ഉപതെരഞ്ഞെടുപ്പില്‍ ഏഴില്‍ നാലും ബി.ജെ.പിക്ക്

ന്യൂദല്‍ഹി- നാല് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പുകളില്‍ ഏഴെണ്ണത്തില്‍ നാലെണ്ണം ബി.ജെ.പി കരസ്ഥമാക്കി. ഹരിയാനയിലെ ആദംപുര്‍, ഒഡീഷയിലെ ധാമനഗര്‍, ഉത്തര്‍പ്രദേസിലെ ഗോല ഗോകര്‍നാഥ്, ബിഹാറിലെ ഗോപാല്‍ഗഞ്ച് എന്നിവിടങ്ങളിലെ ജയം 2024 നല്‍ നടക്കാനരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കൂടുതല്‍ ആത്മവിശ്വാസം പകരുന്നതാണ്. ബാക്കി മൂന്ന് സീറ്റികള്‍ ആര്‍.ജെ.ഡി, ഉദ്ദവ് താക്കറെ നേതൃത്വം നല്‍കുന്ന ശിവസേന, ടി.ആര്‍.എസ് എന്നിവയാണ് നേടിയത്.

തെലങ്കാനയിലെ മുനുഗോഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ. പിയെ മലര്‍ത്തിയടിച്ച് ടി. ആര്‍ എസ് വിജയം കരസ്ഥമാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ നേരിട്ടെത്തി പ്രചാരണത്തിന് നേതൃത്വം നല്‍കിയ മണ്ഡലമാണ് മുനുഗോഡ്.  മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ പാര്‍ട്ടിയായ ടി ആര്‍ എസ് 10,000 ത്തിലധികം വോട്ടുകള്‍ക്കാണ് വിജയിച്ചത്. ടി. ആര്‍. എസ് സ്ഥാനാര്‍ത്ഥി കെ. പ്രഭാകര്‍ റെഡ്ഡിയും  ബി. ജെ. പിയുടെ കെ രാജഗോപാല്‍ റെഡ്ഡിയും തമ്മില്‍ ശക്തമായ പോരാട്ടമാണ് നടന്നത്.  തെരഞ്ഞെടുപ്പ് വിജയം ഉറപ്പിക്കാന്‍ മുഖ്യമന്ത്രി കെ. സി. ആറും വ്യാപക പ്രചാരണ പരിപാടിക്കാണ് നേതൃത്വം നല്‍കിയത്. മന്ത്രിമാരുടെയും എംഎല്‍എമാരുടെയും മുഴുവന്‍ സംഘത്തെയും വിന്യസിക്കുകയും ചെയ്തിരുന്നു. ആവേശകരമായ പോരാട്ടത്തില്‍ തിളക്കമാര്‍ന്ന വിജയമാണ് കെ പ്രഭാകര്‍ റെഡ്ഡി സ്വന്തമാക്കിയത്.
ബി. ജെ. പി സ്ഥാനാര്‍ത്ഥിയായ കെ രാജഗോപാല്‍ റെഡ്ഡി നേരത്തെ കോണ്‍ഗ്രസിനൊപ്പമായിരുന്നു. കോണ്‍ഗ്രസ് വിട്ട് ബി. ജെ. പിയില്‍  ചേക്കേറിയതിന് തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. കെ സി ആറിനെ സംബന്ധിച്ചിടത്തോളം മുനുഗോഡ് ഉപതെരഞ്ഞെടുപ്പ് അഭിമാനപ്പോരാട്ടമായിരുന്നു. ഇവിടെ ബി. ജെ. പി വിജയിച്ചിരുന്നുവെങ്കില്‍ ടി.ആര്‍.എസിന് പ്രതിസന്ധി സൃഷ്ടിക്കാന്‍ അവര്‍ക്ക് സാധിക്കുമായിരുന്നു. തെലങ്കാന രാഷ്ട്ര സമിതി (ടി.ആര്‍.എസ്) എന്ന ചന്ദ്ര ശേഖര റാവുവിന്റെ പാര്‍ട്ടി ഭാരത് രാഷ്ട്ര സമിതി എന്ന പേരില്‍ പുനര്‍നമാകരണം ചെയ്തത് അടുത്തിടെയാണ്.  ഈ തെരഞ്ഞെടുപ്പില്‍ ബി. ജെ. പി ജയിച്ചിരുന്നെങ്കില്‍ സംസ്ഥാനത്ത് ബി. ജെ.പിയ്ക്ക് എളുപ്പം വളരാനാകുമായിരുന്നു. തെരഞ്ഞെടുപ്പ് വിജയത്തിലൂടെ ടി. ആര്‍. എസ് ഇതിനാണ് തടയിട്ടത്.അടുത്ത വര്‍ഷം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മുനുഗോഡിലെ ഫലം സ്വാധീനിക്കുകയും ചെയ്യും. തെരഞ്ഞെടുപ്പില്‍ ടി ആര്‍ എസ് ജയിച്ചതോടെ ബി. ജെ. പിയുടെ മിഷന്‍ സൗത്തിന് കനത്ത തിരിച്ചടിയാണ് ലഭിച്ചത്. ഫല പ്രഖ്യാപനത്തെ തുടര്‍ന്ന് പാര്‍ട്ടി ആസ്ഥാനത്ത് ടി. ആര്‍. എസ് നേതാക്കളും അനുയായികളും ആഘോഷം തുടങ്ങി. ഈ മാസം മൂന്നിന് നടന്ന വോട്ടെടുപ്പില്‍ 93 ശതമാനം പോളിംഗാണ് ഇവിടെ രേഖപ്പെടുത്തിയത്. ബി.ജെ.പിയും ടി.ആര്‍.എസും പണം വാരിക്കോരി ചെലവാക്കുകയും ചെയ്തു.

