സി.പി.എമ്മിലെ പുതിയ ധ്രുവീകരണം

ലോകായുക്തയെ നിർവീര്യമാക്കിയതും മന്ത്രിസഭ യോഗത്തിൽ ഔട്ട് ഓഫ് അജണ്ടയായി മുഖ്യമന്ത്രി സ്വന്തം താൽപര്യാനുസരണം ഓരോന്നു കൊണ്ടുവന്ന് പാസാക്കിയെടുക്കുന്നതും പാർട്ടിയിൽ ആരുമറിയാറില്ല. പത്രത്തിലൂടെയാവും അവർ അറിയുക. ഇപ്പോഴിതാ ആദ്യമായി അത്തരമൊരു തീരുമാനത്തെ പാർട്ടി സെക്രട്ടറി തടഞ്ഞിരിക്കുന്നു. ഇതുവരെയുള്ള കളി ഇനി വേണ്ടെന്ന് വ്യക്തമായ സന്ദേശമാണ് പിണറായി വിജയന് എം.വി. ഗോവിന്ദൻ നൽകിയിരിക്കുന്നത്. 

പൂച്ച പുലിയായിത്തുടങ്ങിയോ! സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് എം.വി. ഗോവിന്ദൻ വരുമ്പോൾ അദ്ദേഹത്തെ ജനം അത്രയൊന്നും തിരിച്ചറിഞ്ഞിരുന്നില്ല. കണ്ണൂരിലെ 'പുപ്പുലി'കൾക്കിടയിൽ നിന്നും വരുന്ന സൗമ്യനായ വ്യക്തി. മന്ത്രിസഭയിലും പൊതുയിടങ്ങളിലും മാന്യൻ. എല്ലാവരോടും ചിരിക്കുകയും വർത്തമാനം പറയുകയും ചെയ്യുന്ന കമ്യൂണിസ്റ്റ് നേതാവ്. സി.പി.എം പ്രവർത്തകർക്കാകട്ടെ പാർട്ടിക്ലാസുകൾ നന്നായെടുക്കുന്ന മികച്ച അധ്യാപകനും. സൈദ്ധാന്തിക പാഠങ്ങളിലെ മാനവികതെയെക്കുറിച്ച് ഗോവിന്ദൻ അവരെ പഠിപ്പിച്ചിട്ടുണ്ട്. അവർ അത് പഠിച്ചില്ലെങ്കിലും.
പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ കൂട്ടുകെട്ടിലാണ് കഴിഞ്ഞ ആറു വർഷമായി സംസ്ഥാനത്ത് എൽ.ഡി.എഫ് ഭരണം നടന്നത്. പിണറായി തീരുമാനിക്കും, കോടിയേരി അത് നടപ്പാക്കും. പ്രതിസന്ധികളിൽ ഇരുവരും ഒരുമിച്ചുനിന്ന് എതിരാളികളുടെ വായടപ്പിച്ചു. കോടിയേരിയുടെ വിയോഗത്തോടെ പാർട്ടി സെക്രട്ടറി സ്ഥാനം ആർക്കായിരിക്കണം എന്ന ചിന്ത ഉയർന്നപ്പോൾ എം.വി. ഗോവിന്ദൻ ചിത്രത്തിലേ ഇല്ലായിരുന്നു. പാർട്ടിയിൽ എം.എ. ബേബിയുടെയും ഇ.പി. ജയരാജന്റെയും ജൂനിയറാണ് ഗോവിന്ദൻ. പാർട്ടിയിലെ ഏകഛത്രാധിപതിയായ പിണറായി വിജയന് അത്ര താൽപര്യവുമില്ലായിരുന്നു. ഇ.പി. ജയരാജനോ, എ. വിജയരാഘവനോ അതുമല്ലെങ്കിൽ എ.കെ. ബാലനോ സെക്രട്ടറിയാകണമെന്ന് പിണറായി ആഗ്രഹിച്ചിരുന്നു. എന്നിട്ടും പല കാരണങ്ങളാൽ ആ പേരുകൾ വെട്ടിപ്പോയി. ഒടുവിൽ കേന്ദ്ര നേതാക്കളുടെ സാന്നിധ്യത്തിൽ സംസ്ഥാന സെക്രട്ടറിയായത് എം.വി. ഗോവിന്ദനും.
