വി ആര്‍ ഓള്‍ ഗ്രീന്‍: സൗദിയില്‍നിന്ന് പച്ചപ്പടയുടെ ആരാധകര്‍ ഖത്തറിലേക്ക്

റിയാദ് - ഈ മാസം 20 മുതല്‍ അടുത്ത മാസം 18 വരെ ഖത്തറില്‍ നടക്കുന്ന ലോകകപ്പ് മത്സരങ്ങള്‍ക്കിടെ സ്റ്റേഡിയത്തില്‍ സൗദി ടീമിന് പ്രോത്സാഹനവും ആവേശവും പകരാന്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് സൗദി അറേബ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ അവസരമൊരുക്കി. ലോകകപ്പ് ദൗത്യത്തില്‍ പച്ചപ്പടയെ പിന്തുണക്കുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും സൗദി ഫുട്‌ബോള്‍ പ്രേമികള്‍ക്ക് വേറിട്ട അനുഭവമാകും.
സൗദി ഫുട്‌ബോള്‍ ടീം മത്സരങ്ങളുടെ ടിക്കറ്റ് സൗദി സ്‌പോര്‍ട്‌സ് ക്ലബ്ബുകളും മാധ്യമസ്ഥാപനങ്ങളും വഴി ലഭ്യമാകും. സൗദി ഫുട്‌ബോള്‍ ടീമിനെ പിന്തുണക്കാനും പ്രോത്സാഹിപ്പിക്കാനും ഖത്തറിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നവരെ നാമനിര്‍ദേശം ചെയ്യുക സ്‌പോര്‍ട്‌സ് ക്ലബ്ബുകളും മാധ്യമസ്ഥാപനങ്ങളുമാകും. പ്രത്യേക സംവിധാനം അനുസരിച്ച് പച്ചപ്പടയുടെ ആരാധകരെ നാമനിര്‍ദേശം ചെയ്യാനുള്ള നടപടികള്‍ ക്ലബ്ബുകളും ഖത്തറിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന തങ്ങളുടെ ജീവനക്കാരെ നാമനിര്‍ദേശം ചെയ്യാനുള്ള നടപടികള്‍ മാധ്യമസ്ഥാപനങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. അനുയോജ്യമായ രീതിയില്‍ തങ്ങളുടെ കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കാന്‍ മാധ്യമപ്രവര്‍ത്തകരെ സഹായിക്കുന്ന നിലക്ക് ഖത്തര്‍ യാത്രക്കുള്ള അന്തിമ നടപടികള്‍ വൈകാതെ പൂര്‍ത്തിയാക്കും.
സൗദി അറേബ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ പിന്തുണയോടെയും ഫിഫയുമായുള്ള ഏകോപനത്തിലൂടെയും 'ഖിദ്ദാം' ആപ്പ് വഴി അധിക ടിക്കറ്റുകള്‍ ലഭ്യമാക്കിയിട്ടുണ്ട്. ഈ ടിക്കറ്റുകള്‍ 'ഖിദ്ദാം' ആപ്പ് വഴി ലഭിക്കും. ഖത്തര്‍ യാത്രക്കുള്ള ബുക്കിംഗ് നടപടികളും 'ഖിദ്ദാം' ആപ്പ് വഴി പൂര്‍ത്തിയാക്കാന്‍ സാധിക്കും. സൗദി ദേശീയ ടീം ആരാധകരുടെ ഏകീകൃത വിഷ്വല്‍ ഐഡന്റിറ്റി 'ഖിദ്ദാം' എന്ന ശീര്‍ഷകത്തില്‍ അടുത്തിടെ പുറത്തിറക്കിയിരുന്നു. ലോകകപ്പ് ദൗത്യത്തില്‍ സൗദി ദേശീയ ടീമിനെ പിന്തുണക്കാന്‍ അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിച്ച് പച്ചപ്പടയുടെ ആരാധകര്‍ 'വി ആര്‍ ഓള്‍ ഗ്രീന്‍' എന്ന ഗാനവും പുറത്തിറക്കി ആഘോഷിച്ചിരുന്നു.  

 

Latest News