Sorry, you need to enable JavaScript to visit this website.

ഹറമൈന്‍ ട്രെയിന്‍ ജൂലൈ മുതല്‍; ജിദ്ദ എയര്‍പോര്‍ട്ടില്‍ സ്‌റ്റേഷന്‍

ജിദ്ദ - മക്ക, ജിദ്ദ, റാബിഗ്, മദീന നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഹറമൈൻ ട്രെയിൻ പദ്ധതിയിൽ ഈ വർഷം മൂന്നാം പാദത്തിൽ വാണിജ്യാടിസ്ഥാനത്തിൽ ട്രെയിൻ സർവീസ് ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി ഡോ. നബീൽ അൽആമൂദി അറിയിച്ചു. മക്ക ഇക്കണോമിക് ഫോറത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. പ്രതിവർഷം ആറു കോടി യാത്രക്കാർക്ക് സേവനം നൽകാൻ തക്ക ശേഷിയിലാണ് ഹറമൈൻ ട്രെയിൻ പദ്ധതി പൂർത്തിയാക്കിയിരിക്കുന്നത്. മധ്യപൗരസ്ത്യദേശത്തെ ഏറ്റവും വേഗം കൂടിയ ട്രെയിൻ സർവീസായിരിക്കുമിത്. 

ജിദ്ദ വിമാനത്താവളത്തിൽ സ്റ്റേഷൻ

ഹറമൈൻ ട്രെയിനുകൾക്ക് ജിദ്ദ എയർപോർട്ടിലും കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റിയിലും സ്റ്റേഷനുകളുണ്ടാകും. സൗദിയിലെ റോഡുകളിൽ വാഹനാപകടങ്ങൾ കുറഞ്ഞിട്ടുണ്ട്. സൗദി റെയിൽവെയ്‌സ് ഓർഗനൈസേഷനെയും സൗദി റെയിൽവെ കമ്പനിയെയും ലയിപ്പിക്കും. റെയിൽവെ മേഖലയുമായി ബന്ധപ്പെട്ട പശ്ചാത്തല സൗകര്യങ്ങളുടെ മേൽനോട്ടം സൗദി റെയിൽവെ കമ്പനിക്കാകും. 
പദ്ധതിയിൽ അഞ്ചു റെയിൽവെ സ്റ്റേഷനുകളാണുള്ളത്. മക്ക, മദീന, റാബിഗ്, ജിദ്ദ എന്നിവിടങ്ങളിലാണ് സ്റ്റേഷനുകൾ. ജിദ്ദയിൽ സുലൈമാനിയയിലെ പ്രധാന റെയിൽവെ സ്റ്റേഷന് പുറമെ പുതിയ ജിദ്ദ എയർപോർട്ടിലും റെയിൽവെ സ്റ്റേഷനുണ്ടാകും. ഹറമിൽ നിന്ന് നാലു കിലോമീറ്റർ ദൂരെ അൽറസീഫ ഡിസ്ട്രിക്ടിലാണ് മക്കയിൽ 5,03,000 ചതുരശ്രമീറ്ററിലേറെ വിസ്തീർണമുള്ള റെയിൽവെ സ്റ്റേഷൻ നിർമിച്ചിരിക്കുന്നത്. 

ഖുൻഫുദ എയർപോർട്ട് 

നിർമാണം ഈ വർഷാവസാനം ആരംഭിക്കും. രണ്ടു വർഷത്തിനുള്ളിൽ എയർപോർട്ട് നിർമാണം പൂർത്തിയാക്കും. ഈ വർഷം മക്ക പ്രവിശ്യയെ സംബന്ധിച്ചേടത്തോളം പരിവർത്തനത്തിന്റെ വർഷമായിരിക്കും. പുതിയ ജിദ്ദ എയർപോർട്ട് ഈ മാസം പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിപ്പിച്ചു തുടങ്ങും. തുടക്കത്തിൽ എയർപോർട്ടിലെ ആറു നിർഗമന, ആഗമന ഗെയ്റ്റുകളാണ് പ്രവർത്തിപ്പിക്കുക. പ്രതിവർഷം അഞ്ചു കോടി യാത്രക്കാരെ ഉൾക്കൊള്ളുന്നതിനുള്ള ശേഷിയിൽ, നിലവിലെ എയർപോർട്ടിന്റെ അഞ്ചിരട്ടി വലിപ്പത്തിലാണ് പുതിയ വിമാനത്താവളം നിർമിക്കുന്നത്. 

