ഓഹരി വിപണി വർധിച്ച ആവേശത്തിലാണ്. നിഫ്റ്റി സൂചിക 18,300 നെ ലക്ഷ്യമാക്കി ചുവടുവെക്കുകയാണ്. വിദേശ ഫണ്ടുകളുടെ സാന്നിധ്യം കുതിപ്പിന് വേഗം പകരുമെങ്കിലും ആഗോള സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നത് കരിനിഴൽ വീഴ്ത്താം. നിഫ്റ്റി ബുള്ളിഷാണെങ്കിലും വിപണി ഓവർ വെയിറ്റായി മാറുന്നതായാണ് ആഭ്യന്തര ഫണ്ടുകളുടെ നീക്കം നൽകുന്ന സൂചന. അവരുടെ തുടർച്ചയായ ലാഭമെടുപ്പ് വിരൽ ചൂണ്ടുന്നത് അതിലേക്കാണ്. സെൻസെക്‌സ് 990 പോയന്റും നിഫ്റ്റി 330 പോയന്റും പ്രതിവാര മികവ് കാഴ്ചവെച്ചു.
കേന്ദ്ര ബാങ്കുകൾ ആഗോള തലത്തിൽ പലിശ ഉയർത്തി പ്രതിസന്ധി മറികടക്കാനുള്ള നീക്കത്തിലാണ്. ബ്രിട്ടൻ ഒരു നൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ മാന്ദ്യത്തിൽ അകപ്പെടുമോയെന്ന ഭീതിയിലാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട്. അവിടെ 34 വർഷത്തിനിടയിലെ ഉയർന്ന പലിശയിലെത്തി. ഒരു വർഷ കാലയളവിൽ എട്ട് തവണ പലിശ ഉയർത്തിയിട്ടും പണപ്പെരുപ്പം നിയന്ത്രിക്കാനാവാത്തതിനാൽ കടുത്ത നടപടികൾ അനിവാര്യമെന്ന് കേന്ദ്ര ബാങ്ക്. അമേരിക്ക മാർച്ചിന് മുന്നേ വീണ്ടും പലിശ ഉയർത്തുമെന്ന മുന്നറിയിപ്പ് നൽകി. നിലവിലെ നാല് ശതമാനത്തിൽ നിന്ന് അഞ്ച് അഞ്ചേകാൽ ശതമാനം. അതായത് പലിശയിൽ 125 ബേസിസ് പോയന്റ് വർധന വിരൽ ചുണ്ടുന്നത് സാമ്പത്തിക മാന്ദ്യം രൂക്ഷമാക്കുമെന്ന് തന്നെ.
നിഫ്റ്റിക്ക് കഴിഞ്ഞ വാരം സൂചിപ്പിച്ച 18,026 ലെ പ്രതിരോധം തകർക്കാനായത് ഫണ്ടുകളെ നിക്ഷേപകരാക്കി. 17,786 ൽ നിന്നുള്ള കുതിപ്പിൽ 18,178 പോയന്റ് വരെ സൂചിക കയറി. പ്രതീക്ഷിച്ച പോലെ തന്നെ വാരത്തിന്റെ രണ്ടാം പകുതിയിൽ ഇടപാടുകാർ ലാഭമെടുപ്പിന് ഉത്സാഹിച്ചെങ്കിലും സൂചികയിൽ കാര്യമായ വിള്ളലുകൾ സംഭവിച്ചില്ല.
മാർക്കറ്റ് ക്ലോസിങിൽ 18,117 പോയന്റിൽ നിലകൊള്ളുന്ന നിഫ്റ്റി 17,951 ലെ ആദ്യ സപ്പോർട്ട് ഈ വാരം നിലനിർത്തിയാൽ കുതിപ്പ് 18,230 ലേക്കും 18,343 ലേക്കും നീളാം. വർഷാന്ത്യത്തിൽ പതിവ് ലാഭമെടുപ്പിന് വിദേശ ഫണ്ടുകൾ മുതിർന്നില്ലെങ്കിൽ 18,622 പോയന്റിലേക്ക് വിപണി ഉയരാം. സൂചികയുടെ താങ്ങ് 17,785 ലാണ്.
