ആരിഫ് മുഹമ്മദ് ഖാൻ പഴയ കത്ത് വീണ്ടും വായിക്കണം

രാഷ്ട്രീയത്തെ തന്റെ താൽപര്യങ്ങൾക്കനുസരിച്ച് ആരിഫ് മുഹമ്മദ് ഖാൻ ഏതെല്ലാം വിധത്തിൽ ഉപയോഗിച്ചിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ കഴിഞ്ഞകാല രാഷ്ട്രീയ ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കിയാലറിയാം. ജനത പാർട്ടിയിൽ തുടങ്ങി കോൺഗ്രസ് വഴി ജനതാദളിലും ബിഎസ്പിയിലും കാലുകൾ മാറിമാറി ചവിട്ടി ഒടുവിൽ ബിജെപി പാളയത്തിലെത്തിയപ്പോഴേക്കും സംഘപരിവാറിന്റെ അജണ്ട മേക്കറായി  അദ്ദേഹം മാറിക്കഴിഞ്ഞിരുന്നു. 

 

2002 ലെ ഗുജറാത്ത് കലാപത്തിന് ശേഷം ബി എസ് പിയുമായി യോജിച്ചുകൊണ്ട് ഗുജറാത്തിൽ സർക്കാരുണ്ടാക്കാൻ ബി ജെ പി ശ്രമിച്ചപ്പോൾ അന്ന് ബി എസ് പിയിലായിരുന്ന ഇപ്പോഴത്തെ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ബി എസ് പി നേതാവ് കാൻഷിറാമിന് ഒരു കത്തെഴുതി. ആ കത്തിലെ വരികൾ മലയാളത്തിലേക്ക് തർജമ ചെയ്യുമ്പോൾ ഇങ്ങനെയാണ്. 'വെറുപ്പിനെ മാത്രം ശീലിച്ചവർ ഗുജറാത്തിൽ വീണ്ടും ഭീകരമായ അക്രമങ്ങൾ അഴിച്ചു വിടുമ്പോൾ അവരുമായി ഒന്നിക്കാൻ ബി എസ് പി ശ്രമിക്കുന്നുവെന്നത് ഞാനുൾപ്പെടെ നിരവധി പേരുടെ നട്ടെല്ലിലൂടെ ഒരു വിറയൽ പായിക്കുകയാണ്. ബി ജെ പിയുമായി ബി എസ് പി സഖ്യത്തിന് തീരുമാനിച്ചതിനാൽ വർഗീയതക്കെതിരെ പോരാടാൻ സ്വയം സമർപ്പിച്ചിട്ടുള്ളതുകൊണ്ട് എനിക്ക് പുറത്തു പോകുകയല്ലാതെ മറ്റു വഴിയില്ല.' 

ഈ കത്ത് എഴുതിയിട്ട് അതിന്റെ മഷിയുണങ്ങും മുൻപേ 2004 ൽ ആരിഫ് മുഹമ്മദ് ഖാൻ സർവ പ്രതാപങ്ങളോടും കൂടി ബി ജെ പിയിലേക്ക് പോയി. ഇടയ്ക്ക് ബി ജെ പിയുമായി തെറ്റിയെങ്കിലും ഗുജറാത്ത് കലാപത്തിൽ പ്രതിസ്ഥാനത്ത് നിർത്തപ്പെട്ട നരേന്ദ്ര മോഡി പ്രധാനമന്ത്രിയായപ്പോൾ അദ്ദേഹത്തിന്റെ ഏറ്റവും വലിയ അടുപ്പക്കാരനായി മാറി. ആർ എസ് എസ് എന്ന് തെളിയിച്ചാൽ രാജിവെയ്ക്കുമെന്ന് പിണറായി വിജയനെ വെല്ലുവിളിച്ച ആരിഫ് മുഹമ്മദ് ഖാൻ കാൻഷിറാമിനെഴുതിയെ ആ പഴയ കത്തിന്റെ കോപ്പി കൈയിലുണ്ടെങ്കിൽ ഒന്നു എടുത്ത് പൊടി തട്ടി വായിച്ചു നോക്കുന്നത് നല്ലതാണ്. ചില ഓർമകൾ തിരിച്ചുകിട്ടാൻ അത് സഹായിക്കും. 

മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും വിദേശ യാത്ര നടത്തിയത് തന്നെ അറിയിക്കാതെയാണെന്നും അതിനാൽ അവർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് കേരള ഗവർണർ രാഷ്ട്രപതി ദ്രൗപതി മുർമുവിന് കഴിഞ്ഞ ദിവസം കത്തയച്ചത് യാദൃഛികമായോ അല്ലെങ്കിൽ സംസ്ഥാന സർക്കാരിനോടുള്ള എതിർപ്പിന്റെ ഭാഗമായി പെട്ടെന്നുള്ള വിദ്വേഷത്തിലോ ആണെന്ന് കരുതാനാവില്ല. ഇതിന് പിന്നിൽ സംഘപരിവാറുമായി ബന്ധപ്പെട്ട കൃത്യമായ രാഷ്ട്രീയ അജണ്ട ഒളിഞ്ഞിരിപ്പുണ്ട്. മുഖ്യമന്ത്രിയോ മറ്റു മന്ത്രിമാരോ വിദേശ യാത്രയ്ക്ക് പോകുമ്പോൾ ഗവർണറെ രാജ്ഭവനിലെത്തി കാണുന്ന കീഴ്‌വഴക്കമുണ്ട്. ഗവർണറും സർക്കാരും തമ്മിൽ പോര് തുടരുന്ന സാഹചര്യത്തിൽ ഇത്തരമൊരു കീഴ്‌വഴക്കം മുഖ്യമന്ത്രി പാലിച്ചില്ലെന്നത് ശരി തന്നെയാണ്. എന്നാൽ ഇതിന്റെ പേരിൽ മുഖ്യമന്ത്രിക്കെതിരെ നടപടി ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്തയക്കാൻ തക്ക ഗുരുതരമായ ചട്ടലംഘനം ഇവിടെയുണ്ടായിട്ടുണ്ടോ? വിദേശ യാത്ര നടത്താൻ മുഖ്യമന്ത്രിക്ക് കേന്ദ്ര സർക്കാരിന്റെ അനുമതിയുമുണ്ട്. അവിടെയാണ് വളരെ കൃത്യമായ രാഷ്ട്രീയ അജണ്ട ഗവർണർ നടപ്പാക്കുന്നത്.
 
രാഷ്ട്രപതിക്കയച്ച കത്ത് അവിടം കൊണ്ട് അവസാനിക്കില്ലെന്ന് ആരിഫ് മുഹമ്മദ് ഖാന് നല്ല ബോധ്യമുണ്ട്. ഗവർണറുടെ കത്തിനെക്കുറിച്ച് രാഷ്ട്രപതി സ്വാഭാവികമായും പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അഭിപ്രായം തേടും. ഗവർണർമാരുടെ കാര്യങ്ങളുടെ നിർവഹണം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലായതിനാൽ ഈ കത്തിൽ സ്വാഭാവികമായും ആഭ്യന്തര മന്ത്രാലയത്തിന്റെ അഭിപ്രായവും തേടും. അവിടെയാണ് കേരള ഗവർണറുടെ വിജയം. സംസ്ഥാന സർക്കാരുമായുള്ള ഏറ്റുമുട്ടൽ ഔദ്യോഗികമായി കേന്ദ്ര സർക്കാരിന്റെ മുന്നിലെത്തിക്കാൻ ഈ കത്തിലൂടെ ഗവർണർക്ക് കഴിഞ്ഞു. രോഗി ഇഛിച്ചതും വൈദ്യൻ കൽപിച്ചതും പാല് എന്ന് പറഞ്ഞ പോലെ ഗവർണറും കേന്ദ്ര സർക്കാരും ആഗ്രഹിച്ചതും അതിന് വേണ്ടി ഗവർണർ നടപ്പാക്കിയതും ഒരേ കാര്യം തന്നെയാണ്.

