റിയാദ് - ഗവൺമെന്റ് സ്‌കൂളുകളിൽ അധ്യാപകരായി വിദേശികളെ നിയമിക്കുന്നതിന് നിലവിൽ ആലോചിക്കുന്നില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. സൗദി അധ്യാപകരുടെ കഴിവുകളിലും യോഗ്യതകളിലും വിദ്യാഭ്യാസ മന്ത്രാലയത്തിന് പൂർണ വിശ്വാസമുണ്ട്.
യോഗ്യരായ സൗദി അധ്യാപകരുടെ എണ്ണത്തിൽ കുറവ് നേരിടുന്നില്ലെന്നും വിദ്യാഭ്യാസ മന്ത്രാലയ വക്താവ് മുബാറക് അൽഉസൈമി പറഞ്ഞു. ഈജിപ്തിൽ നിന്ന് വിദ്യാഭ്യാസ മന്ത്രാലയം അധ്യാപകരെ റിക്രൂട്ട് ചെയ്യുന്നതിന് ശ്രമിക്കുന്നതായി സാമൂഹിക മാധ്യമങ്ങളിൽ റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. ഇതോടെ ഈജിപ്തിൽ നിന്ന് അധ്യാപകരെ റിക്രൂട്ട് ചെയ്യുന്നത് അംഗീകരിക്കില്ല എന്ന ശീർഷകത്തിൽ ട്വിറ്റർ ഉപയോക്താക്കൾ ഹാഷ്ടാഗും ആരംഭിച്ചു.
റിയാദിൽ ചേർന്ന സൗദി-ഈജിപ്ത് ജോയന്റ് ബിസിനസ് കൗൺസിലിന്റെ ആദ്യ ഫലമെന്നോണം സൗദി അറേബ്യയിലെ ഗവൺമെന്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നതിന് ഈജിപ്ഷ്യൻ അധ്യാപകരെ ഡെപ്യൂട്ടേഷനിൽ അയക്കുന്നതിന് ധാരണയായതായി കയ്‌റോ സൗദി എംബസി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഈജിപ്തിൽ സൗദി ഇൻഡസ്ട്രിയൽ ഏരിയ സ്ഥാപിക്കുന്നതിനെ കുറിച്ച് പഠനം ആരംഭിച്ചതായും എംബസി പറഞ്ഞു.
ഈജിപ്ത് സോവറീൻ ഫണ്ടിൽ സൗദി അറേബ്യ പങ്കാളിത്തം വഹിക്കുന്നതിനും തീരുമാനമായിട്ടുണ്ട്. ചെങ്കടലിൽ ഈജിപ്തിന്റെ അതിർത്തിയിൽ പെടുന്ന പ്രദേശങ്ങളിൽ പ്രകൃതി വാതക ശേഖരത്തിനു വേണ്ടിയുള്ള പര്യവേക്ഷണത്തിൽ സൗദി അറേബ്യ പങ്കാളിത്തം വഹിക്കുമെന്നും കയ്‌റോ സൗദി എംബസി പ്രസ്താവനയിൽ പറഞ്ഞു. സൗദി വിദ്യാഭ്യാസ മന്ത്രാലയം ഈജിപ്തിൽ നിന്ന് വലിയ തോതിൽ അധ്യാപകരെ റിക്രൂട്ട് ചെയ്യുന്നതിന് നീക്കം നടത്തുകയാണെന്ന ധാരണ കയ്‌റോ സൗദി എംബസി പ്രസ്താവനയാണ് സാമൂഹിക മാധ്യമ ഉപയോക്താക്കളിൽ ഉണ്ടാക്കിയത്.