ബോംബെ സെൻസെക്‌സ് 59,959 ൽ നിന്നും 61,000 കടന്ന് 61,289 വരെ ഉയർന്ന് നിക്ഷേപകരെ ആവേശം കൊള്ളിച്ച ശേഷം വാരാന്ത്യം 60,950 ലാണ്. ഈ വാരം 61,411 ലെ തടസ്സം ഭേദിക്കാനായാലും 61,872-61,916 ൽ വീണ്ടും പ്രതിരോധമുണ്ട്. സൂചികയുടെ താങ്ങ് 60,367-59,784 ലാണ്.
മുൻനിര ഓഹരിയായ ബജാജ് ഫിൻസെർവ് ഓഹരി വില ഒമ്പത് ശതമാനം മികവിൽ 1801 രൂപയായി. അഞ്ച് ശതമാനം ഉയർന്ന് സൺ ഫാർമ ഓഹരി വില 1039 രൂപയിലെത്തി. എസ് ബി ഐ, എച്ച് ഡി എഫ് സി, എച്ച് ഡി എഫ് സി ബാങ്ക്, ഇൻഡസ് ബാങ്ക്, ആക്‌സിസ് ബാങ്ക്, ഇൻഫോസീസ്, റ്റി സി എസ്, വിപ്രോ, എച്ച് സി എൽ ടെക്, ആർ ഐ എൽ, ഐ റ്റി സി, എം ആന്റ് എം, എച്ച് യു എൽ, ടാറ്റാ സ്റ്റീൽ തുടങ്ങിയവയും മുന്നേറി.
ഫോറെക്‌സ് മാർക്കറ്റിൽ രൂപ ശക്തിപ്രാപിക്കാൻ ശ്രമിച്ചു. 82.48 ൽ നിന്നും ഒരവസരത്തിൽ 83.20 ലേയ്ക്ക് ദുർബലമായ ശേഷം 81.81 ലേക്ക് കരുത്ത് നേടിയെങ്കിലും ക്ലോസിങിൽ 82.32 ലാണ്. പ്രതിവാര ചാർട്ട് വിലയിരുത്തിയാൽ രൂപ 81.60-83.10 ൽ ഈ വാരം നീങ്ങാം.
വിദേശ ഓപറേറ്റർമാർ 10,339 കോടി രൂപയുടെ ഓഹരികൾ വാരിക്കൂട്ടി. ലാഭമെടുപ്പിന് ഉത്സാഹിച്ച ആഭ്യന്തര ഫണ്ടുകൾ 4496 കോടി രൂപയുടെ ഓഹരികൾ വിറ്റു. ന്യൂയോർക്കിൽ സ്വർണം ട്രോയ് ഔൺസിന് 1645 ഡോളറിൽ നിന്നും 1683 ലേക്ക് ഉയർന്നു. യുഎസ് തൊഴിൽ മേഖലയിലെ ചലനങ്ങളും വരും ആഴ്ചകളിൽ ചൈനക്ക് കോവിഡ് വ്യാപനം നിയന്ത്രിക്കാനുമായാൽ സ്വർണത്തിലെ ബുൾ റാലിക്ക് അൽപായുസായി മാറാം.
വെള്ളിയാഴ്ച ഒറ്റ ദിവസം ട്രോയ് ഔൺസിന് 50 ഡോളർ ഉയർന്ന് 1683 ഡോളറിലെത്തി. മുൻകാല റാലികൾ വിലയിരുത്തിയാൽ ഉയർന്ന തലത്തിൽ പുതിയ വിൽപനക്ക് ഫണ്ടുകൾ അവസരമാക്കിയ ചരിത്രമുള്ളതിനാൽ നിക്ഷേപകർ കൂടുതൽ ജാഗ്രതയോടെ മഞ്ഞലോഹത്തെ സമീപിക്കുക.