ബി ജെ പി വിരുദ്ധ കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഭരണത്തിൽ ഇടപെടാനുള്ള ഒരു ആയുധമായാണ് ഗവർണർ പദവിയെ കേന്ദ്ര സർക്കാർ ഉപയോഗപ്പെടുത്തുന്നത്. കേരളത്തെപ്പോലെ തന്നെ മഹാരാഷ്ട്രയിലും ബംഗാളിലും തമിഴ്‌നാട്ടിലുമെല്ലാം ഇത് വളരെ പ്രകടമായിത്തന്നെ കാണാനാകും. കേന്ദ്ര സർക്കാർ ആഗ്രഹിക്കുന്ന കാര്യങ്ങൾ വളരെ കാര്യക്ഷമമായി നടപ്പാക്കുന്നതിൽ ആരിഫ് മുഹമ്മദ് ഖാൻ ഒരർത്ഥത്തിൽ വിജയിക്കുന്നുവെന്ന് വേണം ഇതിലൂടെ കണക്കു കൂട്ടേണ്ടത്. 

സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും തമ്മിലുള്ള ആരോഗ്യകരമായ ബന്ധത്തിന് വേണ്ടിയാണ് ഗവർണർമാർ പ്രവർത്തിക്കേണ്ടത്. അത്തരമൊരു താൽപര്യമാണ് ഭരണഘടന വിഭാവനം ചെയ്യുന്നതും. എന്നാൽ ഗവർണർ പദവി സംസ്ഥാന സർക്കാരിനെ നിലയ്ക്ക് നിർത്താൻ വേണ്ടി കേന്ദ്ര സർക്കാർ ഉപയോഗിക്കുമ്പോഴാണ് അത് ഏറ്റുമുട്ടലിലേക്ക് എത്തുന്നത്. ബി ജെ പി അധികാരത്തിൽ വന്ന ശേഷം ഇത്തരത്തിൽ തുടർച്ചയായി ഏറ്റുമുട്ടലുകൾ നടക്കുന്നുവെന്നതാണ് അപകടകരമായ പ്രവണത. രാജ്ഭവനുകൾ ബി ജെ പി ഓഫീസുകൾ പോലെ പ്രവർത്തിക്കണമെന്ന് കേന്ദ്ര സർക്കാർ ശാഠ്യം പിടിക്കുമ്പോഴാണ് ആരിഫ് മുഹമ്മദ് ഖാനെപ്പോലുള്ളവർ കേന്ദ്രത്തിന്റെ ഗുഡ്ബുക്കിൽ കയറാൻ വേണ്ടി ഇല്ലാത്ത അധികാരങ്ങൾ പോലും പ്രയോഗിക്കുന്നതും അഴിച്ചുവെച്ച പഴയ സംഘപരിവാർ കുപ്പായം വീണ്ടും എടുത്തണിയുന്നതും.

ഗവർണറും സംസ്ഥാന സർക്കാരും തമ്മിലുള്ള ഈഗോയും വിദ്വേഷവുമെല്ലാം സംസ്ഥാന ഭരണത്തെ ഏത് രീതിയിൽ ബാധിക്കുമെന്ന് കൃത്യമായി ബോധ്യമുള്ളയാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി. അതിന്റെ അനുഭവ പരിചയം അദ്ദേഹത്തിനുണ്ട്. മോഡി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കേ 2009 ൽ ഗുജറാത്ത് ഗവർണറായി നിയമിതയായ കമല ബെനിവളുമായി അഞ്ചു വർഷം തുടർച്ചയായി മോഡി ഏറ്റുമുട്ടലിലായിരുന്നു. വൈസ് ചാൻസലർമാരുടെയും ലോകായുക്തയുടെയും നിയമനത്തിലടക്കം ഗവർണർ ഇടപെട്ടത് സംസ്ഥാന ഭരണത്തിൽ എത്രത്തോളം അസ്വസ്ഥത സൃഷ്ടിച്ചിട്ടുണ്ടെന്ന് നരേന്ദ്ര മോഡിക്ക് നല്ല ബോധ്യമുണ്ട്. അതു തന്നെയാണ് കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന ഗവർണറും സർക്കാരും തമ്മിലുള്ള പോര് ഗാലറിയിരുന്നുകൊണ്ട് പ്രധാനമന്ത്രി ആസ്വദിക്കുന്നതിന്റെ കാരണവും.

