ബഹ്‌റൈനില്‍ പോലീസ് ചമഞ്ഞ് യുവതിയെ പീഡിപ്പിച്ച യുവാവിന് 20 വര്‍ഷം തടവ്

മനാമ- ബഹ്‌റൈനില്‍ പോലീസുകാരനെന്ന വ്യാജേന യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത 34 വയസുകാരന്  20 വര്‍ഷം തടവ്. കേസില്‍ നേരത്തെ പുറപ്പെടുവിച്ച വിധിക്കെതിരെ പ്രതി സമര്‍പ്പിച്ച അപ്പീല്‍ പരമോന്നത കോടതി തള്ളി. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് ഒന്‍പതിനായിരുന്നു കേസിനാസ്പദമായ സംഭവം.
യുവതിയെയും കാമുകനെയും മനാമയില്‍ വാഹനത്തില്‍ കണ്ട പ്രതി  പിന്തുടരുകയായിരുന്നു. പിന്തുടരുന്നത് ശ്രദ്ധയില്‍ പെട്ട യുവാവും യുവതിയും വാഹനവുമായി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതി പിന്തുടര്‍ന്ന് തടഞ്ഞുനിര്‍ത്തി.
പോലീസ് ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തിയ പ്രതി ആഭ്യന്തര മന്ത്രാലയത്തിന്റെ തിരിച്ചറിയല്‍ കാര്‍ഡും കാണിച്ചു. കാറിലുണ്ടായിരുന്ന 21 കാരിയോട് തന്റെ കാറിലേക്ക് വരണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
യുവതി ഇയാളുടെ കാറില്‍ കയറിയതോടെ ഒറ്റപ്പെട്ട സ്ഥലത്തേക്ക് കാറോടിച്ച് പോയ ശേഷം ബലാത്സംഗം ചെയ്തു. പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തകയും ചെയ്തു. പിന്നീട് ഈ ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യണമെങ്കില്‍ 500 ദിനാര്‍ വേണമെന്നാവശ്യപ്പെട്ട് ബ്ലാക് മെയില്‍ ചെയ്യാന്‍ തുടങ്ങി.
30 ദിര്‍ഹം നല്‍കിയ യുവതി ബാക്കി പണം മാസാവസാനം നല്‍കാമെന്ന് ഉറപ്പ് നല്‍കി. ഇതിന് ശേഷമാണ് നടന്ന സംഭവങ്ങളെല്ലാം യുവതി മാതാവിനെ അറിയിച്ചത്. പോലീസില്‍ പരാതി നല്‍കിയതിനു പിന്നാലെ യുവാവ് അറസ്റ്റിലായി. ആഭ്യന്തര മന്ത്രാലയത്തില്‍ ജോലി ചെയ്യുന്ന മറ്റൊരാളുടെ തിരിച്ചറിയല്‍ രേഖയാണ് ഇയാള്‍  ഉപയോഗിച്ചതെന്ന് അന്വേഷണത്തില്‍ പോലീസ് കണ്ടെത്തി.  
ബലാത്സംഗം, പോലീസ് വേഷത്തില്‍ തട്ടിപ്പ്, മോഷണം, അശ്ലീല വീഡിയോകള്‍ കൈവശം വെയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ക്കാണ് 20 വര്‍ഷം ജയില്‍ ശിക്ഷ  ഹൈ ക്രിമിനല്‍ കോടതി വിധിച്ചത്.

 

Latest News