പിണറായി വിജയനെ നേരിടാൻ കെൽപുള്ള ഒരു നേതാവും സി.പി.എമ്മിൽ ഇപ്പോൾ ഇല്ലെന്നത് പകൽ പോലെ സത്യമാണ്. എതിർത്തവർക്കുണ്ടായ അനുഭവവും അങ്ങനെയാണ്. അതിനാലാണ് പ്രതികരിക്കാതെ നീറുന്ന മനസ്സുമായി മുതിർന്ന നേതാക്കന്മാർ മൂലക്കിരിക്കുന്നത്. അവരിൽ ഒരു വി.എസ്. അച്യുതാനനന്ദൻ ഇല്ലെന്ന് ഓർക്കേണ്ടതാണ്. അണികളും ജനങ്ങളും ഇഷ്ടപ്പെടുന്ന നേതാക്കളായ കെ.കെ. ശൈലജ, പി. ജയരാജൻ, ജി. സുധാകരൻ, എം.എ. ബേബി തുടങ്ങിയവരെ അടുപ്പിക്കാതെയാണ് പിണറായി മുന്നോട്ട് പോകുന്നത്. ഇഷ്ടമില്ലാത്തവരെ തഴയാൻ ഓരോരോ കാരണങ്ങൾ കണ്ടെത്തുകയും ചെയ്യും. പദവികൾ നൽകാതിരിക്കാൻ പ്രായപരിധി കൊണ്ടുവന്നതും യുവാക്കൾക്ക് അവസരം നൽകലും മുതിർന്ന നേതാക്കളെ ഒഴിവാക്കാനായുള്ള തന്ത്രമാണല്ലോ. സ്വന്തം കാര്യത്തിൽ മാത്രം ഒന്നും ബാധകമാകില്ലെന്ന് മുഖ്യമന്ത്രി തെളിയിച്ചുകൊണ്ടിരിക്കുകയാണ്. കെ.കെ. ശൈലജക്ക് കിട്ടുമായിരുന്നെന്ന് പറയുന്ന മഗ്‌സസെ അവാർഡ് പോലും തട്ടിക്കളഞ്ഞത് ഓർക്കണം. 
കേരള ഭരണ സിരാകേന്ദ്രമായ സെക്രട്ടറിയേറ്റ് ഇന്നൊരു രാവണൻകോട്ടയാണ്. അതിനുള്ളിൽ പൊതുജനങ്ങൾക്ക് കടന്നു ചെല്ലാനേ കഴിയില്ല. ഉള്ളിൽ കയറിപ്പറ്റിയാൽ തന്നെ മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന ഒന്നാം ബ്ലോക്കിലേക്ക് അഡീഷണൽ സെക്രട്ടറിമാരടക്കമുള്ള ഉദ്യോഗസ്ഥർക്കു പോലും പ്രവേശനമില്ല. സെക്രട്ടറിയേറ്റിനുള്ളിൽ ഉദ്യോഗസ്ഥർ കാർ പാർക്ക് ചെയ്യാനും നിബന്ധനകളാണ്. ഫലത്തിൽ സെക്രട്ടറിയേറ്റ് സ്വന്തം കൊട്ടാരം പോലെയാണ് മുഖ്യമന്ത്രി കൈയടക്കിയിരിക്കുന്നത്. ഈ മാതൃക പിൻതുടരുന്ന ഒരു യുവമന്ത്രിയുമുണ്ട്. എപ്പോഴും രാജാവിന്റെ വാഴ്ത്തുകാരനായി നിൽക്കുന്ന പി. രാജീവ്.
ഇങ്ങനെയുള്ള പൂച്ചക്ക് ആര് മണികെട്ടുമെന്നതായിരുന്നു ചോദ്യം. സി.പി.ഐ മന്ത്രിമാരെ നോക്കുകുത്തിയാക്കി അവരുടെ വകുപ്പുകളിൽ പോലും മേധാവിത്വം സ്ഥാപിച്ച മുഖ്യമന്ത്രിയെ ആർക്കും ചോദ്യം ചെയ്യാനാവില്ലല്ലോ. ശിവശങ്കർ എന്ന മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി അഴിഞ്ഞാടിയതും സ്വർണക്കടത്ത് കേസിന്റെ വേരുകൾ സെക്രട്ടറിയേറ്റിലേക്ക് പടർന്നതും കണ്ടിട്ടും അറിഞ്ഞിട്ടും ആരും ചോദിക്കാനില്ലായിരുന്നു. കെ റെയിലിന്റെ പേരിൽ ജനങ്ങളെ വറച്ചട്ടിയിലേക്ക് എടുത്തിട്ടപ്പോഴും പാർട്ടിയിലും മന്ത്രിസഭയിലും മിണ്ടാൻ ആരുമുണ്ടായിരുന്നില്ല. അന്നത്തെ പാർട്ടി സെക്രട്ടറി അതിനെ പിന്തുണച്ചു. അവിടെയാണ് പെൻഷൻ പ്രായം വർധിപ്പിക്കാനുള്ള പുതിയ ഉത്തരവിനെ മരവിപ്പിക്കാനുള്ള എം.വി. ഗോവിന്ദന്റെ നിർദേശം പ്രസക്തമാകുന്നത്. കൂരിരുളിൽ ഒരു ചെറുപ്രകാശമാണത്. 
