മൂർച്ചയുള്ള കാരമുള്ളിന്റെ ഭാരമുള്ള കെട്ട് ദേഹത്ത് വീണ അവസ്ഥയിലാണിപ്പോൾ തിരുവനന്തപുരം കോർപറേഷനും മേയറും സി.പി.എമ്മുമെല്ലാം ചെന്നുപെട്ടിരിക്കുന്നത്. എടുത്തു മാറ്റിയാലും മാറ്റിയില്ലെങ്കിലും വേദന സഹിക്കുകയല്ലാതെ വഴിയില്ലാത്ത സ്ഥിതി. അതിപ്രഗത്ഭരായ വ്യക്തികളെയായിരുന്നു സി.പി.എം ഉൾപ്പെടെയുള്ള പാർട്ടികൾ തിരുവനന്തപുരം നഗരത്തിന്റെ മേയർ സ്ഥാനത്തേക്ക് നൽകിയിരുന്നത്. അവരുടെയെല്ലാം പേരോർമയുള്ള നഗരവാസികൾ ഇപ്പോൾ ചോദിക്കാതെ ചോദിക്കുന്നു- എന്നാലും എന്റെ ആര്യെ....
തിരുവനന്തപുരം മെയർ ആര്യ രാജേന്ദ്രൻ കുട്ടിയായിരിക്കേ മേയർ ആയതിന്റെ ആവേശപ്രകടനങ്ങൾ ഇനിയും അവസാനിച്ചിട്ടില്ല. ആ ഘോഷത്തിന്റെ മൈതാനങ്ങളിൽ ഇപ്പോഴും കമ്പിത്തിരികളും മത്താപ്പുകളും കത്തിത്തീർന്നിട്ടുണ്ടാവില്ല- 2020 ലായിരുന്നു ആര്യയുടെ ആവേശ വരവ്. ഇരുപത്തിയൊന്ന് വയസ്സു വരെ എല്ലാവരും കുട്ടികളാണെന്ന കേരള സർവകലാശാല മനഃശാസ്ത്ര വിഭാഗം തലവനായിരുന്ന ഡോ.കൃഷ്ണപ്രസാദ് ശ്രീധറിന്റെ വാക്കുകൾ ഉദ്ധരിച്ചായിരുന്നു ആര്യയെക്കുറിച്ചുള്ള ഒരു കോളത്തിൽ അവരുടെ കുട്ടിത്തത്തെക്കുറിച്ച് അന്നെഴുതിയത്. അതൊക്കെ കഴിഞ്ഞിട്ടിപ്പോൾ രണ്ട് വർഷം കഴിയുന്നു. 21 കഴിഞ്ഞപ്പോൾ ആര്യ മുതിർന്നു. ബാലസംഘം മുതലുള്ള പരിശീലനം കാരണം ആദ്യ ദിനം മുതൽ തന്നെ വാക്കുകളൊക്കെ കൃത്യതയുള്ളതും ഉറച്ച നിലപാടിന്റെ കരുത്തുള്ളതുമായിരുന്നു. കുട്ടിയാണെങ്കിലും ആര്യ അത്ര ചെറിയ കുട്ടിയല്ല എന്ന് വാക്കുകൾ കൊണ്ട് വിവിധ ഘട്ടങ്ങളിൽ വെളിപ്പെട്ടു. കുട്ടികൾ കുട്ടികളെ പോലെ സംസാരിക്കാതിരുന്നാൽ മുതിർന്നവരുടെ വാത്സല്യം ഇല്ലാതാകില്ലേ എന്ന് പഴയ മനസ്സുകൾ അന്നും സന്ദേഹിക്കാതിരുന്നില്ല. വാത്സല്യം, മനസ്സലിവ് എന്നീ വാക്കുകൾക്കൊക്കെ കഠിന കഠോര രാഷ്ട്രീയ ഭൂമികയിൽ എവിടെ സ്ഥാനം. ഇപ്പോഴിതാ എല്ലാം കീഴ്‌മേൽ മറിയുന്നു.