സംസ്ഥാന സർക്കാരിനെ പ്രകോപനത്തിൽ വീഴ്ത്തി വെട്ടിലാക്കി കേന്ദ്ര ഇടപെടലിലേക്ക് കാര്യങ്ങൾ എത്തിക്കുകയെന്നതാണ് ഗവർണറുടെ തന്ത്രം. തന്റെ പദവിയുടെ മാന്യത പോലും നോക്കാതെ തീർത്തും മോശമായ ഭാഷയിൽ മുഖ്യമന്ത്രിയെയും മറ്റു മന്ത്രിമാരെയും ചീത്ത വിളിക്കുന്നതും വെല്ലുവിളിക്കുന്നതുമെല്ലാം പ്രകോപനത്തിലൂടെ സർക്കാരിനെ വെട്ടിൽ ചാടിക്കാനുള്ള വഴികളാണ്. ആവശ്യമെങ്കിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ആരോപണമുയർന്ന സ്വർണ കള്ളക്കടത്തിൽ പോലും ഇടപെടുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകിയതും തനിക്ക് ഗുണകരമാകുന്ന തിരിച്ചുള്ള ചില ആക്രമണങ്ങൾ പ്രതീക്ഷിച്ചാണ്. ഏറ്റവുമൊടുവിൽ ഗവർണർക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ സംസ്ഥാന സർക്കാർ നിയമോപദേശം തേടുകയും സർവകലാശാലകളുടെ ചാൻസലർ പദവിയിൽ നിന്ന് അദ്ദേഹത്തെ മാറ്റാൻ സി പി എം രാഷ്ട്രീയ തീരുമാനമെടുക്കുകയും ചെയ്തിരിക്കുകയാണ്. ഇതെല്ലാം ഗവർണർ പ്രതീക്ഷിച്ചത് തന്നെയാണ്. 

രാഷ്ട്രീയത്തെ തന്റെ താൽപര്യങ്ങൾക്കനുസരിച്ച് ആരിഫ് മുഹമ്മദ് ഖാൻ ഏതെല്ലാം വിധത്തിൽ ഉപയോഗിച്ചിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ കഴിഞ്ഞകാല രാഷ്ട്രീയ ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കിയാലറിയാം. ജനത പാർട്ടിയിൽ തുടങ്ങി കോൺഗ്രസ് വഴി ജനതാദളിലും ബി എസ് പിയിലും കാലുകൾ മാറിമാറി ചവിട്ടി ഒടുവിൽ ബി ജെ പി പാളയത്തിലെത്തിയപ്പോഴേക്കും സംഘപരിവാറിന്റെ അജണ്ട മേക്കറായി  അദ്ദേഹം മാറിക്കഴിഞ്ഞിരുന്നു. താൻ ആർ എസ് എസ് ആയാൽ എന്താണ് കുഴപ്പമെന്ന് ഗവർണർ പദവിയിലിരുന്നുകൊണ്ട് ചോദിക്കാൻ അദ്ദേഹം  ധൈര്യം കാട്ടിയതും ആർ എസ് എസിനോടുള്ള അമിതമായ വിധേയത്വം കൊണ്ട് തന്നെയാണ്.

 

Latest News