ലോകായുക്തയെ നിർവീര്യമാക്കിയതും മന്ത്രിസഭ യോഗത്തിൽ ഔട്ട് ഓഫ് അജണ്ടയായി മുഖ്യമന്ത്രി സ്വന്തം താൽപര്യാനുസരണം ഓരോന്നു കൊണ്ടുവന്ന് പാസാക്കിയെടുക്കുന്നതും പാർട്ടിയിൽ ആരുമറിയാറില്ല. പത്രത്തിലൂടെയാവും അവർ അറിയുക. ഇപ്പോഴിതാ ആദ്യമായി അത്തരമൊരു തീരുമാനത്തെ പാർട്ടി സെക്രട്ടറി തടഞ്ഞിരിക്കുന്നു. ഇതുവരെയുള്ള കളി ഇനി വേണ്ടെന്ന് വ്യക്തമായ സന്ദേശമാണ് പിണറായി വിജയന് എം.വി. ഗോവിന്ദൻ നൽകിയിരിക്കുന്നത്. തീരുമാനമെടുത്ത ശേഷം പാർട്ടിയെ അറിയിക്കുന്ന പതിവ് ശൈലി കൈയിൽ വെച്ചിരുന്നാൽ മതിയെന്നാണ് പുതിയ പാർട്ടി സെക്രട്ടറിയുടെ നിലപാട്. നയപരമായ കാര്യങ്ങൾ ആദ്യം പാർട്ടി ചർച്ച ചെയ്യണമെന്നും പാർട്ടി പറയുന്നത് മാത്രം മന്ത്രിസഭ ചെയ്താൽ മതിയെന്നും. 
വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രി ആയിരുന്നപ്പോൾ അദ്ദേഹത്തിന്റെ കൈയും കാലും കെട്ടിയിട്ട സെക്രട്ടറിയായിരുന്നല്ലോ പിണറായി വിജയൻ. ആഭ്യന്തരം, വിജിലൻസ് തുടങ്ങിയ നല്ല വകുപ്പുകൾ നൽകാതെയും പ്രവർത്തന സ്വാതന്ത്ര്യം നിഷേധിച്ചും അദ്ദേഹത്തെ വെള്ളം കുടിപ്പിച്ചു. ഇപ്പോൾ മുഖ്യമന്ത്രിയുടെ കൈവശമുള്ള വകുപ്പുകൾ എത്രയാണ്. ബ്ലാക്ക്കാറ്റ്‌സും ബ്ലാക്ക് കാറുകളും ഇരുപതോളം വാഹന വ്യൂഹവുമായി നടക്കുന്ന മുഖ്യമന്ത്രിയെ ഗോവിന്ദൻ പിടിച്ചുകെട്ടിയിരിക്കുന്നു. ഇത് പാർട്ടിയിൽ വരാനിരിക്കുന്ന ധ്രുവീകരണത്തിന്റെ തുടക്കമാണ്. പാർട്ടി സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായ ഗോവിന്ദൻ ഇപ്പോൾ മുഖ്യമന്ത്രിക്കൊപ്പമാണെന്നും മറക്കരുത്. അങ്ങനെ ഒരു നേതാവ് വന്നാൽ പിന്നിൽ നിൽക്കാൻ നിരവധി 'പീഡിതർ' പാർട്ടിക്കുള്ളിലുണ്ടുതാനും.
ചരിത്രം ആവർത്തിക്കുമെന്ന് ഒരോ കമ്യൂണിസ്റ്റുകാരനും ഓർക്കണം. എം.വി. ഗോവിന്ദൻ പാർട്ടിയിൽ തിരുത്തൽ ശക്തിയായി ഉയർന്നുവരുമെന്ന് ഉറപ്പാണ്. അങ്ങനെയെങ്കിൽ പല മാറ്റങ്ങളും പാർട്ടിയിൽ ഉണ്ടാവും. കെ റെയിലിന്റെ പേരിൽ സ്ത്രീകളെ തെരുവിൽ വസ്ത്രാക്ഷേപം ചെയ്യില്ല. ലോകായുക്തയെ ഇല്ലാതാക്കി അഴിമതിക്ക് നിയമ പരിരക്ഷ നൽകില്ല. സ്വർണക്കടത്തും മക്കളുടെ ബിസിനസ് വളർച്ചക്കുമായി ആരും ശ്രമിക്കില്ല. അതിനെയൊക്കെ ചെറുക്കാൻ എം.വി. ഗോവിന്ദന് കഴിയണം. അതാണ് കേരളം ആഗ്രഹിക്കുന്നത്, പാവം സി.പി.എം അണികൾ കൊതിക്കുന്നതും.

Latest News