തിരുവനന്തപുരം കോർപറേഷനിലെ കത്തി നിൽക്കുന്ന കത്ത് വിവാദത്തിൽ അടിയന്തര യോഗങ്ങളുടെ ബഹളമാണ്. ജില്ല കമ്മിറ്റി, ജില്ല സെക്രട്ടറിയേറ്റ്... കമ്മിറ്റിയായ കമ്മിറ്റിയൊക്കെ വിളിക്കുന്നു. കത്ത് പുറത്തുവിട്ട സംഭവത്തിൽ നടപടി ഉണ്ടായേക്കുമെന്ന സൂചന പാർട്ടി വൃത്തങ്ങളിൽ നിന്ന് നിരന്തരം ലഭിക്കുന്നു. കത്ത് വിവാദത്തിൽ മേയർ രാജിവെയ്‌ക്കേണ്ട സാഹചര്യമില്ലെന്ന് സി.പി.എം തിരുവനന്തപുരം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ തുടക്കം മുതൽ പറഞ്ഞിരുന്നു. കത്ത് വ്യാജമെന്ന മേയർ ആര്യ രാജേന്ദ്രന്റെ വാദം പക്ഷേ സി.പി.എം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ ഞായറാഴ്ചയും ഏറ്റെടുത്തിട്ടില്ല. കത്ത് വ്യാജമാണോ എന്ന് പരിശോധിക്കാൻ അന്വേഷണം നടക്കുമെന്നാണ് ആനാവൂർ വ്യക്തമാക്കിയത്. മേയർ എഴുതി എന്ന് പറയപ്പെടുന്ന കത്ത് തനിക്ക് കിട്ടിയിട്ടില്ലെന്ന് ആനാവൂർ ആവർത്തിക്കുകയായിരുന്നു. വിവാദവുമായി ബന്ധപ്പെട്ട് മേയറോട് സംസാരിച്ചിരുന്നതായും ആനാവൂർ നാഗപ്പൻ പറഞ്ഞിട്ടുണ്ട്.
വിവാദ കത്ത് താൻ എഴുതിയതല്ലെന്ന വാദവുമായി മേയർ ആര്യ രാജേന്ദ്രനും തന്റെ ഭാഗം ന്യായീകരിച്ചു. പാർട്ടിക്കാണ് ആര്യ രാജേന്ദ്രൻ വിശദീകരണം നൽകിയത്. വ്യാജ കത്തിനെതിരെ നിയമ നടപടി എടുക്കുമെന്നും ആര്യ രാജേന്ദ്രൻ വ്യക്തമാക്കി. പോലീസിൽ പരാതി നൽകാൻ പാർട്ടി ആര്യക്ക് നിർദേശം നൽകി. വ്യാജ ഒപ്പും സീലില്ലാത്ത ലെറ്റർപാഡും ഉണ്ടാക്കി കത്ത് പ്രചരിപ്പിച്ചെന്നായിരിക്കും പരാതി നൽകുക. മേയർ രാജിവെയ്‌ക്കേണ്ട കാര്യമില്ല. സമാന രീതിയിലുള്ള കത്ത് ഡെപ്യൂട്ടി മേയർ ഡി.ആർ അനിലും അയച്ചിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന് ആ കത്തിനെക്കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണം എന്നായിരുന്നു ആനാവൂർ നാഗപ്പന്റെ പ്രതികരണം. വിവാദം ഒഴിവാക്കാനാണ് നിയമനം എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ച് വഴി ആക്കിയത്. സംസ്ഥാന നേതൃത്വത്തെ വിഷയം ധരിപ്പിച്ചിട്ടുണ്ടെന്നും ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ വ്യക്തമാക്കുകയുണ്ടായി.
എഴുതിയെന്ന് പറയുന്ന ആൾ എഴുതിയില്ലെന്നും മേൽവിലാസക്കാരൻ കിട്ടിയില്ലെന്നും പറയുന്ന കത്തിനെക്കുറിച്ച് ഒന്നും പറയാൻ ഇല്ലെന്നായിരുന്നു മന്ത്രി എം.ബി. രാജേഷിന്റെ ഒന്നാന്തരം താർക്കികന്റെ നാക്ക് വഴക്കത്തോടെയുള്ള പ്രതികരണം.