പരീക്ഷണ ഓട്ടം തുടങ്ങി

ഹജ്, ഉംറ തീർഥാടകരുടെ യാത്ര സുഗമമാക്കുന്നതിന് ലക്ഷ്യമിട്ട് നടപ്പാക്കുന്ന ഹറമൈൻ ട്രെയിൻ പദ്ധതിയിൽ പരീക്ഷണാടിസ്ഥാനത്തിൽ സർവീസ് ആരംഭിച്ചിട്ടുണ്ട്. പരീക്ഷണാടിസ്ഥാനത്തിൽ സർവീസുകൾ നടത്തി ട്രെയിനുകളുടെയും പാളങ്ങളുടെയും അനുബന്ധ സൗകര്യങ്ങളുടെയും സുരക്ഷിതത്വം പൂർണ തോതിൽ ഉറപ്പുവരുത്തുകയാണ് ചെയ്യുന്നത്. 

ഏറ്റവും വലിയ ഗതാഗത പദ്ധതി

മധ്യപൗരസ്ത്യദേശത്തെ ഏറ്റവും വലിയ ഗതാഗത പദ്ധതികളിൽ ഒന്നാണ് ഹറമൈൻ ട്രെയിൻ പദ്ധതി. പദ്ധതിക്ക് 6700 കോടി റിയാലോളമാണ് ചെലവ് കണക്കാക്കുന്നത്. സ്ഥലം ഏറ്റെടുക്കുന്നതിനുള്ള ചെലവ് കൂട്ടാതെയാണിത്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും പെട്ടവർക്ക് താങ്ങാൻ കഴിയുന്ന നിലക്കുള്ള ടിക്കറ്റ് നിരക്കുകളാകും ഹറമൈൻ ട്രെയിൻ പദ്ധതിയിൽ നിലവിലുണ്ടാവുകയെന്ന് ബന്ധപ്പെട്ടവർ വെളിപ്പെടുത്തിയിട്ടുണ്ട്. മണിക്കൂറിൽ 300 കിലോമീറ്റർ വരെ വേഗതയുള്ള 35 ട്രെയിനുകളാണ് പദ്ധതിയിൽ സർവീസിന് ഉപയോഗിക്കുക. 

എക്‌സ്പ്രസ് ഹൈവേകളിൽ ടോൾ ഏർപ്പെടുത്തും

രാജ്യത്തെ എക്‌സ്പ്രസ്‌വേ ശൃംഖലയിൽ ഒരു ഭാഗം റോഡുകളിൽ ടോളുകൾ ഏർപ്പെടുത്തും. ഗതാഗത സംവിധാനങ്ങളുടെ കാര്യക്ഷമത ഉയർത്തുന്നതിന് സഹായകമാകുന്നതിനാണ് ചില എക്‌സ്പ്രസ്‌വേകളിൽ ടോൾ ഏർപ്പെടുത്തുന്നത്. സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെ നാലു മുതൽ ആറു വരെ എക്‌സ്പ്രസ്‌വേകൾ നിർമിക്കുന്നതിനാണ് ആലോചിക്കുന്നത്. എന്നാൽ ഫീസില്ലാത്ത ബദൽ റോഡുകൾ ലഭ്യമാക്കേണ്ടതിനാൽ ടോൾ ബാധകമായ എക്‌സ്പ്രസ്‌വേകളുടെ നിർമാണം ദുഷ്‌കരമാകാനിടയുണ്ട്. സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെ എക്‌സ്പ്രസ്‌വേകൾ നിർമിക്കുന്നതിനുള്ള കരടു പദ്ധതി ആറു മാസത്തിനകം റെഡിയാകുമെന്നും ഡോ. നബീൽ അൽആമൂദി പറഞ്ഞു. സൗദിയിൽ ബസുകൾ നിർമിക്കുന്നതിന് വിദേശ കമ്പനികളുമായി ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
 

Latest News