മുംബൈ നഗരത്തിലെ അന്ധേരി ഈസ്റ്റില്‍ ശിവസേന ഉദ്ധവ് താക്കറെ പക്ഷത്തിന് മധുര പ്രതികാരത്തിന്റെ വിജയം. ഉദ്ദവ് താക്കറെ സര്‍ക്കാരിനെ മറിച്ചിട്ട് പാര്‍ട്ടിയുടെ അംഗങ്ങള്‍ മറുകണ്ടം ചാടി ആദ്യമായി നടന്ന തെരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന വിജയമാണ് സ്ഥാനാര്‍ഥി  റുതുജ ലാട്‌കെ മഹാരാഷ്ട്രയിലെ അന്ധേരി ഈസ്റ്റില്‍ കൈവരിച്ചത്. ഇവിടെ  നോട്ടയാണ് രണ്ടാം സ്ഥാനത്തെത്തിയത്. 12,776 വോട്ടുകളാണ് നോട്ടയ്ക്ക് ലഭിച്ചത്. 64,959 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് റുതുജ ലാട്‌കെയയുടെ വിജയം. ആകെ പോള്‍ ചെയ്ത വോട്ടുകളുടെ 76.85 ശതമാനവും ലാട്്‌കെ നേടിയതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഇവരുടെ ഭര്‍ത്താവ് രമേശ് ലാട്‌കെയുടെ നിര്യാണത്തെ തുടര്‍ന്നാണ് ഉപ തെരഞ്ഞെടുപ്പ് അനിവാര്യമായത്. മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ ജീവനക്കാരിയായിരുന്ന ലാട്്‌കെ ജോലിയില്‍ നിന്ന് രാജി വെച്ചാണ് സജീവ രാഷ്ട്രീയത്തിലിറങ്ങിയത്. അന്ധേരിയില്‍ തന്റെ ഭര്‍ത്താവ് തുടങ്ങി വെച്ച വികസന പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് ഫലമറിഞ്ഞ ശേഷം അവര്‍ പ്രതികരിച്ചു. തെരഞ്ഞെടുപ്പ് ഫലമറിഞ്ഞ ശേഷം പാര്‍ട്ടി ആസ്ഥാനമായ മാതോശ്രീയിലെത്തി നേതാക്കളുടെ അനുഗ്രഹാശിസ്സുകള്‍ ലാട്്‌കെ ഏറ്റുവാങ്ങി. ഏക്‌നാഥ് ഷിണ്ഡെയുടെ നേതൃത്വത്തില്‍ 39 എം.എല്‍.എമാര്‍ മറുകണ്ടം ചാടിയതോടെയാണ് ഉദ്ദവ് താക്കറെയ്ക്ക് രാജിവെക്കേണ്ടി വന്നത്. എന്‍.സി.പി, കോണ്‍ഗ്രസ് കക്ഷികള്‍ ലാട്്‌കെയെ പിന്തുണച്ചിരുന്നു. ഇവര്‍ക്കെതിരെ  ബി.ജെ.പി-ശിവസേന (ഏക്‌നാഥ് ഷിന്‍ഡേ പക്ഷം) സഖ്യം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരുന്നില്ല.

 

 

Latest News