ഇടുക്കി-കാട്ടുകൊമ്പന്‍ പടയപ്പയുടെ വിക്രിയകളില്‍ വിറങ്ങലിച്ച് മൂന്നാര്‍ മാട്ടുപ്പെട്ടി മേഖല. രജനീകാന്തിന്റെ പടയപ്പ എന്ന തട്ടുപൊളിപ്പന്‍ തമിഴ് സിനിമയെ ഓര്‍മ്മിപ്പിക്കുന്ന വീരപരാക്രമങ്ങളുളളതുകൊണ്ടാകാം അഞ്ച് വര്‍ഷത്തോളം മുമ്പ് മൂന്നാര്‍ മേഖലയില്‍ വിലസി തുടങ്ങിയ ഇവന് തമിഴ് വംശജരായ മൂന്നാറുകാര്‍ പടയപ്പ എന്ന് പേര് നല്‍കിയത്. ഇടക്കിടെ ഇവന്‍ മൂന്നാര്‍ ടൗണിലടക്കം റൗണ്ടടിക്കുമെങ്കിലും കാര്യമായ കുഴപ്പങ്ങളുണ്ടാക്കിയിരുന്നില്ല. കടകളുടെ ഷട്ടര്‍ കൊമ്പുകൊണ്ടകത്തി തുമ്പിക്കൈ അകത്തിട്ട് അരിയും പഴങ്ങളും എടുത്തു തിന്നുന്നതായിരുന്നു ഇഷ്ടന്റെ പ്രധാന ഹോബി.
പക്ഷെ കഴിഞ്ഞ ദിവസം രാത്രി ഇവന്‍ മാട്ടുപ്പട്ടി എക്കോ പോയിന്റില്‍ പൂണ്ടു വിളയാടി. അഞ്ചിലധികം പെട്ടിക്കട തകര്‍ത്തു. പിറ്റേന്ന് ഉച്ചയോടെ എക്കോ പോയിന്റില്‍ വീണ്ടുമെത്തിയ ആനയെക്കണ്ട് സഞ്ചാരികള്‍ ചിതറിയോടി. നിറചാക്കുകളുമായി എത്തിയ പിക്കപ്പ് വാഹനത്തിന് പിന്നാലെ പാഞ്ഞു. വാഹനം വെട്ടിച്ചുമാറ്റിയാണ് രക്ഷപ്പെട്ടത്. വഴിയരികില്‍ വില്‍പ്പനക്ക് വെച്ചിരുന്ന കരിക്ക് ശാപ്പിട്ടു.
ആനയെക്കണ്ട് സഞ്ചാരികളുമായി എക്കോ പോയിന്റിലേക്ക് എത്തിയ വാഹനങ്ങള്‍ തിരികെ പോയി. വിവരമറിഞ്ഞ് വനപാലകരും എത്തി. ഇവരും നാട്ടുകാരും സഞ്ചാരികളും ചേര്‍ന്നപ്പോള്‍ സംഗതി പന്തിയല്ലെന്ന് കണ്ട് പടയപ്പ മാട്ടുപ്പെട്ടി ഡാമിലേക്ക് ചാടി. നീന്തി സമീപമുള്ള വനത്തിലേക്ക് സ്ഥലം വിട്ടു. മാട്ടുപ്പട്ടി ഇന്തോ-സ്വിസ് പ്രോജക്ടിന്റെ പുല്‍മേടുകളില്‍ സ്ഥിരമായി ആനക്കൂട്ടത്തിന്റെ സാന്നിധ്യമുണ്ടെങ്കിലും വിനോദ സഞ്ചാര കേന്ദ്രങ്ങളായ മാട്ടുപ്പട്ടി ഡാം, എക്കോ പോയിന്റ് തുടങ്ങിയ മേഖലകളില്‍ ആന ശല്യം കുറവായിരുന്നു.