295 ഒഴിവുകളുണ്ട്, സഖാക്കളുടെ ലിസ്റ്റ് പോന്നോട്ടെ,  ജില്ലാ സെക്രട്ടറിക്ക് മേയര്‍ ആര്യയുടെ കത്ത്

തിരുവനന്തപുരം-ഇടതുമുന്നണി ഭരിക്കുന്ന തിരുവനന്തപുരം കോര്‍പറേഷനില്‍ 295 താല്‍ക്കാലിക തസ്തികകളിലേക്കു പാര്‍ട്ടിക്കാരെ തിരുകിക്കയറ്റാന്‍ ലിസ്റ്റ് ചോദിച്ച് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനു മേയര്‍ ആര്യ രാജേന്ദ്രന്റെ 'ഔദ്യോഗിക' കത്ത്. മേയറുടെ ഔദ്യോഗിക ലെറ്റര്‍പാഡില്‍ ഈ മാസം ഒന്നിന് അയച്ച കത്ത് ചില പാര്‍ട്ടി നേതാക്കളുടെ വാട്സാപ് ഗ്രൂപ്പുകള്‍ വഴി പരസ്യമായി.
'സഖാവേ' എന്ന് അഭിസംബോധന ചെയ്തുള്ള കത്തില്‍ ഒഴിവുകളുടെ വിശദവിവരം നല്‍കിയശേഷം ഇതിലേക്ക് ഉദ്യോഗാര്‍ഥികളുടെ മുന്‍ഗണനാ പട്ടിക നല്‍കണമെന്ന് 'അഭ്യര്‍ഥിക്കുന്നു'. അപേക്ഷിക്കേണ്ടതെങ്ങനെ, അവസാന തീയതി എന്നിവയും മേയര്‍ ഒപ്പിട്ട കത്തിലുണ്ട്. പ്രധാന തസ്തികകള്‍ മുതല്‍ താല്‍ക്കാലിക ഒഴിവുകളില്‍ വരെ സിപിഎം ഇഷ്ടക്കാരെ കുത്തിനിറയ്ക്കുകയാണെന്ന ആക്ഷേപം സ്ഥിരീകരിക്കുന്നതാണ് കത്ത്.
സിപിഎം ജില്ലാ സെക്രട്ടറി സ്ഥാനത്തേക്കു മത്സരം കടുത്ത സാഹചര്യത്തിലാണ് കത്തു പുറത്തായതെന്നതും ശ്രദ്ധേയമാണ്. കത്ത് ചോര്‍ത്തിയത് ആനാവൂരിനെ എതിര്‍ക്കുന്നവരാണെന്നും, അതല്ല ആര്യ രാജേന്ദ്രനോടു വിരോധമുള്ളവരാണെന്നും പ്രചാരണമുണ്ട്. മേയറുടെ നടപടി സത്യപ്രതിജ്ഞാ ലംഘനമാണെന്ന വിമര്‍ശനവും ഉയര്‍ന്നു. കോര്‍പറേഷനു കീഴിലുള്ള അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലാണ് 295 പേരെ ദിവസവേതനത്തിനു നിയമിക്കുന്നത്.


 

Latest News