മേയർ ആര്യ രാജേന്ദ്രന്റെ ഔദ്യോഗിക ലെറ്റർപാഡിൽ 'സഖാവേ' എന്ന് അഭിസംബോധന ചെയ്തുകൊണ്ടുള്ള കത്തിന്റെ പകർപ്പായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്നത്. ശനിയാഴ്ച ഒരു പ്രമുഖ മലയാള പത്രത്തിൽ അച്ചടിച്ചു വന്ന വാർത്ത കേരളത്തെയാകെ പിടിച്ചുലച്ചു. പബ്ലിക് ഹെൽത്ത് എക്‌സ്‌പേർട്ട്, ഡോക്ടർ, സ്റ്റാഫ് നഴ്‌സ്, ഫാർമസിസ്റ്റ്, ലാബ് ടെക്‌നിഷ്യൻ, മൾട്ടി പർപ്പസ് വർക്കർ, സ്വീപ്പർ, ഒപ്‌ടോമെട്രിസ്റ്റ് തുടങ്ങിയ ഒഴിവുകളിലേക്കായിരുന്നു മേയറുടെ വിവാദ കത്തിൽ ജോലിയുണ്ട്, സഖാക്കളുടെ പട്ടിക തരാമോ സഖാവേ എന്ന് സി.പി.എം ജില്ല സെക്രട്ടറിയോട് അഭ്യർഥിച്ചത്. അസാധരണമായിരുന്നു വാർത്ത പുറത്ത് വന്ന ശേഷമുള്ള കേരളത്തിന്റെ അവസ്ഥ. തിരുവനന്തപുരം കോർപറേഷനിലേക്ക് പ്രതിഷേധ പ്രളയം തന്നെയുണ്ടായി.
അപേക്ഷ ലഭിക്കേണ്ട അവസാന തീയതി നവംബർ 16 ായിരുന്നു. കത്ത് വിവാദമായിരുന്നില്ലെങ്കിൽ എല്ലാം മുറപോലെ നടക്കുമായിരുന്നു.
ആര്യ രാജേന്ദ്രന്റെ നിയമന കത്ത് വിവാദത്തിലും പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ അടിയന്തരമായി തന്നെ പ്രതികരിച്ചിട്ടുണ്ട്. മേയർ പാർട്ടിക്ക് വിശദീകരണം നൽകിയിട്ടുണ്ടെന്നാണ് ഞായറാഴ്ച ഉച്ചക്ക് മൂന്ന് മണിക്ക് അടിയന്തരമായി വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് പാർട്ടി സെക്രട്ടറി പ്രതികരിച്ചത്. കത്ത് വ്യാജമെന്ന് മേയർ വിശദീകരിച്ചിട്ടുണ്ടല്ലോ എന്ന് ഗോവിന്ദൻ മാസ്റ്ററും തന്ത്രപൂർവം വിഷയം ഏറ്റെടുക്കാതെ മാറി നടന്നു. എം.വി. ഗോവിന്ദൻ മാസ്റ്ററുടെ വാക്കുകൾ ഇങ്ങനെ: ''കത്ത് എങ്ങനെ ഉണ്ടായെന്ന് പരിശോധിക്കട്ടെ. അന്വേഷണം നടക്കട്ടെ. ആരെയും സംരക്ഷിക്കില്ല. പിൻവാതിൽ നിയമനം പാർട്ടിയുടെ അജണ്ടയല്ല ...''
മേയർക്കെതിരെയുള്ള പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ തീരുമാനം. ഉദ്യോഗ നിയമന വിഷയങ്ങളിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞത് ശരിയായില്ലേ എന്ന് ബി.ജെ.പിക്കാർ ആവേശം കൊള്ളുന്നുണ്ട്. പരാതി അവർ ഗവർണർ സമക്ഷവും എത്തിച്ചു കഴിഞ്ഞു. മൂർച്ചയുള്ള കാരമുള്ളിന്റെ ഭാരമുള്ള കെട്ട് ദേഹത്ത് വീണ അവസ്ഥയിലാണിപ്പോൾ തിരുവനന്തപുരം കോർപറേഷനും മേയറും സി.പി.എമ്മുമെല്ലാം ചെന്നുപെട്ടിരിക്കുന്നത്. എടുത്തു മാറ്റിയാലും മാറ്റിയില്ലെങ്കിലും വേദന സഹിക്കുകയല്ലാതെ വഴിയില്ലാത്ത സ്ഥിതി. അതിപ്രഗത്ഭരായ വ്യക്തികളെയായിരുന്നു സി.പി.എം ഉൾപ്പെടെയുള്ള പാർട്ടികൾ തിരുവനന്തപുരം നഗരത്തിന്റെ മേയർ സ്ഥാനത്തേക്ക് നൽകിയിരുന്നത്. അവരുടെയെല്ലാം പേരോർമയുള്ള നഗരവാസികൾ ഇപ്പോൾ ചോദിക്കാതെ ചോദിക്കുന്നു- എന്നാലും എന്റെ ആര്യെ....






