ശ്രീനഗര്‍- ജമ്മുവിലെ കതുവയില്‍ എട്ടു വയസ്സുകാരി ബാലികയെ തട്ടിക്കൊണ്ടു പോയി ക്ഷേത്രത്തിലൊളിപ്പിച്ച് കൂട്ടബലാല്‍സംഗത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തിയ സംഭവത്തില്‍ സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. സംഭവത്തില്‍ സംസ്ഥാന പോലീസ് ക്രൈം ബ്രാഞ്ചിന്റെ അന്വേഷണം തൃപ്തികരമാണെന്നും അവര്‍ പറഞ്ഞു. സിബിഐ അന്വേഷണം ആവശ്യപ്പെടുന്നവര്‍ക്ക് ജമ്മു കശ്മീര്‍ പോലീസില്‍ വിശ്വാസമില്ലെങ്കില്‍ പിന്നെ സംസ്ഥാനത്തെ ആരേയും വിശ്വസമില്ലെന്നാണ് സാരം. ക്രൈം ബ്രാഞ്ച് ഓഫീസര്‍മാരെ അവരുടെ നാടും മതവും നോക്കി ചോദ്യം ചെയ്യുന്നത് നാണക്കേടും അപകടകരവുമാണെന്നും അവര്‍ പറഞ്ഞു.
ഒരു കുറ്റകൃത്യങ്ങള്‍ സംഭവിക്കുമ്പോള്‍ ജനഹിതം നോക്കി അന്വേഷണ ഏജന്‍സിയെ തീരുമാനിക്കാനാവില്ല. കതുവ കേസില്‍ ക്രൈം ബ്രാഞ്ച് അന്വേഷണത്തെ ചോദ്യം ചെയ്യുന്നവര്‍ക്ക് കുത്സിത താല്‍പര്യങ്ങളുണ്ട്. അവരുടെ ലക്ഷ്യം ഈ ഹീന കുറ്റകൃത്യം ചെയ്തവരെ സംരക്ഷിക്കുക എന്നതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കേസില്‍ ജമ്മു കശമീര്‍ പോലീസ് നടത്തിയത് വളരെ മികച്ച അന്വേഷണമാണ്. ശാസ്ത്രീയമായി തന്നെ എല്ലാ തെളിവുകളും ശേഖരിച്ച് വേഗത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. ഇനി വിചാരണ നടക്കുന്നത് കോടതിയിലാണ്. ഈ സമയത്ത് പ്രതികള്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നു എന്നതു കൊണ്ട് അത് അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതിനിടെ കതുവ കേസ് വിചാരണ ജമ്മു കശ്മീരീനു പുറത്ത് ചണ്ഡീഗഡിലേക്കു മാറ്റണമെന്നാവശ്യപ്പെട്ട് ബാലികയുടെ പിതാവ് സമര്‍പ്പിച്ച ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കുന്നുണ്ട്. വിചാരണ സംസ്ഥാനത്തിനു പുറത്തേക്കു മാറ്റുന്നതിന് ജമ്മു കശ്മീര്‍ സര്‍ക്കാര്‍ എതിരാണ്. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹരജി സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും സുപ്രീം കോടതി ഇതു സ്വീകരിച്ചിട്ടില്ല. കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ന്യായമാണെന്ന് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സുപ്രീം കോടതിക്കു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.