Sorry, you need to enable JavaScript to visit this website.

ഫാഗ്യം! ബി.ജെ.പി സർക്കാരിന് അഴീക്കോട്ടെ വീടും സ്ഥലവും, ഇടതു സർക്കാരിന് അരക്കോടി; ഷാജിയെ ട്രോളി കെ.ടി ജലീൽ

ഇഞ്ചിക്കൃഷി നടത്തി ഇങ്ങനെയൊക്കെ കയ്യയഞ്ഞ് സംഭാവന ചെയ്യാനും വേണം ഒരു ഫാഗ്യം!
കോഴിക്കോട് - വീട്ടിൽനിന്ന് വിജിലൻസ് പിടിച്ചെടുത്ത പണം തിരികെ വേണമെന്ന ഹർജി കോടതി തള്ളിയതിന് പിന്നാലെ മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും മുൻ എം.എൽ.എയുമായ കെ.എം ഷാജിയെ ട്രോളി ഡോ. കെ.ടി ജലീൽ എം.എൽ.എ. പ്രളയകാലത്ത് ഒരു നയാപൈസ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കരുതെന്ന് മാലോകരോട് ചങ്കുപൊട്ടിപ്പറഞ്ഞ തന്റെ പഴയ സഹപ്രവർത്തകനായ ഇഞ്ചിക്കൃഷിക്കാരന് അവസാനം കേരളത്തിന്റെ പൊതു ഖജനാവിലേക്ക് മുതൽ കൂട്ടേണ്ടി വന്നത് അരക്കോടിയോളം രൂപയാണെന്ന് ജലീൽ പരിഹസിച്ചു. കേന്ദ്ര സർക്കാരിനെ പിണക്കേണ്ടെന്ന് കരുതി ഇ.ഡിക്ക് അഴീക്കോട്ടെ തന്റെ വീടും സ്ഥലവും നേരത്തെ തന്നെ അദ്ദേഹം സമ്മാനമായി നൽകിയെന്നും ജലീൽ ഫേസ്ബുക്കിൽ കുറിച്ചു. 
പൂർണരൂപം:
എന്റെ പഴയ സുഹൃത്തിന്റെ ഒരു ഫാഗ്യം!!!
നാടും മേടും വീടും മലവെള്ളപ്പാച്ചിലിൽ പകച്ചുനിന്ന കാലം. നദികളും തോടുകളും കായലുകളും കവിഞ്ഞൊഴുകി കരയെ വിഴുങ്ങിയ നാളുകൾ. കുന്നും മലകളും നാട്ടിൻപുറങ്ങളെ മണ്ണും കല്ലുമിട്ട് പുതച്ചുമൂടിയ ദിനങ്ങൾ. തിമിർത്ത് പെയ്യുന്ന മഴയും ആഞ്ഞ് വീശുന്ന കാറ്റും മലയാളികളെ വിറപ്പിച്ച രാപ്പകലുകൾ. ഡാമുകൾ തുറന്ന് വിട്ടപ്പോൾ രൗദ്രഭാവം പൂണ്ടെത്തിയ വെള്ളം മദയാനയെപ്പോലെ ഉറഞ്ഞുതുള്ളിയ ദിനരാത്രങ്ങൾ. ലോകം മുഴുവൻ കേരളത്തിനുമേൽ സഹായ ഹസ്തം നീട്ടി താങ്ങായി നിന്ന പ്രതിസന്ധി ഘട്ടം.
 പതിറ്റാണ്ടുകളുടെ നേട്ടങ്ങൾ ആർത്തലച്ചെത്തിയ വെള്ളം തകർത്തെറിഞ്ഞ ശപിക്കപ്പെട്ട നിമിഷങ്ങൾ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈക്കുഞ്ഞ് മുതൽ നൂറു വയസ്സ് പിന്നിട്ടവർ വരെ ദേശഭാഷ വ്യത്യാസമില്ലാതെ കഴിവിനപ്പുറം നൽകി സാമൂഹ്യ ബാദ്ധ്യത നിർവ്വഹിച്ച ചരിത്ര മുഹൂർത്തം.
 അന്ന് ഒരു നയാപൈസ മുഖ്യന്റെ ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കരുതെന്ന് മാലോകരോട് ചങ്കുപൊട്ടിപ്പറഞ്ഞ എന്റെ പഴയ സഹപ്രവർത്തകന് അവസാനം കേരളത്തിന്റെ പൊതു ഖജനാവിലേക്ക് മുതൽകൂട്ടേണ്ടി വന്നത് അരക്കോടിയോളം രൂപ!!! കേന്ദ്ര സർക്കാരിനെ പിണക്കേണ്ടെന്ന് കരുതി ഇ.ഡിക്ക് അഴീക്കോട്ടെ തന്റെ വീടും സ്ഥലവും നേരത്തെ തന്നെ അദ്ദേഹം 'ഹദിയ' (സമ്മാനം) നൽകിയിരുന്നു!!!
 ബി.ജെ.പി സർക്കാരിന്: അഴീക്കോട്ടെ വീടും സ്ഥലവും ഇടതു സർക്കാരിന്: അരക്കോടി. ഇഞ്ചിക്കൃഷി നടത്തി ഇങ്ങിനെയൊക്കെ കയ്യയഞ്ഞ് സംഭാവന ചെയ്യാനും വേണം ഒരു ഫാഗ്യം!!! (വാൽക്കഷ്ണം: സമ്പന്നരായി ജനിച്ച് ദരിദ്രരായി മരിച്ച മഹാൻമാരായ ലീഗിന്റെ മൺമറഞ്ഞ നേതാക്കളുടെ സംശുദ്ധ ജീവിതം അണികൾക്ക് ക്ലാസ്സ് എടുക്കുന്നതിന് മുമ്പ് ആ മഹത്തുക്കളുടെ പേരുകൾ ഉച്ഛരിക്കാനുള്ള യോഗ്യതയെങ്കിലും ബന്ധപ്പെട്ടവർ നേടാൻ ശ്രമിക്കുന്നത് നന്നാകും)'.

Latest News