മാധ്യമ വിലക്കുമായി വീണ്ടും ഗവർണർ; 'മീഡിയ വണ്ണും കൈരളിയും കടക്ക്പുറത്ത്'

- സംഭവത്തിൽ ഗവർണറെ ബഹിഷ്‌കരിച്ച് റിപ്പോർട്ടർ ടി.വിയുടെ പ്രതിഷേധം
കൊച്ചി - ഗവർണർ-സർക്കാർ പോരിനിടെ മാധ്യമ വിലക്കുമായി വീണ്ടും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വാർത്താസമ്മേളനത്തിൽ മീഡിയ വൺ, കൈരളി മാധ്യമങ്ങളോട് സംസാരിക്കില്ലെന്നും ഈ മാധ്യങ്ങളിലെ റിപ്പോർട്ടർമാരും ക്യാമറാമാൻമാരും പുറത്ത് പോകണമെന്ന് ആജ്ഞാപിക്കുകയായിരുന്നു. കൊച്ചിയിൽനിന്നും രാജ്ഭവനിലേക്ക് പോകുംവഴിയാണ് ഗവർണർ വാർത്താസമ്മേളനം വിളിച്ചത്.
 മാധ്യമങ്ങളുടെ പേര് പറഞ്ഞ് രൂക്ഷ വിമർശമാണ് ഗവർണറിൽനിന്ന് ഉണ്ടായത്. കൈരളി, മീഡിയ വൺ ചാനലുകളിൽ നിന്ന് ആരെങ്കിലും വാർത്താസമ്മേളനത്തിന് എത്തിയിട്ടുണ്ടെങ്കിൽ പുറത്തുപോകണം. ഇവരോട് താൻ സംസാരിക്കില്ല. ഇവർ വാർത്താസമ്മേളനത്തിൽ പങ്കെടുക്കുകയാണെങ്കിൽ താൻ ഇറങ്ങിപ്പോകുമെന്നും ഗവർണർ ഭീഷണി മുഴക്കി. ഈ മാധ്യമങ്ങൾ തനിക്കെതിരെ ക്യാമ്പയിൻ നടത്തുകയാണെന്നും കേഡർ മാധ്യമങ്ങളാണെന്നും അദ്ദേഹം ആരോപിച്ചു. 
 അതിനിടെ, ഗവർണർ വിലക്കേർപ്പെടുത്തിയ മാധ്യമങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് റിപ്പോർട്ടർ ടി.വി ഗവർണറുടെ വാത്താസമ്മേളനം ബഹിഷ്‌കരിച്ച്  പ്രതിഷേധം അറിയിച്ചതും ശ്രദ്ധേയമായി. കഴിഞ്ഞതവണ ഈ മാധ്യമങ്ങളോടൊപ്പം റിപ്പോർട്ടർ ടി.വിക്കും ജയ്ഹിന്ദ് ചാനലിനും ഗവർണർ വിലക്കേർപ്പെടുത്തിയിരുന്നു. അന്ന് മാധ്യമസ്വാതന്ത്ര്യത്തിനെതിരെയുള്ള ഗവർണറുടെ നീക്കങ്ങൾക്കെതിരെ അതിരൂക്ഷമായ പ്രതികരണങ്ങളുമായി മുതിർന്ന മാധ്യമപ്രവർത്തകനും റിപ്പോർട്ടർ ടി.വിയുടെ ചീഫ് എഡിറ്ററുമായ എം.വി നികേഷ്‌കുമാർ രംഗത്തുവന്നിരുന്നു. ഇത്തവണ സ്വന്തം സ്ഥാപനത്തെ ഗവർണർ പരിഗണിച്ചെങ്കിലും മാധ്യമസ്വാതന്ത്ര്യത്തിന് എതിരായ പൊതുനീക്കമെന്ന നിലയിൽ റിപ്പോർട്ടർ ടി.വി ഗവർണറെ ബഹിഷ്‌കരിച്ച് പ്രതിഷേധം ആവർത്തിക്കുകയായിരുന്നു.

Latest News