റിയാദ് - റിയാദ് പ്രവിശ്യയില്‍ പെട്ട അല്‍ഖര്‍ജില്‍ വീടിന് തീപ്പിടിച്ച് മൂന്നു പേര്‍ക്ക് പരിക്കേറ്റു. അല്‍ഖര്‍ജ് അല്‍ഖുസാമി ഡിസ്ട്രിക്ടിലെ വീട്ടിലുണ്ടായ ഗ്യാസ് ചോര്‍ച്ചയാണ് അഗ്നിബാധക്ക് ഇടയാക്കിയത്. സിവില്‍ ഡിഫന്‍സ് അധികൃതര്‍ തീയണച്ച് രക്ഷാപ്രവര്‍ത്തനം നടത്തി. ഗ്യാസ് ചോര്‍ച്ചയുണ്ടാകുന്ന പക്ഷം അപകടം ഒഴിവാക്കാന്‍ ഏതാനും നടപടികള്‍ സ്വീകരിക്കണമെന്ന് സിവില്‍ ഡിഫന്‍സ് പറഞ്ഞു.
ഗ്യാസ് ചോര്‍ച്ച ശ്രദ്ധയില്‍ പെട്ടാല്‍ വൈദ്യുതി സ്വിച്ചുകളും സിഗരറ്റ് ലൈറ്ററുകളും തീപ്പൊരിയുണ്ടാക്കുന്ന മറ്റു ഉറവിടങ്ങളും ഉപയോഗിക്കരുത്. ഗ്യാസ് ചോര്‍ച്ചയുള്ള സ്ഥലത്തു നിന്ന് എല്ലാവരെയും പുറത്തിറക്കണം. ഗ്യാസിന്റെ വാല്‍വ് നന്നായി അടക്കുകയും വേണം. പ്രദേശത്ത് വായുസഞ്ചാരമുണ്ടാക്കാന്‍ ജനലുകളും വാതിലുകളും സാവകാശം തുറക്കണമെന്നും സിവില്‍ ഡിഫന്‍സ് പറഞ്ഞു.