്തുണ നല്‍കാനും മിഡില്‍ ഈസ്റ്റ് ഗ്രീന്‍ ഇനീഷ്യേറ്റീവ് ജനറല്‍ സെക്രട്ടേറിയേറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും 250 കോടി ഡോളര്‍ സൗദി അറേബ്യ സംഭാവന നല്‍കും. സര്‍ക്കുലാര്‍ കാര്‍ബണ്‍ ഇക്കോണമി സമീപനം പാലിച്ച് 2050 ഓടെ ആഗോള താപന  (ഹരിതഗൃഹ) വാതകങ്ങളുടെ ബഹിര്‍ഗമനം പൂജ്യത്തിലെത്തിക്കാന്‍ സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ലക്ഷ്യമിടുന്നതായും പ്രഖ്യാപിക്കുകയാണ്.
2050 ഓടെ ഹരിതഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമനം പൂജ്യത്തിലെത്തിക്കാന്‍ ലക്ഷ്യമിടുന്ന ആഗോള തലത്തിലെ ആദ്യ സോവറീന്‍ ഫണ്ടുകളില്‍ ഒന്നും മിഡില്‍ ഈസ്റ്റിലെ ആദ്യത്തെ സോവറീന്‍ ഫണ്ടുമാണ് സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട്. കാലാവസ്ഥാ വെല്ലുവിളികള്‍ അഭിമുഖീകരിക്കുന്നതില്‍ ആഗോള ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതില്‍ സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന്റെ പങ്ക് ഇത് ശക്തമാക്കും. മിഡില്‍ ഈസ്റ്റ് ഗ്രീന്‍ ഇനീഷ്യേറ്റീവ് ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ മേഖലാ രാജ്യങ്ങളുമായി സഹകകരിച്ച് പ്രവര്‍ത്തിക്കാനുള്ള പ്രതിബദ്ധത സൗദി അറേബ്യ ആവര്‍ത്തിക്കുകയാണെന്നും മുഹമ്മദ് ബിന്‍ സല്‍മാാന്‍ രാജകുമാരന്‍ പറഞ്ഞു.
മിഡില്‍ ഈസ്റ്റ് ഗ്രീന്‍ ഇനീഷ്യേറ്റീവ് 5,000 കോടി വൃക്ഷങ്ങള്‍ നട്ടുവളര്‍ത്താനും വൃക്ഷവല്‍ക്കരണ പ്രദേശങ്ങളുടെ വിസ്തൃതി 12 ഇരട്ടിയായി ഉയര്‍ത്താനും 20 കോടി ഹെക്ടര്‍ തരിശുഭൂമി കൃഷിയോഗ്യമാക്കി മാറ്റാനും ലക്ഷ്യമിടുന്നു. ഇതിലൂടെ ആഗോള കാര്‍ബണ്‍ഡയോക്‌സൈഡ് ബഹിര്‍ഗമന നിരക്കിന്റെ രണ്ടര ശതമാനം കുറക്കാന്‍ സാധിക്കും. സര്‍ക്കുലാര്‍ കാര്‍ബണ്‍ ഇക്കോണമി സമീപനം സ്വീകരിച്ച്, ബഹിര്‍ഗമനം കുറക്കുന്നതിലുള്ള ലക്ഷ്യം കൈവരിക്കാനും 2030 ഓടെ കാര്‍ബണ്‍ഡയോക്‌സൈഡ് ബഹിര്‍ഗമനത്തില്‍ 27.8 കോടി ടണ്ണിന്റെ കുറവ് വരുത്താനും സൗദി അറേബ്യ സൗദി ഗ്രീന്‍ ഇനീഷ്യേറ്റീവ് ആരംഭിച്ചിട്ടുണ്ട്. ഈ ലക്ഷ്യത്തോടെ മറ്റു നിരവധി പദ്ധതികള്‍ക്കും സൗദി അറേബ്യ സമാരംഭം കുറിച്ചിട്ടുണ്ട്. സര്‍ക്കുലാര്‍ കാര്‍ബണ്‍ ഇക്കോണമി സാങ്കേതികവിദ്യാ പോംവഴികള്‍ക്ക് പണം നല്‍കാന്‍ സൗദി അറേബ്യ മുന്‍കൈയെടുത്ത് പ്രാദേശിക നിക്ഷേപ ഫണ്ട് സ്ഥാപിച്ചിട്ടുണ്ട്.
സര്‍ക്കുലാര്‍ കാര്‍ബണ്‍ ഇക്കോണമി സമീപം നടപ്പാക്കാന്‍ ആഗോള സഹകരണ പ്ലാറ്റ്‌ഫോമും സ്ഥാപിച്ചിട്ടുണ്ട്. കാര്‍ബണ്‍ഡയോക്‌സൈഡ് ബഹിര്‍ഗമനം കുറക്കാനുള്ള പ്രധാന ചുവടുവെപ്പ് എന്നോണം സൗദിയില്‍ 2030 ഓടെ വൈദ്യുതി ഉപയോഗത്തിന്റെ 50 ശതമാനത്തിന് പുനരുപയോഗ ഊര്‍ജ സ്രോതസ്സുകളെ അവലംബിക്കാനും പദ്ധതിയുണ്ട്. ഇതിലൂടെ പ്രതിവര്‍ഷം 4.4 കോടി ടണ്‍ കാര്‍ബണ്‍ ബഹിര്‍ഗമനം ഇല്ലാതാക്കാനാകും. 2035 ഓടെ കാര്‍ബണ്‍ ബഹിര്‍ഗമനം കുറക്കുന്നതില്‍ കൈവരിക്കാന്‍ സൗദി അറേബ്യ നിര്‍ണയിച്ച ദേശീയ സംഭാവനകളുടെ 15 ശതമാനത്തിന് സമമാണിത്.

 

Latest News