ക്ലാസില്‍ വിദ്യാര്‍ഥികള്‍ക്ക് കൂട്ടശിക്ഷ; പെണ്‍കുട്ടി കുഴഞ്ഞുവീണ് മരിച്ചു

ബംഗളൂരു- കര്‍ണാടകയില്‍ സ്വകാര്യ സ്‌കൂളിലെ  ക്ലാസ് മുറിയില്‍ പ്രൈമറി വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണ് മരിച്ചു.  ഉച്ചക്ക് ഒന്നരയോടെ ക്ലാസിലെ വിദ്യാര്‍ത്ഥികളെ അധ്യാപകന്‍ ശിക്ഷിക്കുന്നതിനിടെ പെണ്‍കുട്ടി കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു.  സ്‌കൂള്‍ അധികൃതര്‍ സംഭവം മാതാപിതാക്കളെ അറിയിക്കുകയും മൃതദേഹം പെണ്‍കുട്ടിയുടെ വീട്ടിലേക്ക് കൊണ്ടുപോകുകയും ചെയ്തതായി പോലീസ് പറഞ്ഞു.
സ്‌കൂളില്‍ വിദ്യാര്‍ഥികളെ ശിക്ഷിക്കുന്നതിനിടെയാണ് കുട്ടി മരിച്ചതെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു. എന്നാല്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ പരിക്കിന്റെ ബാഹ്യലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു.

സംശയാസ്പദമായ സാഹചര്യത്തിലാണ് മരണം സംഭവിച്ചതെന്ന് പെണ്‍കുട്ടിയുടെ പിതാവ് പോലീസില്‍ പരാതി നല്‍കി. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും അന്വേഷണം നടത്തുമെന്നും  പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ക്ലാസില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് കുട്ടിയെ ശുശ്രൂഷിക്കുന്നതില്‍ കാലതാമസം നേരിട്ടോ പെണ്‍കുട്ടിക്ക് വൈദ്യസഹായം നല്‍കാതെ അവഗണിക്കുകയായിരുന്നോ തുടങ്ങിയ കാര്യങ്ങളും അന്വേഷിക്കുന്നു.

 

Tags

Latest News