ന്യൂദല്‍ഹി- ദല്‍ഹിയിലെ ജഹാംഗീര്‍പുരിയില്‍ സമാധാനം തകര്‍ക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് നാലു പേരെ ദല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. അന്‍സാര്‍ ശൈഖ്, സാക്കിര്‍, അര്‍ബാസ്, ജുനൈല്‍ എന്നിവരെ മുന്‍കരുതലായാണ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു. ഇതില്‍ അന്‍സാര്‍ ശൈഖ് നേരത്തെ നടന്ന ജഹാംഗീര്‍ അക്രമക്കേസില്‍ പ്രധാനപ്രതിയാണ്. ഗുഢാലോചന നടത്തിയെന്ന് പോലീസ് ആരോപിക്കുന്ന ഇയാള്‍ ഈിയെടായാണ് ജാമ്യം ലഭിച്ച് ജയിലില്‍നിന്ന് പുറത്തിറങ്ങിയത്. ഈ വര്‍ഷം ഹനുമാന്‍ ജയന്തിക്കിടെ നടന്ന ജഹാംഗീര്‍പുരി സംഘര്‍ഷത്തെ കുറിച്ചുള്ള അന്വേഷണത്തില്‍ സാക്കിറിന്റെ പേരും ഉയര്‍ന്നുവന്നിരുന്നു.
ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ അന്‍സാര്‍ പ്രകടനത്തിനു നേതൃത്വം നല്‍കി. പ്രദേശത്തുള്ളവരെ അക്രമത്തിനു പ്രേരിപ്പിച്ചുവെന്നാണ് പോലീസിന്റെ ആരോപണം.
അന്വേഷണം പൂര്‍ത്തിയാക്കുകയും കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് നവംബര്‍ നാലിന് അന്‍സാറിന് കോടതി ജാമ്യം അനുവദിച്ചത്. ഏപ്രില്‍ 17 മുതല്‍ ഇയാള്‍ കസ്റ്റഡിയിലായിരുന്നു. 25,000 രൂപയുടെ സ്വന്തം ജാമ്യത്തിലും തുല്യതുകയുടെ ആള്‍ ജാമ്യത്തിലുമാണ് ഇയാളെ വിട്ടയച്ചത്.
എട്ടു പോലീസുകാരെ ആക്രമിച്ച കേസില്‍ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അന്‍സാറിനെ മുഖ്യപ്രതിയാക്കിയതെന്ന് പോലീസ് അവകാശപ്പെട്ടിരുന്നു.






