Sorry, you need to enable JavaScript to visit this website.

ഹവായി ദ്വീപിൽ അഗ്നിപർവത സ്‌ഫോടനം, അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു 

ഹൊനോലുലു- അഗ്‌നിപർവതത്തിൽ നിന്നു പുതിയ ഭീഷണി ഉയരുന്നു. ഹവായിയിലെ ബിഗ് ഐലൻഡിലെ അഗ്‌നിപർവതമായ കിലോയയിൽ ലാവ പുറന്തള്ളിക്കൊണ്ടിരിക്കുന്നത് ജനങ്ങളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. അഗ്‌നിപർവതത്തോടു ചേർന്നു പലയിടത്തും പുതിയ വിള്ളലുകൾ രൂപപ്പെടുകയാണ്. ഇവയ്ക്കുള്ളിൽ നിന്നു ചുട്ടുപഴുത്ത ലാവയും പുറന്തള്ളപ്പെടുന്നു. എന്നാൽ ഇത് എത്രനാൾ തുടരും, ഇനിയും ഭൂകമ്പമുണ്ടാകുമോ എന്ന കാര്യങ്ങളിൽ വ്യക്തമായി മറുപടി പറയാനാകാതെ യുഎസ് ജിയോളജിക്കൽ സർവേ ആശങ്കപ്പെടുന്നു. സൂനാമി ഭീഷണിയില്ലെന്ന് പറയുന്നുണ്ടെങ്കിലും വ്യക്തമായി ഒന്നും പറയാനാവാത്ത അവസ്ഥയിലാണ് ഗവൺമെന്റ്. 
അഗ്‌നിപർവതബാധിത മേഖലകളിൽനിന്നു ജനങ്ങളെ ഒഴിപ്പിച്ചു വരികയാണ്. കഴിഞ്ഞ വ്യാഴാഴ്ചയാണ് കിലോയ അഗ്‌നിപർവതം പൊട്ടിത്തെറിക്കുന്നത്. ഹവായി ദ്വീപിലെ സജീവ അഗ്‌നിപർവ്വതങ്ങളിലൊന്നായ കിലോയ പൊട്ടിത്തെറിച്ചതിനെ തുടർന്ന് ദ്വീപിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ലാവ ജനവാസമേഖലകളിലേക്കും എസ്‌റ്റേറ്റുകളിലേക്കും ഒലിച്ചിറങ്ങിയതോടെ ഒഴിപ്പിക്കലും ആരംഭിച്ചു. വിഷവാതകങ്ങളും ഭീഷണിയായി ദ്വീപിൽ നിറഞ്ഞു. ഇതിനു പിന്നാലെയാണ്  വെള്ളിയാഴ്ച ഹവായിയെ കുലുക്കി രണ്ട് ഭൂകമ്പങ്ങളുണ്ടായത്. രാവിലെ 11.30നുണ്ടായത് റിക്ടർ സ്‌കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയപ്പോൾ രണ്ടാമത്തേതിനു 6.9 ആയിരുന്നു തീവ്രത. പന്ത്രണ്ടരയോടെയുണ്ടായതാകട്ടെ നാലു പതിറ്റാണ്ടിനിടെ ഹവായിയിൽ ഉണ്ടായ ഏറ്റവും വലിയ ഭൂചലനമായിരുന്നു.
കെട്ടിടങ്ങളും മരങ്ങളും വിറയ്ക്കുകയും ആടിയുലയുകയും ചെയ്യുന്നതിന്റെയും സ്വിമ്മിങ് പൂളുകളിൽ ഓളങ്ങളുണ്ടാകുന്നതിന്റെയും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. 
ഇന്നലെ ദ്വീപിൽ പലയിടത്തും പുതിയ വിള്ളലുകൾ പ്രത്യക്ഷപ്പെട്ട് അതിൽ നിന്നു ലാവ കുതിച്ചു ഒഴുകി. താമസ കേന്ദ്രങ്ങളിലേക്കും ലാവയെത്തിയതോടെ രണ്ടായിരത്തോളം പേരെയാണ് ഒഴിപ്പിച്ചത്. ലെയ്‌ലനി എസ്‌റ്റേറ്റ് മേഖലയിലാണ്  പുതിയ വിള്ളലുകൾ രൂപപ്പെട്ടിരിക്കുന്നത്. ഇവിടെ എഴുനൂറോളം വീടുകളാണുള്ളത്. 1700ലേറെപ്പേരെ ഒഴിപ്പിച്ചു.  ലാവാ പ്രവാഹം ഒരുപക്ഷേ ആഴ്ചകളും മാസങ്ങളും തുടരുമെന്ന് ഹവായിയൻ വോൾക്കാനോ ഒബ്‌സർവേറ്ററി അധികൃതർ അറിയിച്ചു.  
ലാവാ പ്രവാഹം ദിവസം തോറും വർധിക്കുന്നതും ആശങ്കപ്പെടുത്തുന്നുണ്ട്. ജനങ്ങളെ ഒഴിപ്പിക്കുന്ന മേഖലയിൽ വൻതോതിലാണ് സൾഫർ ഡൈ ഓക്‌സൈഡ് പോലുള്ള വിഷവാതകങ്ങളുടെ സാന്നിധ്യം. അഗ്‌നിപർവ്വത സ്‌ഫോടനത്തിന്റെ ഫലമായി അന്തരീക്ഷത്തിൽ സൾഫർ ഡയോക്‌സൈഡ് അപകടകരമാംവിധത്തിലുള്ള അളവിൽ കലർന്നിട്ടുണ്ടെന്ന് രക്ഷാ പ്രവർത്തകർ മുന്നറിയിപ്പ് നൽകി. 

Latest News