ഗുജറാത്ത് തിരഞ്ഞെടുപ്പില്‍നിന്ന് പിന്മാറാന്‍ ബി.ജെ.പി ഓഫര്‍ വെച്ചതായി കെജ്‌രിവാള്‍

അഹമ്മദാബാദ്- ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍നിന്ന് പിന്മാറാന്‍ വമ്പന്‍ വാഗ്ദാനങ്ങളുമായി ബി.ജെ.പി തന്നെ സമീപിച്ചുവെന്ന അവകാശവാദവുമായി എ.എ.പി. ദേശീയ കണ്‍വീനറും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍. ഗുജറാത്ത് തിരഞ്ഞെടുപ്പില്‍നിന്ന് എ.എ.പി. പിന്മാറുന്നപക്ഷം ദല്‍ഹി മന്ത്രിസഭാംഗങ്ങളും കേന്ദ്ര ഏജന്‍സികള്‍ രജിസ്റ്റര്‍ ചെയ്ത വ്യത്യസ്ത കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടുള്ളവരുമായ മനീഷ് സിസോദിയ, സത്യേന്ദര്‍ ജെയിന്‍ എന്നിവരെ കേസുകളില്‍നിന്ന് ഒഴിവാക്കാം എന്നായിരുന്നു വാഗ്ദാനമെന്ന് കെജ്‌രിവാള്‍ അവകാശപ്പെട്ടു. എന്‍.ഡി.ടി.വിയുടെ പ്രത്യേക സംവാദ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

'ആം ആദ്മി പാര്‍ട്ടി വിട്ടാല്‍ ദല്‍ഹി മുഖ്യമന്ത്രിയാക്കാമെന്ന വാഗ്ദാനം മനീഷ് സിസോദിയ നിരസിച്ചതിന് പിന്നാലെ ഇപ്പോള്‍ അവര്‍ എന്നെ സമീപിച്ചിരിക്കുകയാണ്. ഗുജറാത്ത് നിയമസഭാ തിരഞ്ഞെുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന് പിന്മാറിയാല്‍ രണ്ടു മന്ത്രിമാരേയും കേസുകളില്‍ നിന്നും മുക്തരാക്കാമെന്ന് അവര്‍ വാഗ്ദാനം ചെയ്തു.' കെജ്‌രിവാള്‍ പറഞ്ഞു. ആരാണ് വാഗ്ദാനവുമായി സമീപിച്ചതെന്ന് ചോദിച്ചപ്പോള്‍, തന്റെ തന്നെ കൂട്ടത്തിലെ ഒരാളെ എങ്ങനെയാണ് പറയുക എന്നായിരുന്നു കെജ്‌രിവാളിന്റെ മറുപടി.

 

Latest News