Sorry, you need to enable JavaScript to visit this website.

നിക്ഷേപം നൽകിയില്ല; ബാങ്കിനുള്ളിൽ രാത്രിയും വയോധികയുടെ പ്രതിഷേധം

പത്തനംതിട്ട - നിക്ഷേപം തിരികെ ലഭിക്കാൻ രാത്രിയും ബാങ്കിനുള്ളിൽ പ്രതിഷേധം. സ്വന്തമായി കിടപ്പാടമില്ലാത്ത, ഭർത്താവ് മരിച്ച 71-കാരിയാണ് തന്റെ സ്ഥിരനിക്ഷേപ തുക തിരികെ കിട്ടണമെന്നാവശ്യപ്പെട്ട് രാത്രിവരെയും ബാങ്കിനുള്ളിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. റാന്നി ഉതിമൂട് സർവീസ് സഹകരണ ബാങ്കിലാണ് സംഭവം. ഒൻപത് മണിക്കൂറോളമാണ് വയോധിക കുത്തിയിരുപ്പ് നടത്തിയത്.
 വീടില്ലാത്തതിനാൽ ബന്ധുവിനൊപ്പമാണ് ഇവർ കഴിയുന്നത്. ബാങ്കിൽ തന്റെ ദയനീയാവസ്ഥ ഓരോ തവണ പറയുമ്പോഴും അനുനയത്തിലൂടെ മടക്കി അയക്കുകായിരുന്നെന്ന് ഇവർ പറയുന്നു. മുമ്പ് പല തവണ ഇതേ ആവശ്യം ഉന്നയിച്ചിട്ടും പണം ലഭിച്ചില്ല. സ്വന്തമായി അഞ്ചു സെന്റ് സ്ഥലം വാങ്ങാനായി ഏർപ്പാടാക്കിയ ശേഷമാണ് പല വട്ടം ബാങ്കിൽ കയറിയിറങ്ങുന്നത്. നമ്മൾ ബാങ്കിലിട്ട പണം ചോദിക്കുമ്പോൾ ഇവർക്കെന്താ അത് തന്നാലെന്നും അവർ ചോദിച്ചു.
 ഓരോ തവണയും ബാങ്ക് ജീവനക്കാരും ഭരണസമതി അംഗങ്ങളും ഓരോ കാരണം പറഞ്ഞു ഇവരെ മടക്കി അയക്കുകയാണ് പതിവ്. അവധികൾ പലതണ്ടായി. എല്ലാം ബാങ്ക് തെറ്റിച്ചു. ഒടുക്കം പറഞ്ഞ അവധിയിൽ ഇവർ രാവിലെ എത്തിയിട്ടും ബാങ്കിൽ ആർക്കും അനക്കമില്ല. രാവിലെ 11ന് എത്തി വെള്ളം മാത്രം കുടിച്ചു ഇരിപ്പ് തുടരുകയായിരുന്നു. വൈകുന്നേരമായിട്ടും നടപടി ആയില്ല. ബാങ്ക് അടക്കേണ്ട സമയം കഴിഞ്ഞിട്ടും പണം ലഭിക്കാതെ വന്നതോടെ അവർ ബാങ്കിൽ കുത്തിയിരിപ്പ് തുടർന്നു. എന്നിട്ടും കൃത്യമായ മറുപടി നൽകാൻ അവർക്കായില്ലെന്നും സ്ത്രീ പറഞ്ഞു.
 അവസാനം, വായ്പ എടുത്തവർ തിരിച്ചടക്കുമ്പോൾ ആനുപാതികമായി നൽകാം എന്ന നിലപാടാണ് ബാങ്ക് അധികൃതർ അറിയിച്ചത്. ഇതോടെയാണ് ബാങ്ക് അടക്കാൻ അനുവദിക്കാതെ പ്രതിഷേധ ഇരിപ്പ് തുടർന്നത്. ഒടുക്കം പോലീസെത്തി ഇടപെട്ടെങ്കിലും ഫലമുണ്ടായില്ല. ബാങ്കിൽ നിലവിൽ പണം ഇല്ലെന്നും വന്നാൽ കൊടുക്കാമെന്നും പ്രസിഡന്റ് പോലീസിനോട് പറഞ്ഞു. ഇതേ തുടർന്ന് പോലീസ് ഇവരെ ബാങ്കിൽ നിന്നും പുറത്തിറക്കി. ശേഷമാണ് ബാങ്ക് അടച്ചത്. വയോധികയുടെ നിക്ഷേപം എത്രയും വേഗം ബാങ്ക് തിരിച്ചുനൽകണമെന്നും ബാങ്ക് അധികൃതർ കടുത്ത അന്യായമാണ് കാണിച്ചതെന്നും ആക്ഷേപം ശക്തമാണ്. എന്നാൽ പ്രശ്‌നം ഏറ്റെടുത്ത് ആരും പരസ്യമായി രംഗത്തുവന്നിട്ടില്ല.

Latest News